ഫേസ്ബുക്കിലൂടെ ബോംബ് ഭീഷണി മുഴക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥി സിംഗപ്പൂരില്‍ അറസ്റ്റില്‍

0

സിംഗപ്പൂര്‍ സിറ്റി :ഫേസ്ബുക്കിലൂടെ ബോംബ് ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് പതിമൂന്നുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ സിംഗപ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. സിംഗപ്പുരില്‍ നിന്നും പോകുന്ന ദിവസം പ്രധാന ടൂറിസ്റ്റ് കേന്ദ്രവും കാസിനോയുമായ മരിനാ ബേ സാന്‍ഡ്‌സില്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

 
ബോംബ് ഭീഷണി വ്യാജമാണെങ്കിലും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീതി പരത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് വിദ്യാര്‍ഥിക്കു നേരെ പോലീസ് നടപടിയുണ്ടായത്. ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അഞ്ചു വര്‍ഷം ജയില്‍ശിക്ഷയും ഒരു ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ് വിദ്യാര്‍ഥി ചെയ്തിരിക്കുന്നതെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. 2009ല്‍ വൈറ്റ് ഹൗസിനും പെന്റഗണിനും നേരെ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന് ഇമെയിലിലൂടെ ഭീഷണി ഉയര്‍ത്തിയ സിംഗപ്പൂരുകാരനായ  യുവാവിനു അഞ്ചു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചിരുന്നു.