മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ പദവിയിലേക്ക്

0

മലയാള ഭാഷ ശ്രേഷ്ഠ ഭാഷാ പദവിയിലേക്ക്. ഇതിനു വേണ്ട നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര സാംസ്കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കടോജ് കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഉള്‍പ്പെടുന്ന വിദഗ്ദ സമിതിയും ഇത് സംബന്ധിച്ച് ശുപാര്‍ശ ചെയ്തു. ശ്രേഷ്ഠ ഭാഷാ പദവി നേടുന്ന ഭാഷയ്ക്ക് രണ്ടായിരം വര്‍ഷം പഴക്കം വേണമെന്ന കേന്ദ്ര നിയമത്തിന്‍റെ  നിബന്ധനകള്‍  മറികടന്നാണ് നമ്മുടെ അമ്മ മലയാളം ശ്രേഷ്ഠ പദവിയില്‍ എത്തുന്നത്. ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ് മലയാളത്തിനു ലഭിച്ച ശ്രേഷ്ഠ പദവി. കേരളത്തില്‍ മാത്രമല്ല ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും മാതൃഭാഷയാണ് മലയാളം. ഇതോടെ ശ്രേഷ്ഠ ഭാഷാ പദവി നേടുന്ന അഞ്ചാമത്തെ ദക്ഷിണേന്ത്യന്‍ ഭാഷയായി മലയാളം സ്ഥാനം നേടുകയാണ്‌.

കേന്ദ്രം ആദ്യമായി ശ്രേഷ്ഠഭാഷാ പദവി നല്‍കിയത് തമിഴിനാണ്(2004)ല്‍. 2005ല്‍ സംസ്കൃതത്തിനും 2008ല്‍ കന്നടയ്ക്കും തെലുങ്കിനും ഈ പദവി ലഭിച്ചു. ഈ ഗണത്തിലേക്കാണ് തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം നമ്മുടെ മലയാളവും എത്തിയിരിക്കുന്നത്. യൂറോപ്യന്‍ ഭാഷകളില്‍ ലാറ്റിനും ഹീബ്രുവിനും മാത്രമാണ് ഇപ്പോള്‍ ക്ലാസിക് പദവി.

തഞ്ചാവൂരില്‍ തമിഴ് സര്‍വ്വകലാശാലയും ഹംപിയില്‍ കന്നഡ സര്‍വ്വകലാശാലയും ഹൈദരാബാദില്‍ തെലുങ്ക് സര്‍വ്വകലാശാലയും നേരത്തെ തന്നെ സ്ഥാപിതമായിരുന്നു. മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ  ജന്മദേശമെന്ന് വിശ്വസിക്കപ്പെടുന്ന തിരൂരില്‍ മലയാളം സര്‍വ്വകലാശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടുകഴിഞ്ഞു.

തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ദ്രാവിഡ ഭാഷകളെപ്പോലെ തന്നെ പ്രാചീനമായ ചരിത്രമുള്ള മലയാളം ശ്രേഷ്ഠഭാഷാ പദവിക്ക് അര്‍ഹമാണ് എന്ന് ഒരു സംഘം വാദിക്കുമ്പോള്‍ തന്നെ; മലയാളത്തിന് അവകാശപ്പെടാവുന്ന വലിയ പ്രാചീനതയോ ചരിത്രപരമായ പാരമ്പര്യമോ ഇല്ലെന്നു രണ്ടാമതൊരു പക്ഷവും കേരളത്തിലെ തന്നെ  പണ്ഡിതര്‍ക്കിടയില്‍ ഉണ്ടായിരുന്നു. മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാര്‍ഡ്വെല്‍ ആണ്. അദ്ദേഹം മലയാളം തമിഴിന്‍റെ  ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്.

മലയാളത്തിന്‍റെ  മഹത്വത്തെപ്പറ്റി വിശദീകരിക്കാന്‍ വിദഗ്ദര്‍ മുന്നോട്ട് വച്ച ഒരു വസ്തുത കേരളത്തില്‍ നിന്നു കണ്ടു കിട്ടിയിട്ടുള്ളതില്‍ വെച്ച് പഴയ ലിഖിതമായ വാഴപ്പള്ളി ശാസനമാണ്. എ ഡി 832ലാണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു വിശ്വസിക്കുന്നു. ഇതാണ് എഴുതപ്പെട്ട ഏറ്റവും പഴയ രേഖയെന്ന് പറയപ്പെടുന്നു.  വാഴപ്പള്ളി ക്ഷേത്രത്തിന്‍റെ  കിഴക്കേനടയിലെ തലവനമഠത്തില്‍ നിന്നുമാണ് ഇത് കണ്ടെടുത്തത്.

