പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി

0

കൊച്ചി: പ്രവാസി ഭാരതീയ ദിവസിന്  സമ്മേളനത്തിന്‌ ഇന്ന് കൊച്ചി ലീമെറിഡിയനില്‍ തുടക്കമായി. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയാണ് പതിനൊന്നാമത് പ്രവാസി ഭാരതീയ ദിവസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 9.30 നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍വഹിക്കും.

'പ്രവാസി പങ്കാളിത്തം  ഇന്ത്യന്‍ വളര്‍ച്ചയില്‍' എന്നതാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മേളനത്തിന്‍റെ പ്രമേയം. ഇന്ത്യയുടെ വളര്‍ച്ച,  പൈതൃകവും പ്രവാസവും,  പ്രവാസി യുവാക്കളെ വികസനത്തില്‍ പങ്കാളികളാക്കുന്നത് തുടങ്ങി വിവിധ വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ സെമിനാറുകള്‍ നടക്കും.
 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, നോര്‍ക്ക സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്, എക്‌സൈസ് മന്ത്രി കെ.ബാബു, എം.പി.മാരായ എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, ഹൈബി ഈഡന്‍ എം.എല്‍.എ., നോര്‍ക്ക റൂട്ട്‌സ് ഉപാദ്ധ്യക്ഷന്‍ യൂസഫലി എം.എ., കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ഐസക് തോമസ്, വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി എ.ആര്‍.ഘനശ്യാം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള അംബാസഡര്‍മാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
 
ബുധനാഴ്ച രാവിലെ ഒന്‍പതരയ്ക്ക് സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സെമിനാര്‍ നടക്കും. തുടര്‍ന്നു വൈകിട്ട് അഞ്ചു മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമാപന പ്രസംഗം നടത്തും.  ചടങ്ങില്‍ പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി വിതരണം ചെയ്യും.  സമ്മേളനത്തില്‍ 2,500 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.