സിംഗപ്പൂര്‍, പാരീസ്, ദുബായി, ജര്‍മനി യാത്രകള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ച്‌ മന്ത്രിമാര്‍

0

തിരുവനന്തപുരം : പതിവുപോലെ മന്ത്രിമാരുടെ വിദേശയാത്രകളില്‍ സിംഗപ്പൂരും മുന്‍നിരയില്‍ ഇടംപിടിച്ചു . സംസ്ഥാനം സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുമ്പോഴും പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവിട്ട് കേരളത്തിലെ മാതൃകാ മന്ത്രിമാര്‍ നടത്തിയ ധൂര്‍ത്തിന്റെ വിശദാംശങ്ങള്‍ പുറത്തായി. മന്ത്രിമാര്‍ നടത്തിയ വിദേശയാത്രയുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.സിംഗപ്പൂര്‍, പാരീസ്, ദുബായി, ജര്‍മനി എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ യാത്രകളും നടത്തിയിരിക്കുന്നത് .

മന്ത്രി ഷിബുബേബി ജോണാണ് വിമാനയാത്ര നടത്തുന്നതിനായി ഏറ്റവും കൂടുത ല്‍ തുക ചിലവാക്കിയിട്ടുള്ളത്. 9ലക്ഷത്തില്‍പരം രൂപയാണ് വിമാനയാത്രക്കായി ഷിബുബേബി ജോണ്‍ പൊതുഖജനാവില്‍ നിന്ന് ഉപയോഗിച്ചത്. എ പി അനില്‍കുമാറാണ് പൊതുഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലേക്ക് വിമാന യാത്ര നടത്തിയതില്‍ രണ്ടാമന്‍.ആറ് ലക്ഷത്തിലധികം രൂപയാണ് മന്ത്രി വിമാനയാത്രക്കായി ഉപയോഗിച്ചത്. കെ. ബി ഗണേശ് കുമാര്‍, കെസി ജോസഫ് എന്നിവരും വിമാനയാത്രക്കായി ലക്ഷങ്ങള്‍ ചെലവാക്കുന്നതില്‍ ഒട്ടും പിന്നിലല്ല.ജര്‍മനി, സിംഗപ്പൂര്‍, പാരീസ്, ദുബായി എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്കാണ് പൊതുഖജനാവിലെ പണം ഉപയോഗിച്ച് മന്ത്രിമാര്‍ വിമാനയാത്ര നടത്തിയത്. ചെലവ് ചുരുക്കലുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് മന്ത്രിമാരുടെ ഈ വിദേശയാത്രകള്‍. 

വിദേശയാത്രക്ക് സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് വിമാനയാത്ര നടത്തിയ മന്ത്രിമാരില്‍ പി കെ അബ്ദുറബ്ബ്, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, കെ ബാബു, സി എന്‍ ബാലകൃഷ്ണന്‍, വി എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ ജയലക്ഷ്മി, അനൂപ് ജേക്കബ്, മഞ്ഞളാംകുഴി അലി, രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പെട്ടിട്ടില്ല.മിക്ക വിദേശ യാത്രകളും സർക്കാർ ആവശ്യങ്ങൾക്കായിരുന്നില്ല എന്നാണ് വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമാകുന്നത്.