ചൈനയില്‍ ‘ജി മെയില്‍’ ഉപയോഗം നിരോധിച്ചു

0

ബീജിങ്ങ്: ചൈനയില്‍ ‘ജി മെയില്‍’ ഉപയോഗം നിരോധിച്ചു എന്ന് റിപ്പോര്‍ട്ട്.. കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് ചൈനയില്‍ ‘ജി മെയില്‍’ ഉപയോഗം തടസ്സപ്പെട്ടത്. വളരെ പെട്ടെന്ന് താണ ഓണ്‍ലൈന്‍- ‘ജി മെയില്‍’ ഉപയോഗം ശനിയാഴ്ചയോടെ തീരെ ഇല്ലാതായി എന്ന് തന്നെ പറയാം. എങ്കിലും തിങ്കളാഴ്ച ചിലരൊക്കെ ഉപയോഗിച്ചതായും ‘ഗൂഗിള്‍ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട്’ കാണിക്കുന്നു.

പലരും ‘ജി മെയില്‍’ വഴിയായിരുന്നു സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. ഈ നിരോധനം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുകയാണ്. യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നവര്‍ക്കും, വിദേശ കമ്പനികള്‍ക്കും, മറ്റു നാടുമായി ബിസിനസ്, ജോലി ഇവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുമൊന്നും ‘ജി മെയില്‍’ ഉപയോഗിക്കാന്‍ കഴിയാത്ത  സ്ഥിതിയാണിപ്പോള്‍. ‘ജി മെയില്‍’ കൂടാതെ ഫേസ്ബുക്കും, നിരവധി വിദേശ സൈറ്റുകളും ഇതിനു മുന്‍പ് നിരോധിച്ചിട്ടുണ്ട്

ചൈനയില്‍ യുവാക്കളുടെ ഇടയില്‍ പ്രിയങ്കരമാണ് ഗൂഗിള്‍ പ്രൊഡക്റ്റുകള്‍. ജി മെയില്‍ സന്ദേശങ്ങളില്‍ ഗവണ്മെന്‍റ് ഇടപെടുന്നതോ, നിരീക്ഷിക്കുന്നതോ ഇവര്‍ക്ക് ഇഷ്ടവുമല്ലായിരുന്നു. ഈ നിരോധനം ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. എങ്കിലും ചിലര്‍ വെര്‍ച്യല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് വഴി ‘ജി മെയില്‍’ ഉപയോഗിക്കുന്നതായാണ് അറിവ്.

ഗൂഗിള്‍, 'ഇമെയില്‍' സംവിധാനം പരിശോധിച്ചെന്നും തങ്ങളുടെ ഭാഗത്ത് സാങ്കേതിക പരമായ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നുമാണ് ഗൂഗിള്‍ ഏഷ്യ പസഫിക് വക്താവ്  താജ് മെഡോസ് പറഞ്ഞത്.

ചൈന ഗവണ്മെന്‍റ്, ചൈനയിലെ ‘ജി മെയില്‍‘ ഉപയോഗം തടയാന്‍ ഗൂഗിള്‍ സര്‍വീസ് ലഭ്യമാകുന്ന 'ഗൂഗിള്‍ ഐ പി അഡ്രസ്' ഹോങ്കോങ്ങില്‍ ബ്ലോക്ക് ചെയ്തതായി ടെസ്റ്റുകള്‍ സൂചിപ്പിക്കുന്നതായി ‘യു എസ്’ അടിസ്ഥാനമാക്കിയുള്ള  ഇന്‍റര്‍നെറ്റ് അനാലിസിസ് കമ്പനി ‘ഡയണ്‍  റിസേര്‍ച്ചി’ ലെ ഡാറ്റ അനലിറ്റിക്സ് വൈസ് പ്രസിഡണ്ട് ഏറല്‍ സ്മി ജെവ്സ്കി പറഞ്ഞു. നിരോധന കാരണം അന്വേഷിച്ചുള്ള ഫോണ്‍കോളുകള്‍ക്കൊന്നും  മറുപടിയും ലഭിച്ചില്ല.

“ബ്ലോക്കിനെ കുറിച്ച് അറിവൊന്നും ലഭിച്ചിട്ടില്ല മാത്രമല്ല, നിയമപരമായി വിദേശ നിക്ഷേപകര്‍ ബിസിനസ് നടത്തുന്നതിനെ എപ്പോഴും രാജ്യം സ്വാഗതം ചെയ്തിട്ടേയുള്ളൂ” എന്നുമാണ് വിദേശ മന്ത്രിസഭ പ്രതിനിധി ഹുവ ചുനീങ്ങ്  ‘യു എസ്’ കന്പനി സര്‍വീസ് നിര്‍ത്തലാക്കിയതിനെക്കുറിച്ച്  പറഞ്ഞത്.

2009 ല്‍ ചൈനയില്‍, ഗൂഗിള്‍ സര്‍വീസ് വഴി കന്പനികളുടെ പ്രവര്‍ത്തന കോഡുകളെയും ‘ജി മെയില്‍’ അക്കൗണ്ട്കളെയും ഹാക്ക് ചെയ്യുന്നത് അറിഞ്ഞു  ചില സൈറ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. ക്രമേണ ഗൂഗിള്‍ പ്രൊഡക്റ്റുകള്‍ ഓരോന്നായി ഒഴിവാക്കാനും, സ്വദേശീയ സര്‍വീസുകള്‍ ഉപയോഗിക്കാനും ഗവണ്മെന്‍റ് ജനങ്ങളെ നിര്‍ബന്ധിക്കുകയാണ്.
 
രാജ്യത്തിന്‍റെ സുരക്ഷ സംബന്ധമായ കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ട് വരാനാണ് ചൈന ഗവണ്മെന്‍റ് ഇപ്പോള്‍ ഇങ്ങിനെ ചെയ്തത് എന്നാണ് സൂചിപ്പിക്കുന്നത്. ഗവണ്മെന്റിന്‍റെ സുരക്ഷ നയങ്ങളോട് എതിര്‍പ്പില്ലെങ്കിലും ഈ നിരോധനത്തെ ജനങ്ങള്‍ എങ്ങിനെ തരണം ചെയ്യുമെന്നു കാണേണ്ടിയിരിക്കുന്നു.