പിച്ചക്കാരൻ ധനികയാക്കിയ സാത്‌ന

0
Satna Titus

കോളിവുഡില്‍ ഓരോ നടനും തനതായ ഇടവും പ്രേക്ഷകരും ഉണ്ട്. സൂപ്പര്‍ താരങ്ങളെ മാറ്റിനിര്‍ത്തിയാല്‍, ഇത്തരം ചെറിയ കൂട്ടം ആരാധകരെക്കൊണ്ട് നിലനില്‍ക്കുന്ന ചെറുകിട നടന്മാര്‍ ഏറെയാണ്. അതിലൊരാളാണ് വിജയ് ആന്റണി. കഥ, തിരക്കഥ, സംഗീതം, നിര്‍മ്മാണം, വിതരണം അങ്ങനെ എല്ലാത്തിലും തലയിടുന്ന അദ്ദേഹം നായകനായി അഭിനയിച്ചു കളയുകയും ചെയ്യും. താന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ താന്‍ തന്നെ നായകനാകരുതെന്ന് നിയമമൊന്നും ഇല്ലല്ലോ. എങ്കിലും വിജയ് ആന്റണി ഒരുക്കുന്ന ചിത്രങ്ങളില്‍ നായികമാര്‍ പുതുമുങ്ങളാകുകയാണ് പതിവ്. പക്ഷേ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്ന ഒറ്റച്ചിത്രം കൊണ്ട് ആ നായികയും കത്തിത്തീരുമെന്നാണ് കോളിവുഡിലെ ഒരു ‘പഴമൊഴി’. രൂപാ മഞ്ജരി, സുഷമാ രാജ്, അക്ഷ ഇങ്ങനെ നീളുന്നു ഈ നായികമാരുടെ പട്ടിക.
ഈ പട്ടികയിലേക്കാണ് പിച്ചക്കാരന്‍ എന്ന ചിത്രത്തിലൂടെ സാത്‌നാ ടൈറ്റസ് എന്ന കൊച്ചിക്കാരിയുടെ അരങ്ങേറ്റം. ഇദ്ദേഹത്തിന്റെ സലിം എന്ന ചിത്രത്തിലേക്ക് ആദ്യം തെരഞ്ഞെടുത്തുവെങ്കിലും എന്തോ ‘സാങ്കേതിക കാരണങ്ങളാല്‍’ ആ റോള്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖം കടിച്ചമര്‍ത്തി ഒരു വര്‍ഷമായി തള്ളിനീക്കിക്കൊണ്ടിരിക്കുമ്പോഴാണ് പിച്ചക്കാരനിലെ ഓഫര്‍ വന്നതെന്ന് പറയുന്നു സാത്‌ന. “സിനമിയിലേക്ക് ക്ഷണം കിട്ടിയെങ്കിലും ചിത്രത്തിന്റെ പേര് പുറത്തു പറയാന്‍ പറ്റാത്തതിനാല്‍, ചിത്രത്തിന് പേരിട്ടിട്ടില്ലെന്ന് കൂട്ടുകാരോട് പറഞ്ഞ് ഞാന്‍ സമാധാനിച്ചു. പക്ഷേ ചിത്രം പുറത്തിറങ്ങി ഹിറ്റായതോടെ പിച്ചക്കാരന്‍ എന്ന പേര് ഞാന്‍ ധൈര്യമായിത്തന്നെ പറയാന്‍ ആരംഭിച്ചു,’’ സാത്‌ന പറയുന്നു.
ഈ ചിത്രം തെലുങ്കിലും ഹിറ്റ് ആയതോടെ വിജയ് ആന്റണി ചിത്രത്തില്‍ അഭിനയിച്ചാല്‍ കോളിവുഡില്‍ ഗതികിട്ടാതെ അലയേണ്ടി വരുമെന്ന ചരിത്രം മാറ്റിക്കുറിക്കുകയാണ് സാത്‌ന. ടോളിവുഡിനു പുറമേ കോളിവുഡില്‍ തന്നെ മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. “പിച്ചക്കാരന്‍ തെലുങ്കിലും തമിഴിലും ഹിറ്റായതോടെ എന്നെ തേടി വരുന്ന കഥാപാത്രങ്ങള്‍ ടൈപ്പ് ആകാതിരിക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്. പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതാകണം എന്റെ കഥാപാത്രം എന്ന് ഞാന്‍ തീരുമാനിച്ചു. സാത്‌ന ആ കഥാപാത്രം നന്നായി അവതരിപ്പിച്ചുവെന്ന് പ്രേക്ഷകര്‍ പറയുകയും വേണം. അതാണ് ശരിക്കും ഉള്ള വിജയം,’’ സാത്‌ന പറയുന്നു.
“തിട്ടം പോട്ട് തിരുടുറ കൂട്ടം എന്ന ചിത്രത്തില്‍ പുതുമയുള്ളതാണ് എന്റെ കഥാപാത്രം. ആദ്യമായാണ് ഇത്തരമൊരു കഥാപാത്രം ചെയ്യുന്നത് എന്നതിനാല്‍ അല്‍പം ഹോംവര്‍ക്കൊക്കെ വേണ്ടിവന്നു. അതായത് ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ നടത്തം, വസ്ത്രധാരണം, ധൈര്യം, ശരീരഭാഷ എന്നിവയെല്ലാം പുതുമയോടെയാണ് ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്,” സാത്‌ന പറയുന്നു. ഇനി എല്ലാം പ്രേക്ഷകരുടെ കൈയില്‍!