ചെന്നൈ പ്രളയം: സ്വന്തം ജീവന്‍ വച്ച് കളിച്ചവര്‍

0

Photo credit : Dinamalar

ഒരു തെരുവിനപ്പുറം നടക്കുന്നതൊന്നും അറിയാതെ പോയ ജനം. ലോകത്തിനെ അതെല്ലാം 'ലൈവ്" ഹോളിവുഡ് ത്രില്ലര്‍ പോലെ ഗ്രാഫിക്കുകള്‍ സഹിതം കാട്ടിക്കൊണ്ടിരുന്ന ചാനലുകള്‍. തകരാറിലായ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍. മരിച്ച വൈദ്യുതി കണക്ഷനുകള്‍. ഒരു നൂറ്റാണ്ടിനിപ്പുറം സംഭവിച്ച ഏറ്റവും വലിയ പ്രളയത്തില്‍ ജനം നിസ്സഹായരായിരുന്നു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും കരിഞ്ചന്തക്കാരും കിംവദന്തിക്കാരും വീണ മഴത്തുള്ളികളെ കാലൂന്നാന്‍ പറ്റിയ ഇടങ്ങളിലെങ്കിലും വിദ്യകളാക്കി മാറ്റി.

മുന്നറിയിപ്പുകള്‍ ഏറെ ഉണ്ടായിരുന്നെങ്കിലും ചെന്നൈയിലെ പതിവ് നവംബര്‍-ഡിസംബര്‍ കാലവര്‍ഷത്തിനപ്പുറം ഒന്നും സംഭവിക്കില്ലെന്ന മട്ടില്‍ ബന്ധപ്പെട്ടവരും നവീന യന്ത്രങ്ങളുടെ കൃത്യതയെ അവഗണിച്ചു. ചെന്നൈയിലെ പുതുയുഗ ബില്‍ഡര്‍മാരുടെ പുതിയ ആഡംബര വികസന കേന്ദ്രങ്ങളായ വേളച്ചേരി, ഒ.എം.ആര്‍, ഇസിആര്‍ മേഖലകളില്‍ ഉയര്‍ന്നു പൊങ്ങിയ അംബര ചുംബികള്‍ കാഴ്ചക്കാരെ അന്ധാളിപ്പിക്കുന്നതായിരുന്നു. ഇന്നിവിടം കണ്ണീര്‍പ്പാടങ്ങളായി. നഗരത്തിലെ തന്നെ മുന്തിയ വില നല്‍കി വാങ്ങിയ ഇടങ്ങളെല്ലാം അംബര ചുംബികളായ കെണികളായി മാറി.

ചെന്നൈയിലേയും പരിസരങ്ങളിലേയും റിസര്‍വോയറുകള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ നഗര മധ്യങ്ങളിലൂടെ ഒഴുകുന്ന 'നദി"ക്കരകളിലെ കൈയേറ്റങ്ങളും ആ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. പിഴച്ചതെവിടെയെന്ന് അഘോരം ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ചാനലുകളില്‍. രാഷ്ട്രീയക്കാര്‍ ചെളിവാരിയെറിഞ്ഞുകൊണ്ടേയിരിക്കുന്നു. വിദഗ്ധര്‍ സാങ്കേതിക-ഉദ്യോഗസ്ഥപ്പിഴവുകള്‍ നിരത്തുന്നു. ചിലര്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറ്റപ്പെടുത്തുന്നു. ആരാണ് യഥാര്‍ത്ഥ വില്ലന്‍? കാലാവസ്ഥയോ നമ്മുടെ സംവിധാനമോ? ചെന്നൈയില്‍ മാത്രം ഒതുങ്ങുന്നതാവില്ല വരുംകാലങ്ങളില്‍ ഇത്തരത്തിലുള്ള ദുരന്തം. ഭരണസംവിധാനങ്ങളുടേയും തങ്ങളുടേയും വിട്ടുവീഴ്ചകള്‍ക്കും ആക്രാന്തങ്ങള്‍ക്കും സ്വന്തം ജീവനും സ്വത്തും തന്നെയാണ് പകരം നല്‍കേണ്ടി വരുന്നതെന്ന് ജനം തിരിച്ചറിഞ്ഞ നിമിഷം.