ഇന്ത്യ – സിംഗപ്പൂര്‍ വ്യോമയാന ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ.

0

സിംഗപ്പൂര്‍: ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായി. കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിംഗിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാനഗതാഗതബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും നിലവിലുള്ള സര്‍വീസുകള്‍ മെച്ചപ്പെടുത്തുവാനും, 1968ല്‍ സിംഗപ്പൂരും ഇന്ത്യയും തമ്മില്‍ നിലവില്‍ വന്ന 'എയര്‍ സര്‍വീസസ് ഉടമ്പടി' കൂടുതല്‍ വിപുലീകരിക്കാന്‍ ധാരണയായത്. ഇതിന്‍റെ ഫലമായി ഇന്ത്യയിലെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സിംഗപ്പൂരില്‍ നിന്നും നേരിട്ട് സര്‍വീസുകള്‍ ആരംഭിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

കൊച്ചിയും തിരുവനന്തപുരവും അടക്കം 12 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് നിലവില്‍ സിംഗപ്പൂരില്‍ നിന്നും നേരിട്ട് സര്‍വീസ് നടത്തപ്പെടുന്നത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 50% ത്തില്‍ അധികമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഈയിടെയാണ് കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് നേരിട്ട് വിമാനസര്‍വീസ്‌ നടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനു അനുമതി ലഭിച്ചതും. ഈ ഉടമ്പടിയും, വിമാനയാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും, എയര്‍ ഇന്ത്യക്ക് ലഭിച്ച അനുമതിയും ചേര്‍ത്തുവായിച്ചാല്‍ കോഴിക്കോട്-സിംഗപ്പൂര്‍ വിമാന സര്‍വീസ് യാഥാര്‍ഥ്യമാകാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് വടക്കന്‍ ജില്ലകളില്‍ നിന്നും സിംഗപ്പൂരിലുള്ള മലയാളികള്‍.