“ഈ വിശപ്പിനു മുന്നില്‍ മാപ്പ്” -മോഹന്‍ലാല്‍

0

ദാനധര്‍മ്മങ്ങള്‍ ഏറെ നല്‍കുന്ന ഒരു വ്യക്തിയാണ് നമ്മുടെയെല്ലാം പ്രിയ താരം സുരേഷ്ഗോപി. ഒരു അഭിമുഖത്തില്‍ സിനിമാക്കാരുടെ ഇടയിലെ  ദാനധര്‍മ്മത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അദ്ദേഹം ലാലേട്ടനെക്കുറിച്ച് പറഞ്ഞിരുന്നത്.. "ലാല്‍ ചെയ്യുന്ന സത് കാര്യങ്ങളെക്കുറിച്ച് എഴുതുകയാണെങ്കില്‍ അതെഴുതാനേ മാധ്യമങ്ങള്‍ക്ക് നേരമുണ്ടാകൂ" എന്നാണ്. ഈ വാക്കില്‍ നിന്ന് തന്നെ അറിയാം മോഹന്‍ലാലെന്ന മഹാ നടന്‍ എത്രയേറെ ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് എന്ന്. അതുകൊണ്ട് തന്നെ നാസര്‍ വലിയേടത്ത് മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി ഈയിടെ ലാലേട്ടന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന് ചോദിക്കാന്‍ തികച്ചും അര്‍ഹതയുള്ള കാര്യങ്ങള്‍ തന്നെയാണ്.

പേരാവൂരില്‍ മാലിന്യം പെറുക്കിയെടുക്കുന്നവരുടെ കൂട്ടത്തില്‍ കുറച്ചു ആദിവാസി കുഞ്ഞുങ്ങള്‍ ഹോട്ടല്‍ – ബേക്കറി അവശിഷ്ടങ്ങളും, ചീഞ്ഞളിഞ്ഞ പഴങ്ങളും, പച്ചക്കറികളും പെറുക്കി തിന്നുന്ന കാഴ്ചയാണ് നാസറിന്റെയും കൂട്ടരുടെയും ക്യാമറകണ്ണില്‍ പതിഞ്ഞത്. ഈ ചിത്രം നമ്മുടെ ഓരോ വീടിന്റെയും, ഹോട്ടലുകളുടെയും ചുമരിലും ചില്ലിട്ടു തൂക്കി വയ്ക്കണം എന്നാണ് ലാലേട്ടന്‍ ബ്ലോഗില്‍ എഴുതിയിരിക്കുന്നത്. അനാവശ്യമായി ഭക്ഷണം പാഴാക്കുന്നവര്‍ക്കും, കിട്ടുന്നത് കൊണ്ട് തൃപ്തിയാകാത്തവര്‍ക്കും ഇതൊരു തിരിച്ചറിവ് ആകുമെന്നും.

പട്ടിണിയിലും, പല പല ദുരന്തങ്ങളിലും പെട്ടവര്‍ക്കായി പല വഴിക്ക് നിന്നും നിരവധി സഹായങ്ങള്‍ ആണ് നിത്യേന ലഭിക്കുന്നത്. കൂടാതെ ഗവണ്മെന്റില്‍ നിന്നും നിരവധി ആനുകൂല്യങ്ങളും, പക്ഷെ ഇത് എത്തേണ്ട കൈകളില്‍ തന്നെയാണോ എത്തിച്ചേരുന്നത്? അങ്ങിനെയെങ്കില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഉച്ഛിഷ്ട്ടം എടുത്തു കഴിക്കുന്ന കുഞ്ഞുങ്ങളെ നമുക്ക് കാണേണ്ടി വരുമായിരുന്നോ.

ഓരോരുത്തരും ദിവസവും കഴിക്കുന്ന അന്നത്തില്‍ നിന്നും ഒരുപിടി മാറ്റി വച്ചാല്‍ മതി പട്ടിണി ഇല്ലാത്തൊരു ലോകമായ് ഭൂമിയെ മാറ്റാന്‍. ഇതറിയാതെ പാഴാക്കുകയാണ് പലരും ഭക്ഷണം എന്നാല്‍ ഇതിലൊക്കെ കഷ്ടമാണ് പട്ടിണി പാവങ്ങള്‍ക്കു നല്കുന്ന ധനത്തില്‍ നിന്നും കയ്യിട്ടു വാരുന്നവര്‍ ചെയ്യുന്നത്.

മാലിന്യക്കൂമ്പാരത്തില്‍ നിന്നും അഴുകിയ ഭക്ഷ്യാവശിഷ്ടങ്ങള്‍ എടുത്തു തിന്നുന്ന കൊച്ചു കുട്ടികളുടെ ഈ ചിത്രം ഇനിയെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്ന്  പ്രതീക്ഷിക്കാന്‍ കഴിയുമോ? അതോ ഇവരുടെ വിശപ്പടക്കാനായി മാറ്റിവച്ച ധനവും, ദാനങ്ങളും ഇനിയും പല കൈകളില്‍ കുരുങ്ങി കിടക്കുമോ??? ഇതിനെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…..