സിംഗപ്പൂര്‍ കാഴ്ചകള്‍ (ഭാഗം 3): ജുറോങ് ബേര്‍ഡ് പാര്‍ക്ക് – പക്ഷികളുടെ സ്വര്‍ഗ്ഗം

0
Photos: Suhas

എവിടെ നോക്കിയാലും മാനം മുട്ടും കെട്ടിടങ്ങള്‍, ട്രെയിനുകള്‍, നിരത്തുകളില്‍ നിറയെ വാഹനങ്ങള്‍, മൊബൈലില്‍ കണ്ണും നട്ടു നടക്കുന്ന കുറെ മനുഷ്യരും. പേരിനു കുറച്ചു മൈനകളും, പ്രാവുകളുമല്ലാതെ മറ്റു നാടുകളിലെ പോലെ കലപില ശബ്ദങ്ങള്‍ കൂട്ടി പറന്നു നടക്കുന്ന പക്ഷികളെ എവിടെയും കാണാന്‍ കഴിയില്ല സിംഗപൂരില്‍. രാജ്യം ഹരിത മനോഹരമായിരിക്കണമെന്നതും, അതേ സമയം വളരെ വൃത്തിയുള്ളത് ആയിരിക്കണമെന്നതും  സിംഗപൂരിന്റെ എല്ലാമെല്ലാമായിരുന്ന പ്രധാന മന്ത്രി ലീ ക്വാന്‍യുടെ പ്രധാന നിര്‍ദ്ദേശവും, നിര്‍ബന്ധവുമായിരുന്നു. അതുകൊണ്ട് തന്നെയാവാം അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെയോ, പറന്നു നടക്കുന്ന പറവകളെയോ അധികം കാണാനാകില്ല ഇവിടെ.

എങ്കിലും ഇവിടെയുണ്ട് നാനൂറോളം തരത്തില്‍പ്പെടുന്ന 5000 ത്തോളം പക്ഷികള്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതങ്ങളില്‍ ഒന്ന്. അവയുടെ കിളി കൊഞ്ചല്‍ കേള്‍ക്കാന്‍, കുറുമ്പുകള്‍ ആസ്വദിക്കാന്‍ പോകാം സിംഗപൂര്‍ വൈല്‍ഡ് ലൈഫ് റിസര്‍വ്സിന്റെ നടത്തിപ്പില്‍, 50 ഏക്കര്‍ വിസ്തൃതിയില്‍ ജുറോങ്ങിലെ പടിഞ്ഞാറന്‍ കുന്നിന്‍ ചെരിവിലുള്ള മനോഹരമായ ജുറോങ് ബേര്‍ഡ് പാര്‍ക്കിലേക്ക്. 1971 ലാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായ് തുറന്നു കൊടുത്തത്.

