1000 രൂപയ്ക്കു വിമാനയാത്ര: എയര്‍ ഏഷ്യ- ടാറ്റാ വിമാനക്കമ്പനിയുടെ ലക്ഷ്യം

0

ന്യൂഡല്‍ഹി :ടാറ്റയുമൊത്തു വിമാന സര്‍വീസ് ആരംഭിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ അനുമതി ലഭിച്ച എയര്‍ ഏഷ്യ ലക്ഷ്യം വയ്ക്കുന്നതു ചെറു പട്ടണങ്ങള്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ നഗരങ്ങള്‍. പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും വിമാന യാത്രക്കാരെ ആകര്‍ഷിക്കാനും സാധിക്കുമെന്ന അനുമാനത്തെത്തുടര്‍ന്നാണിത്. ചെറു പട്ടണങ്ങളില്‍ നിന്ന് യാത്രക്കാരെ ചെന്നൈയില്‍ എത്തിച്ചു അവിടെ നിന്ന് സിംഗപ്പൂര്‍ ,മലേഷ്യ ,തായ്‌ലാന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് കമ്പനിയുടെ ആദ്യലക്ഷ്യം .

 
ഇതിന്‍റെ ഭാഗമായി മുംബൈ- ഡല്‍ഹി റൂട്ടില്‍ സര്‍വീസ് ഒഴിവാക്കാനും സാധ്യത. പകരം ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ജയ്പുര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.ഇന്ത്യയിലെ മുന്‍നിര വിമാനക്കമ്പനികളെല്ലാം മുംബൈ- ഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനാല്‍ പുതിയ കമ്പനിക്ക് ഇവിടെ കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. മാത്രമല്ല മറ്റ് എയര്‍പോര്‍ട്ടില്‍ ഈടാക്കുന്നതിനെക്കാള്‍ 25 ശതമാനത്തോളം നികുതി അധികം നല്‍കണം. മുംബൈ- ഡല്‍ഹി ഒഴികെയുള്ള നഗരങ്ങളില്‍ സ്വാധീനം ഉറപ്പാക്കുകയെന്നതാണ് എയര്‍ ഏഷ്യയുടെ ലക്ഷ്യം. ഇന്ധനവിലയുടെ പേരില്‍ നിരവധി വിമാനക്കമ്പനികള്‍ അധിക യാത്രാനിരക്ക് ഈടാക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ എയര്‍ ഏഷ്യ- ടാറ്റാ വിമാനക്കമ്പനിയുടെ നിരക്ക് ആകര്‍ഷണീയമാവും. ഇതില്‍ പ്രതീക്ഷയുണ്ട് കമ്പനിക്ക്.