ഉയര്‍ഴുത്തെഴുന്നേല്‍പ്പിന്‍റെ പ്രതീക്ഷകളുമായി ഈസ്റ്റര്‍

0

“….നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്ത്‌? അവന്‍ ഇവിടെയില്ല; ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു”(ലൂക്കോസ് 24:5,6)”

ക്രിസ്തുവിനെ ക്രൂശിലേറ്റി മൂന്നാം നാള്‍ അതിരാവിലെ കല്ലറയ്ക്കല്‍ എത്തിയവര്‍ക്ക്‌ ലഭിച്ച സന്ദേശം ഇതായിരുന്നു. ഉയര്‍പ്പിന്‍റെ ആദ്യ സന്ദേശം.

ഈ ലോകത്തിന്‍റെ മുഴുവന്‍ പാപങ്ങള്‍ക്കും പരിഹാരമുണ്ടാക്കുവാന്‍ ദൈവപുത്രന്‍ മനുഷ്യനായി ഭൂമിയില്‍ പിറക്കുമെന്നതും ആണികളാല്‍ തൂക്കപ്പെട്ടു കൊല ചെയ്യപ്പെടുമെന്നും മൂന്നാം നാള്‍ മരണത്തെ തോല്‍പ്പിച്ചു ഉയര്‍ത്തെഴുന്നേല്ക്കുമെന്നും യുഗങ്ങള്‍ക്ക് മുന്നേ പ്രവാചകന്മാരിലൂടെ അരുളപ്പെട്ട വാക്കുകള്‍ ആയിരുന്നു. യേശു ക്രിസ്തുവിന്‍റെ ആഗമന ദൌത്യം തന്നെ ഈ മരണവും ഉയിര്‍പ്പും ആയിരുന്നു.

സര്‍വ്വലോകതിന്‍റെയും പാപങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാനാണ് ക്രിസ്തു ജനിച്ചതും ജീവിച്ചതും മരിച്ചതും. ജീവിതത്തില്‍ സഹപ്രവര്‍ത്തകരായി കര്‍ത്താവ്‌ തെരഞ്ഞെടുത്ത വ്യക്തികള്‍ ഒരിക്കലും ഉന്നത നിലയില്‍ ജീവിച്ചിരുന്നവര്‍ ആയിരുന്നില്ല, സമൂഹത്തില്‍ അധസ്ഥിതരും കഷ്ടപ്പെടുന്നവരുമായ ഒരു കൂട്ടം വ്യക്തികളെയാണ് ഈ വലിയ ദൌത്യ നിര്‍വഹണത്തിനായി, സ്നേഹിതരായി, ശിഷ്യന്മാരായി കൂടെ കൂട്ടിയത്‌.

ഇന്ന് ലോകമെങ്ങും ഉയര്‍പ്പിന്‍റെ സന്തോഷം ആഘോഷിക്കുമ്പോള്‍ ദേവാലയങ്ങള്‍ പ്രാര്‍ഥനാ നിര്‍ഭരമാവുമ്പോള്‍ ക്രൂശില്‍ ആണികളാല്‍ കൊല്ലപ്പെട്ട ക്രിസ്തുവിനെ അല്ല, മരണത്തില്‍ നിന്നും ജയം നേടി, അകൃത്യത്തെ തോല്‍പ്പിച്ചു, പാപത്തെ കുഴിച്ചു മൂടി ഉയര്‍ത്തെഴുന്നെറ്റ്‌ ഇന്നും നമുക്ക്‌ വേണ്ടി പിതാവിനോട് മധ്യസ്ഥത ചെയ്യുന്ന ജീവിക്കുന്ന ക്രിസ്തുവിന്‍റെ ത്യാഗവും ദിവ്യസ്നേഹവും മഹാകരുണയും ദീര്‍ഘ ക്ഷമയും നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി ജീവിക്കാന്‍ ശ്രമിക്കാം.

എല്ലാ വായനക്കാര്‍ക്കും പ്രവാസി എക്സ്പ്രസ്സിന്‍റെ ഈസ്റ്റര്‍ ആശംസകള്‍