ജലാശയത്തിലും, കരയിലും നിറയെ, വളരെ നേര്‍ത്ത കാലുകള്‍ ഉള്ള, കളിച്ചു കൊണ്ടിരിക്കുന്ന അനേകം ഫ്ലമിന്‍ഗോ പക്ഷികള്‍, ഇതായിരിക്കും ബേര്‍ഡ് പാര്‍ക്കില്‍ എത്തുന്നവരെ ആദ്യം വരവേല്‍ക്കുന്നത്. ചുറ്റിലും നിന്നും ഫോട്ടോ എടുക്കുന്നവരെയൊന്നും ഗൌനിക്കാതെ ഏതോ ലോകത്തിലെന്നപോലെ മുഴുകി നില്ക്കുകയാണ് എല്ലാവരും. ആ നില്പ് കാണാന്‍ പ്രത്യേക ചന്തമാണ്. നീണ്ട കഴുത്തും ഉയര്‍ത്തിപ്പിടിച്ചു രാജ പ്രൌഡിയോടെ നില്‍ക്കുന്ന രാജ ഹംസങ്ങള്‍. പിംക് കലര്‍ന്ന ഓറഞ്ച് നിറമാണ് ഫ്ലമിന്‍ഗോ പക്ഷികള്‍ക്ക്. ഇവ കഴിക്കുന്ന ആല്‍ഗകള്‍ ആണ് ഇത്തരം നിറം നല്കുന്നത്. ഇവ വെള്ള നിറത്തിലും, ചാര നിറത്തിലും, നീല നിറത്തിലും കാണപ്പെടുന്നു. ചെമ്മീന്‍, ഞണ്ട്, ജലാശയത്തില്‍ ഒഴുകി നടക്കുന്ന ജീവ ജാലങ്ങള്‍ ഒക്കെ ആണ് ഇതിന്റെ പ്രിയ ഭക്ഷണം. അമേരിക്കയിലും, ആഫ്രിക്കയിലും കൂടുതലായി കാണപ്പെടുന്ന ഇവ ഏഷ്യയിലും, യൂറോപ്പിലും ചില ഭാഗങ്ങളില്‍ കാണപ്പെടുന്നു. ഫ്ലമിന്‍ഗോ പക്ഷികള്‍ ആറു തരത്തിലാണ് ഉള്ളത്. ഗ്രേറ്റര്‍ ഫ്ലമിന്‍ഗോ , ലെസ്സര്‍ ഫ്ലമിന്‍ഗോ, ചിലിയന്‍ ഫ്ലമിന്‍ഗോ, ജെയിംസ് ഫ്ലമിന്‍ഗോ, ആന്‍ഡിയന്‍ ഫ്ലമിന്‍ഗോ, അമേരിക്കന്‍ ഫ്ലമിന്‍ഗോ. കായല്‍ക്കരയിലും, തടാകക്കരയിലും കൂട്ടമായാണ് ഇവ വസിക്കുന്നത്. അന്‍പതോ അതിനു മുകളിലോ ആയുസ്സുണ്ട് ഫ്ലമിന്‍ഗോ പക്ഷികള്‍ക്ക്. കുഞ്ഞു ഫ്ലമിന്‍ഗോകളെ വര വേല്‍ക്കാന്‍ ഇവ മണ്ണ് കൊണ്ടും, കല്ല് കൊണ്ടും, തൂവലുകള്‍ കൊണ്ടും കൂട് നിര്‍മ്മിക്കുന്നു. ഫ്ലമിന്‍ഗോ പക്ഷികളുടെ വളരെ പതുക്കയുള്ള ഓരോ ചലനങ്ങളും, കളികളും സഞ്ചാരികള്‍ക്ക് കൗതുകം തോന്നിക്കുന്ന നല്ലൊരു കാഴ്ചയാണ്.

ഫ്ലമിന്‍ഗോകള്‍ക്കരികില്‍ തന്നെ നല്ലൊരു ചിത്രകാരന്‍ പല നിറങ്ങള്‍ കൊടുത്തു വരച്ച മനോഹരമായ ചിത്രം പോലെ, പല വര്‍ണ്ണങ്ങളിലുള്ള തത്തകളുടെ കൂട്ടം, മകാവോ ബെര്‍ഡുകള്‍. കണ്ണെടുക്കാന്‍ തോന്നില്ല തത്തകളുടെ ഭംഗിയില്‍ നിന്ന്. വളരെ ശാന്തനായി ഇരിക്കുന്ന ഇതിന്റെ ശബ്ദം  പ്രത്യേകത ഉള്ളതാണ്. അതിനാല്‍ തന്നെ ഇതിനെ ശ്രദ്ധിക്കാതെ പോകാന്‍ കഴിയില്ല…

ആര്‍ക്കും. ഇവയുടെ ഏഴ് തരം ബേര്‍ഡ് പാര്‍ക്കില്‍ ഉണ്ട്. കടും ചുകപ്പു നിറത്തില്‍ തൂവലുകള്‍ ഉള്ള  സ്കാര്‍ലെറ്റ് മകാവോ, ഗ്രീന്‍ വിംഗ്ഡ്, ബ്ലൂ ആന്‍ഡ് ഗോള്‍ഡ് തുടങ്ങിയവ. ആംഫി തിയേറ്ററില്‍ നടക്കുന്ന ഷോയില്‍ വളയങ്ങളിലൂടെ നീണ്ട വാലും, ഭംഗിയേറിയ വലിയ ചിറകും വിരിച്ചു ഇവ പറന്നു നടക്കുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ് .

ഇവിടെയുള്ള മറ്റൊരു പ്രധാന ആകര്‍ഷണമാണ് വലിയൊരു കപ്പലിന്റെ മാതൃകയില്‍ ഉള്ള കെട്ടിടത്തിലെ പെന്‍ഗ്വിന്‍ കോസ്റ്റ്. ശീതീകരിച്ച ചില്ലു കൂടിനുള്ളില്‍ പെന്‍ഗ്വിനുകളുടെ കളികളും, അവ മത്സരിച്ചു ഭക്ഷണം കഴിക്കുന്നതുമൊക്കെ കാണാന്‍ വളരെ കൗതുകം തോന്നുന്ന കാഴ്ചയാണ്.

