സ്രാവിന്റെ പുറത്ത് സവാരി; രണ്ടു പേര്‍ക്കെതിരെ കേസ്

0

നിരുപദ്രവകാരിയായ സ്രാവിനെ സ്പീഡ് ബോട്ടിനോട് ചേര്‍ത്ത് കയറുകൊണ്ട് കെട്ടിവലിച്ചു, സ്രാവിന്റെ പുറത്തു കയറി നിന്ന് സവാരി ചെയ്ത രണ്ടുപേര്‍ക്ക് എതിരെ കേസ്. ക്രൂരവും, കാടത്തം നിറഞ്ഞതുമായ ഈ പ്രവര്‍ത്തിയുടെ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തത് കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വന്യജീവി സംരക്ഷകര്‍ മുന്നോട്ടു വന്നിരിക്കുന്നത്.

വെയില്‍ ഷാര്‍ക്ക്‌, ബാസ്കിംഗ് ഷാര്‍ക്ക്, ഗ്രേറ്റ്‌ വൈറ്റ് ഷാര്‍ക്ക്‌ തുടങ്ങിയ സ്രാവ് വര്‍ഗ്ഗങ്ങള്‍ക്ക് വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഇറച്ചി, തോ‌ല് കൊണ്ട് ഉണ്ടാക്കിയ ബാഗുകള്‍, എണ്ണ കൊണ്ടുള്ള മരുന്നുകള്‍ എന്നിവയ്ക്ക്  ആവശ്യക്കാര്‍ ഏറിയതിനെ തുടര്‍ന്നാണ് മനുഷ്യര്‍ സ്രാവുകളെ വേട്ടയാടുന്നത് വര്‍ദ്ധിച്ചത്. ആകാരത്തില്‍ ഭീമനെങ്കിലും, കടലിലെ സസ്യങ്ങളെയും, ചെറു ഷെല്‍ ജീവികളെയും തിന്നു ജീവിക്കുന്ന ഇവ സാധാരണയായി ആരെയും ഉപദ്രവിക്കാറില്ല.IUCN റെഡ് ലിസ്റ്റില്‍ പെടുത്തിയ ഇത്തരം സ്രാവുകളുടെ സംരക്ഷണത്തിന് വേണ്ടി പല നിയമങ്ങളും നിലനില്‍ക്കെയാണ് ഈ വീഡിയോ വൈറല്‍ ആയിരിക്കുന്നത്. ബോട്ടില്‍ കുറച്ചു പേര്‍ ഇവരോട് സ്പാനിഷ് ഭാഷയില്‍‌ സംസാരിക്കുന്നതില്‍ നിന്നും ഇവര്‍ വെനെസ്വേലയില്‍ നിന്നുള്ളവര്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടുപിടിച്ചു ശിക്ഷാ നടപടിയെടുക്കും.

കാണാതെ പോകുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഇനിയും ഉണ്ടാകാം, അവര്‍ക്കെല്ലാം മുന്നറിയിപ്പ് കൂടെ ആയിരിക്കട്ടെ ഈ നടപടി.