സിംഗപ്പൂര്‍ സെക്സ് റാക്കറ്റ്: ഇടനിലക്കാരി അറസ്റ്റില്‍

0

ആലുവ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ സെക്സ് റാക്കറ്റിന് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയായ സ്ത്രീയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.  ആലുവ ചൂണ്ടിയില്‍ താമസിക്കുന്ന അടൂര്‍ സ്വദേശി  ജഗദമ്മ രവീന്ദ്രനാണ് (ഗായത്രി-56) പിടിയിലായത്. ആലുവ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.എറണാകുളം ചേരാനല്ലൂര്‍ സ്വദേശിനിയായ 23 കാരിയെ ആലുവ സ്വദേശി ഷാനവാസ്, മുജീബ് എന്നിവരുടെ സഹായത്തോടെ 2011 ജനുവരി 15 ന് സിംഗപ്പൂരിലേക്ക് കയറ്റിവിടുകയായിരുന്നു.

 
ആലുവയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയില്‍ എത്തിച്ച് അവിടെ നിന്നാണ് സിംഗപ്പൂരില്‍ എത്തിച്ചത്. അവിടെ ഒരു ചൈനീസ് ലോഡ്ജിലും പിന്നീട് ഗെയ് ലാങ്ങിലും  എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവിടെ ഷാനവാസാണ് തന്നെ കൈമാറി പണം വാങ്ങിയിരുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രണ്ടുമാസത്തിനിടെ 25 പേര്‍ക്ക് താന്‍ ഇരയായെന്നും ഓരോരുത്തരില്‍ നിന്നും ഷാനവാസ് 25,000 രൂപ വീതം വാങ്ങിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
 
കട്ടപ്പനക്കാരി പ്രിന്‍സി എന്നൊരു യുവതിയും തന്നോടൊപ്പം സിംഗപ്പൂരിലേക്ക് വന്നിരുന്നു. വേറെയും ധാരാളം പേര്‍ അവിടെ സെക്സ് റാക്കറ്റിന്‍െറ പിടിയിലുണ്ട്. വീട്ടുജോലിക്കെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും വിസിറ്റിങ് വിസയിലായിരുന്നു യുവതിയെ കയറ്റിവിട്ടത്. അതിനാല്‍ രണ്ടുമാസം കഴിഞ്ഞപ്പോള്‍ തിരിച്ചുകയറ്റിവിട്ടു. പണം നല്‍കാമെന്നും വേറെ ജോലി തരപ്പെടുത്താമെന്നും മറ്റും പറഞ്ഞ് തന്നെ പ്രലോഭിപ്പിച്ചതിനാലാണ് പരാതിപ്പെടാന്‍ വൈകിയത്.
ആലുവ എസ്.പിക്ക് ലഭിച്ച പരാതിയില്‍ സി.ഐ എസ്. ജയകൃഷ്ണന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ഗായത്രി സീരിയലുകളിലും ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. യുവതിക്ക് പാസ്പോര്‍ട്ട് എടുത്തതും വിസ ശരിയാക്കിയതും യാത്രക്കൂലി നല്‍കിയത്  ഗായത്രിയാണ് .
 
ചൂണ്ടിയില്‍ താമസമാക്കിയ ഗായത്രിക്കെതിരെ രണ്ടുമാസം മുമ്പ് അനാശാസ്യ പ്രവര്‍ത്തനം സംബന്ധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. പിന്നീടാണ് യുവതിയുടെ പരാതി വന്നതും അറസ്റ്റ് ചെയ്തതും.പറവൂര്‍, വരാപ്പുഴ പെണ്‍വാണിഭക്കേസുകളില്‍ പ്രതികളായ ചിലരടക്കം സെക്സ് റാക്കറ്റിലെ പലരും സിംഗപ്പൂരിലേക്ക് യുവതികളെ കയറ്റി അയക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും സി.ഐ ജയകൃഷ്ണന്‍ പറഞ്ഞു.