ബേര്‍ഡ് പാര്‍ക്കില്‍ പക്ഷികളുടെ പല ഷോകളും ഉണ്ടാകാറുണ്ട് എന്നും. പൂള്‍ ആംഫി തിയേറ്ററില്‍ നടക്കുന്ന 'ഹൈ ഫ്ലയേര്‍സ് ഷോ', 'ലഞ്ച് വിത്ത് പാരറ്റ്', 'കിംഗ് ഓഫ് സ്കൈസ്' ഇവയാണ് പ്രധാനം.

കഴിഞ്ഞില്ല ഇനിയുമുണ്ട് കാഴ്ചകള്‍. ഒന്‍പതു നില ഉയരത്തില്‍ നിന്നും മനോഹരമായ പച്ചപ്പും, കിളികളുടെ സ്വതന്ത്ര വിഹാരവും അടുത്താസ്വദിക്കാനൊരിടമാണ് ലോറി ലോഫ്റ്റ്. ഇവിടെ നിന്ന് നമുക്ക് തന്നെ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയും. അതുപോലെ അരയന്നങ്ങള്‍ നീന്തി തുടിക്കുന്ന 'സ്വാന്‍ ലേക്ക്', അപൂര്‍വയിനം പക്ഷികളുള്ള  'റോയല്‍ റാമ്പിള്‍', 'പെലിക്കന്‍ കോവ്, തുടങ്ങി നിരവധി കാഴ്ചകളാണ് മുന്നോട്ടു പോകും തോറും നമ്മെ കാത്തിരിക്കുന്നത്. പല വര്‍ണ്ണങ്ങളിലും, ആകാരത്തിലുമുള്ള വിവിധയിനം പക്ഷികള്‍, തത്തകള്‍, മയിലുകള്‍, വേഴാമ്പല്‍, പ്രാവുകള്‍, പരുന്ത്, ഒട്ടകപക്ഷികള്‍, കൊക്കുകള്‍, സ്പൂണ്  ബില്‍, മൂങ്ങകള്‍, തുടങ്ങി അറിയുന്നതും, അറിയാത്തതുമായ ഒട്ടേറെ പക്ഷികളെ അടുത്ത് കാണാം. അവയ്ക്കായ് തീര്‍ത്ത പൊയ്കകളും, വെള്ളച്ചാട്ടവും കാണാം. ബേര്‍ഡ് പാര്‍ക്കിനു അരികില്‍ തന്നെയാണ് പക്ഷികളുടെ ബ്രീഡിംഗ് ആന്‍ഡ് റിസര്‍ച് സെന്റര്‍.

ഇനി വേണമെങ്കില്‍ ബേര്‍ഡ് പാര്‍ക്കിനുള്ളിലെ നിരവധി കഫേ, റസ്റ്റൊറന്ററുകളില്‍ ഒന്നിലിരുന്നു ഭക്ഷണം കഴിച്ചാകാം യാത്ര. കുട്ടികള്‍ക്ക് കളിക്കാനായ് ബേര്‍ഡ് പാര്‍ക്കിനുള്ളില്‍ തന്നെ പ്രത്യേകം തീര്‍ത്ത ബേര്‍ഡ് തീം ആയ വാട്ടര്‍ പ്ലേ ഗ്രൗണ്ട് ഉണ്ട്.

ബേര്‍ഡ് പാര്‍ക്കിലെ കുന്നുകളില്‍ സഞ്ചാരം എളുപ്പമാക്കാന്‍ നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന ട്രാമുകള്‍ ഉണ്ട്. ഇതില്‍ കയറി അതാതു സ്റ്റേഷനുകളില്‍ ഇറങ്ങി കാഴ്ചകള്‍ കാണാവുന്നതാണ്. എട്ടര മുതല്‍ മുതല്‍ വൈകീട്ട് ആറു വരെ ബേര്‍ഡ് പാര്‍ക്ക് സഞ്ചാരികള്‍ക്കായ് തുറന്നു കൊടുക്കുന്നു.

സിംഗപ്പൂര്‍ കാഴ്ചകള്‍ (ഭാഗം1)
സിംഗപ്പൂര്‍ കാഴ്ചകള്‍ (ഭാഗം2)