ദക്ഷിണേഷ്യക്കാര്‍ സിംഗപ്പൂരിനെ കലാപഭൂമിയാക്കി ;സമാധാനം പുനസ്ഥാപിച്ചു

0
ലിറ്റില്‍ ഇന്ത്യ : രേഴ്സ് കോഴ്സ് റോഡില്‍ നടന്ന കലാപത്തിന്‍റെ വാര്‍ത്ത‍  സിംഗപ്പൂര്‍ ജനത ഞെട്ടലോടെയാണ് മാധ്യമങ്ങളിലൂടെ ശ്രവിച്ചത് .പല രാജ്യങ്ങളിലും നിത്യസംഭവമായ കലാപപൂരിതമായ അവസ്ഥയ്ക്ക് നേരിട്ട്സാ ക്ഷ്യം വഹിക്കുകയിരുന്നു സിംഗപ്പൂര്‍ എന്ന സമാധാനപൂര്‍ണ്ണമായ രാജ്യം .കര്‍ശനമായ നിയമങ്ങള്‍ കൊണ്ട് ലോകരാജ്യങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട സിംഗപ്പൂരില്‍ 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലൊരു കലാപം പൊട്ടിപ്പുറപ്പെടുന്നത് .
 
ഞായറാഴ്ച രാത്രി 9.23-നു ലിറ്റില്‍ ഇന്ത്യയില്‍ നടന്ന അപകടമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് .സിംഗപ്പൂര്‍ സ്വദേശി ഓടിച്ച ബസിടിച്ചു ഇന്ത്യക്കാരനായ 33 വയസ്സുകാരന്‍ കൊല്ലപ്പെടുകയായിരുന്നു.അവധിദിവസമായ ഞായറാഴ്ച അനേകം ദക്ഷിണേഷ്യക്കാര്‍ ലിറ്റില്‍ ഇന്ത്യയില്‍ കൂടിയിരുന്നു .അപകടം നടന്നയുടനെ കൂടിയിരുന്ന ആളുകള്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു .അറിയിപ്പ് ലഭിച്ചയുടനെ ആംബുലന്‍സ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടയാളെ ബസിനടിയില്‍ നിന്ന്  പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ്ടും ആക്രമണം ഉണ്ടാവുകയും കൂടുതല്‍ ആളുകള്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയും ചെയ്തു .ട്രാഫിക്ക് പോലീസിന്‍റെ കാറുകളും സംഭവസ്ഥലത്തെത്തി അന്തരീക്ഷം സമാധാനപൂര്‍ണ്ണമാക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയിരുന്നു .
 
ഉദ്ദേശം 400 പേരോളും വരുന്നയാളുകള്‍ ആംബുലന്‍സ് ,പോലിസ് കാറുകള്‍ക്ക് നേരെ മദ്യക്കുപ്പികള്‍ ,ഗാര്‍ബെജ് ബിന്നുകള്‍ എന്നിവ എറിയാന്‍ തുടങ്ങിയതോടെ പോലിസ് നിസ്സഹായരായി മാറി .ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിംഗപ്പൂര്‍ പോലിസ് ഫോഴ്സ് അറിയിച്ചു .പോലിസ് വാഹനങ്ങള്‍ മരിച്ചിട്ട ശേഷം റോഡിലിട്ടു കത്തിച്ചു .ചില സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു .അശ്ലീല ചുവയുള്ള വാക്കുകള്‍ കൊണ്ട് പോലിസിനെ ചീത്ത വിളിച്ചതായും സ്ഥലത്തെ കടയുടമകള്‍ പറഞ്ഞു .
 
ഉടന്‍ തന്നെ 300- ഓളം പോലിസ് സംഭവസ്ഥലത്തെത്തുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു ,ഏകദേശം 27 പേരെ ഇതിനോടകം അറസ്റ്റു ചെയ്തു കഴിഞ്ഞു .അറസ്റ്റു ചെയ്യപ്പെട്ടവരില്‍ 2 ഇന്ത്യക്കാരും ,2 ബംഗ്ലാദേശികളും ,ഒരു സിംഗപ്പൂര്‍ പി.ആറും ഉള്‍പ്പെടുന്നു .ഇന്ത്യ,ബംഗ്ലാദേശ് എംബസ്സികള്‍ ജനങ്ങളോട് സമചിത്തത പാലിക്കാന്‍ ആവശ്യപ്പെടുകയും സിംഗപ്പൂരിനു വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട് .
 
ഇതു 'സിംഗപ്പൂര്‍ രീതി' അല്ലെന്ന്  പോലിസ് കമ്മീഷണര്‍ പറഞ്ഞു .ഇത്തരത്തിലൊരു നടപടി അന്ഗീകരിക്കനാവില്ലെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു .ട്രാന്‍സ്പോര്‍ട്ട് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും മദ്യം പ്രശ്നം  വഷളാക്കുന്നതിന് സഹായിച്ചു എന്നും  അഭിപ്രായപ്പെട്ടു .മദ്യത്തിനു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.
 
ലിറ്റില്‍ ഇന്ത്യയില്‍ ഞായറാഴ്ച കൂട്ടം കൂടിയുള്ള മദ്യപാനത്തെ പറ്റി മുന്‍പും ചര്‍ച്ചകള്‍ നടന്നിരുന്നു .അശ്രദ്ധമായി റോഡുകള്‍ മുറിച്ചു കടക്കുന്നത്‌ വന്‍തോതില്‍ ട്രാഫിക് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരുന്നു .സ്ഥലപരിമിതി മൂലം കൂടുതല്‍ റോഡുകള്‍ നിര്‍മ്മിച്ച്‌ തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാരിനു സാധിച്ചിരുന്നില്ല.ഇന്ത്യ ,പാക്കിസ്ഥാന്‍ ,ബംഗ്ലാദേശ് ,ശ്രീലങ്ക ,നേപ്പാള്‍ എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യക്കാര്‍ വാരാന്ത്യത്തില്‍ ലിറ്റില്‍ ഇന്ത്യയില്‍ കൂട്ടമായി കൂടിവരുന്നത് സാമൂഹ്യപ്രശ്നങ്ങള്‍ക്കു വഴി വെക്കുമെന്ന് മുന്‍പും പ്രചാരണമുണ്ടായിരുന്നു . 
 
കുറഞ്ഞ വേദനം ,കൂടുതല്‍സമയം ജോലി,വിസാനിയന്ത്രണങ്ങള്‍,താമസപ്രശ്നങ്ങള്‍  ,എന്നിവയിലുള്ള അസഹിഷ്ണുത കൂടെയാണ് ഇത്തരത്തിലുള്ള നിര്‍മ്മാണമേഖലയിലെ ജോലിക്കാരില്‍ നിന്ന് പുറത്തു വന്നതെന്ന് സിംഗപ്പൂര്‍ ജനത  പറയുന്നു .ഈ സംഭവം കൊണ്ട് സിംഗപ്പൂരില്‍ വംശീയത വളരാന്‍ ഇടയാകരുതെന്നും അത്തരത്തിലുള്ള കമന്‍റുകള്‍ ഒഴിവാക്കണമെന്നും സിംഗപ്പൂര്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ അറിയിക്കുന്നുണ്ട് .സിംഗപ്പൂരിന്‍റെ സമാധാനപൂര്‍ണ്ണമായ പ്രയാണത്തിന്  എല്ലാ വംശക്കാരുടെയും കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ജനങ്ങളെ ഉത്ബോധിപ്പിക്കുവാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ .