പ്രവാസി മലയാളികള്‍ക്ക് ഇന്‍റര്‍നെറ്റിലൂടെയുള്ള വോട്ടിങ് സൗകര്യം പരിഗണനയില്‍

0

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് ഇന്‍റര്‍നെറ്റ് വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതു പരിഗണിക്കുമെന്നു തെരഞ്ഞെടുപ്പു കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍..  .ഗുജറാത്തില്‍ ഇ-വോട്ടിങ് സൗകര്യമൊരുക്കിയ സൈറ്റില്‍ എന്ന കമ്പനി പ്രതിനിധികളുമായി ഇതുസംബന്ധിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പ്രാരംഭ ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും സാങ്കേതിക വിദഗ്ധരുമായി വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകൂ. 

 
വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും ഉണ്ടായേക്കാവുന്ന ആശങ്കകള്‍ പൂര്‍ണമായി ദൂരീകരിച്ചശേഷം മാത്രമായിരിക്കും തുടര്‍ നടപടികള്‍.. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം വോട്ടവകാശം വിനിയോഗിക്കുന്ന പ്രവാസികള്‍ പോളിങ് ദിവസം സ്വന്തം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണം. എന്നാല്‍ ഇ-വോട്ടിങ് ഏര്‍പ്പെടുത്തിയാല്‍ പ്രവാസികള്‍ക്കു താമസ സ്ഥലത്തിരുന്നുതന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാം. സാധാരണ വോട്ടിങിലുള്ള സ്വകാര്യതയും സുരക്ഷയും പൂര്‍ണമായും ഉറപ്പുവരുത്തി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കമ്മിഷണര്‍.
 
സുരക്ഷ ഉറപ്പാക്കാന്‍ അത്യാധുനിക ക്രിപ്റ്റോഗ്രഫിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇ-വോട്ടിങ് സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നു സൈറ്റില്‍ മാനെജിങ് ഡയറക്റ്റര്‍ രാജീവ് സൂദ്. വോട്ടര്‍മാര്‍ക്ക് പെഴ്സനല്‍ കംപ്യൂട്ടറിനു പുറമെ ഇന്‍റര്‍നെറ്റ് കിയോസ്കുകള്‍ വഴിയോ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചോ സമ്മതിദാനാവകാശം ഉപയോഗിക്കാം. ഗുജറാത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇ-വോട്ടിങ് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 15 വിദേശ രാജ്യങ്ങളിലും ഇ-വോട്ടിങിനു സൈറ്റില്‍ സാങ്കേതിക സഹായം നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.