ഈ ബലി വിതുമ്പുന്ന, വിറക്കുന്ന ഇന്ത്യക്കുവേണ്ടി

0

മാഗസിന്റെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് കല്‍ക്കട്ടക്കാരി തുഷാ മിത്തലും ദില്ലിക്കാരന്‍ ഫോട്ടോ ജേര്‍ണലിസ്റ് തരുണ്‍ സെറാവത്തുമായിരുന്നു ആ രണ്ടു പേര്‍. തുഷക്ക് പ്രായം 27, തരുണ്‍ ശരിക്കും തരുണന്‍ 22 വയസ്. കാമറകള്‍ക്കും നോട്ട് ബുക്കുകള്‍ക്കും പുറമെ വെള്ളക്കുപ്പികളും കുറച്ച് ബിസ്ക്കറ്റും നൂഡില്‍സും സഞ്ചിയില്‍ പെറുക്കിയിട്ടായിരുന്നു അവരുടെ പുറപ്പാട്. കൊടും കാടകങ്ങളിലൂടെ കിലോമീറ്ററുകളോളം നടന്ന് കണ്‍പാര്‍ത്തതെല്ലാം അവര്‍ വായനക്കാര്‍ക്കായി കരുതിവെച്ചു. എസ്ക്ലൂസീവ് എന്ന സീല്‍ പതിച്ച ആ തെഹല്‍ക്കാ ലക്കം ന്യൂസ് സ്റാന്റുകളിലും നമ്മുടെ വായനാ മേശകളിലും എത്തിയ വിവരം പക്ഷെ അവരിരുവരും അറിഞ്ഞതേയില്ല. കടുത്ത പനി പിടിപെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു തുഷയും തരുണും.

യാത്രയില്‍ കയ്യില്‍ കരുതിയ വെള്ളക്കുപ്പികള്‍ കാലിയായതോടെ കാലികള്‍ കുളിക്കുകയും മനുഷ്യര്‍ കുടിക്കുകയും ചെയ്യുന്ന ചോലകളില്‍ നിന്നുള്ള വെള്ളം മാത്രമായിരുന്നു അവര്‍ക്കാശ്രയം. മലേറിയ പരത്തുന്ന കൊതുകുകള്‍ ഊഴം തിരിഞ്ഞു ചോരയൂറ്റുന്ന ചോലക്കാടുകളിലായിരുന്നു അവരുടെ ഉറക്കം. ഇരുവരുടെയും ആരോഗ്യത്തെ അത്രമേല്‍ അപകടത്തില്‍ തള്ളിയത് ഈ സാഹചര്യങ്ങളായിരുന്നു. വെള്ളം തിളപ്പിച്ചു കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ പല നിറത്തിലെ ഊറലുകള്‍ അടിയുന്ന ഒരു ദ്രാവകമാണെത്രേ അവരുടെ പാത്രങ്ങളില്‍ തിളച്ചു മറിഞ്ഞത്. അക്ഷരാര്‍ഥത്തില്‍ ദരിദ്ര ഇന്ത്യയുടെ രക്തമാണത്. ഈ നഗര ശിശുക്കള്‍ ഒരാഴ്ച അനുഭവിച്ച ദുരിതങ്ങള്‍ ഗ്രാമീണ ഇന്ത്യയുടെ മുക്കുമൂലകളിലും നഗരദരിദ്രരുടെ ജീവിതങ്ങളിലും പുതുമയേതുമില്ലാത്ത നിത്യയാഥാര്‍ത്യങ്ങള്‍.