പ്രവാസി വിവാഹത്തട്ടിപ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നു

0

ന്യൂദല്‍ഹി: ഇന്ത്യക്കാരായ പ്രവാസി വനിതകള്‍ വലിയ തോതില്‍ വിവാഹത്തട്ടിപ്പിന് ഇരയാകുന്നതിനാല്‍, പ്രവാസി വിവാഹം സംബന്ധിച്ച് സമഗ്ര നിയമം ഉണ്ടാക്കണമെന്ന് പാര്‍ലമെന്‍റിന്‍െറ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശിപാര്‍ശ.പ്രവാസി വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. പ്രവാസി വിവാഹത്തിന്‍െറ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനങ്ങള്‍ നല്‍കണം. ഭര്‍ത്താവിന് വിദേശത്തുള്ള സാമൂഹിക സുരക്ഷാ നമ്പര്‍ അതില്‍ രേഖപ്പെടുത്തണം. ഭര്‍ത്താവിന്‍െറ പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പ് വിവാഹ രജിസ്റ്ററിലും, വിവാഹ സര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പ് ഭാര്യയുടെ പാസ്പോര്‍ട്ടിലും ഒട്ടിച്ചുവെക്കണം.

 
വിദേശത്തെ ഇന്ത്യന്‍ വംശജനായ പുരുഷന്‍ ഇന്ത്യക്കാരിയെ വിവാഹം ചെയ്യുന്നതാണ് പൊതുവെ പ്രവാസി വിവാഹമായി പരിഗണിക്കപ്പെടുന്നത്. സാമ്പത്തിക ഭദ്രതയുടെ പേരിലുള്ള ഇത്തരം വിവാഹങ്ങളില്‍ പതിയിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് മാതാപിതാക്കള്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. വിദേശത്ത് ഈ സ്ത്രീകള്‍ ഉപേക്ഷിക്കപ്പെടുന്ന നിരവധി സംഭവങ്ങളുണ്ട്. പീഡനസംഭവങ്ങള്‍ക്കു പുറമെ. തിരിച്ചുവരാനോ നിയമപരമായി ആ രാജ്യത്ത് തുടരാനോ കഴിയാത്ത സ്ഥിതി പല സ്ത്രീകള്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തട്ടിപ്പു നടത്തുന്ന പ്രവാസിയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതില്‍ പാര്‍ലമെന്‍റ് സമിതി അതൃപ്തി പ്രകടിപ്പിച്ചു. ഭര്‍ത്താവ് ഉപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുന്നതിന് പ്രവാസികാര്യ മന്ത്രാലയം പ്രത്യേകം ശ്രദ്ധിക്കണം. നയതന്ത്രാലയങ്ങളില്‍ പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍ത്തിക്കണം.
 
പ്രവാസികളുടെ വിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് അഞ്ചു കേസുകളാണ് ദേശീയ വനിതാ കമീഷന്‍െറ പ്രവാസി സെല്‍ മുഖേന രജിസ്റ്റര്‍ ചെയ്തത്.