മലയാളി യുവാവിനെ സിംഗപ്പൂര്‍ കപ്പലില്‍ നിന്ന് കാണാതായി ;അന്വേഷണം വേണം -ആക്ഷന്‍ കമ്മിറ്റി

0

 

കൊച്ചി: എം. വി എല്‍ടാനിന്‍ എന്ന സിംഗപ്പൂര്‍ കപ്പലില്‍ നിന്ന് കാണാതായ കാസര്‍കോഡ് സ്വദേശി പ്രദീപ് രാജിന്റെ തിരോധാനത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി ഫോര്‍ ട്രേസിംഗ് ഓഫ് പ്രദീപ് രാജ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
 
കാസര്‍കോഡ്, മധൂര്‍ പഞ്ചായത്തില്‍ അനശ്വരയില്‍ ബി. നാഗേഷ് ചെട്ടിയാരുടേയും ചന്ദ്രാവതിയുടേയും മകന്‍ പ്രദീപ് രാജിനെ ( 29 ) 2009 മെയ് ഒന്നിനാണ് കപ്പലില്‍ നിന്ന് കാണാതായതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. പ്രദീപിനെ റിക്രൂട്ട് ചെയ്ത മാര്‍ലോ നാവിഗേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് അന്ധേരി ഈസ്റ്റ് മുംബൈയില്‍ നിന്ന് വിവരം അറയിച്ചത്. എന്നാല്‍ എന്തു സംഭവിച്ചുവെന്നോ എങ്ങിനെയാണ് കാണാതായതെന്നോ കൃത്യമായ ഒരു വിവരവും അവരുടെ പക്കല്‍ നിന്നും ലഭിച്ചില്ല. മെയ് രണ്ടിന് യു. എസ്. സി. ജി എയര്‍ക്രാഫ്റ്റ് സി. 130 കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രദീപിനെ കണ്ടെത്താനായില്ലെന്ന് വീണ്ടും ടെലഗ്രാം വന്നു. സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിന് കമ്പനിയുടെ പ്രധാന ഉത്തരവാദിത്തമുള്ള നാസര്‍ ഉപാദ്ധ്യായയുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഞങ്ങള്‍ ശ്രമിക്കാമെന്നായിരുന്നു മറുപടിയെന്ന് പ്രദീപിന്റെ പിതാവ് നാഗേഷ് ചെട്ടിയാര്‍ പറഞ്ഞു. 
 
കപ്പലിന്റെ അധികൃതരേയും മറ്റ് ജീവനക്കാരേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രദീപിന്റെ തിരോധാനം സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്തംബര്‍ 26ന് കാസര്‍കോഡ് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 
 
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി. എം സുബൈര്‍ പടുപ്പ്, ജനറല്‍ കണ്‍വീനര്‍ വിജയലക്ഷ്മി കടമ്പന്‍ചാല്‍, മുജീബ് റഹ്മാന്‍, അഡ്വ. കെ. പി രാമചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.