മലയാള ഭാഷയുടെ പഴക്കത്തെയും സംഭാവനകളെയുംകുറിച്ച് ഒഎന്‍വി അധ്യക്ഷനായ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 1500 വര്‍ഷത്തിലേറെ പ്രാധാന്യമുള്ള മലയാള ഭാഷയ്ക്ക് സാഹിത്യപരമായ ഉള്ളടക്കത്തിലൂടെ ക്ലാസിക്കല്‍ പദവിക്ക് അര്‍ഹതയുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിലയിരുത്തിയാണ് അക്കാഡമി ക്ലാസിക്കല്‍ പദവി സംബന്ധിച്ച അംഗീകാരം നല്‍കിയത്.വീരക്കല്‍ ലിഖിതത്തിലും അശോകന്‍റെ രണ്ടാം ശിലാശാസനത്തിലും മലയാളത്തിന്‍റെ പരാമര്‍ശമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ കെ ജയകുമാര്‍, ഡോ എം ജി എസ് നാരായണന്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, പ്രൊഫ. ബി ഗോപിനാഥന്‍ എന്നിവരായിരുന്നു മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷാ പദവിയിലേക്കുയര്‍ത്താനുള്ള വാദങ്ങളുമായെത്തിയത്. മൂന്നു മണിക്കൂറില്‍ അവര്‍ ഭാഷയുടെ രണ്ടായിരം കൊല്ലത്തെ ചരിത്രം അവതരിപ്പിച്ചതോടെയാണ് എതിര്‍പ്പുകള്‍ക്ക് മാറ്റം വന്നത്.

ശ്രേഷ്‌ഠഭാഷ പദവിക്കു മാനദണ്ഡം ഭാഷയുടെ പഴക്കം മാത്രമാകരുതെന്നും ആ ഭാഷ ഉള്‍ക്കൊള്ളുന്ന സാഹിത്യ സമ്പത്തു കൂടി പരിഗണിക്കണമെന്നും സാഹിത്യ സമ്പത്തിനാല്‍ സമ്പന്നമാണ്‌ നമ്മുടെ ഭാഷയെന്നും അവര്‍ വാദിച്ചു. മറ്റു ഭാഷകള്‍ക്കു മുമ്പില്‍ തലകുനിച്ചുനില്‍ക്കേണ്ട സ്‌ഥിതി മലയാളത്തിനില്ല. ലോകസാഹിത്യത്തില്‍ തന്നെ തരംഗം സൃഷ്‌ടിച്ച  പ്രതിഭാശാലികള്‍ വിരാജിക്കുന്നത്‌ മലയാളം, ബംഗാളി ഭാഷാ സാഹിത്യത്തിലാണ്‌. ഭാഷ സ്വയം നവീകരിക്കപ്പെടുന്നു. അത്‌ സംസ്‌കാരത്തിന്റെ ഹൃദയനാദമാണ്‌-എന്ന പെരുമ്പടവത്തിന്‍റെ  അഭിപ്രായങ്ങളായിരുന്നു ഭൂരിപക്ഷം സാഹിത്യകാരന്മാര്‍ക്കും.

മലയാള ഭാഷയുടെ നിലനില്‍പ്പ് ഭാവിയില്‍ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് മലയാളത്തെ കമ്പ്യൂട്ടര്‍ ഭാഷയായി മാറ്റുക എന്നത്. പക്ഷേ മലയാളത്തെ കമ്പ്യൂട്ടര്‍ഭാഷയാക്കി വികസിപ്പിക്കാനുള്ള നടപടികള്‍ കാര്യമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളില്‍  ഭരണകൂടങ്ങളും അക്കാദമിക് വിദഗ്ധരും സംവിധാനങ്ങളും ഇനിയും വിജയിക്കേണ്ടിയിരിക്കുന്നു. ചില വ്യക്തികളും സ്വകാര്യസ്ഥാപനങ്ങളുമാണ് സാങ്കേതികവിദ്യയെയും ഭാഷയെയും ബന്ധിപ്പികാന്‍ ചിലതൊക്കെ  ചെയ്തുവെന്ന് പറയാന്‍ കഴിയുക. മലയാള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ട മുന്‍ ചീഫ് സെക്രട്ടറിയായ കെ ജയകുമാറും ഇത് തന്നെയാണ് പറയുന്നത്.

ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്നതോടെ ഭാഷാ വികസനത്തിനും ഗവേഷണത്തിനുമായി നൂറു കോടി രൂപയുടെ സഹായം ലഭിക്കും. ഓരോ വര്‍ഷവും രണ്ട് രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഭാഷയ്ക്ക് നല്‍കാനും അനുമതി കിട്ടും. യു ജി സിയുടെ ആഭിമുഖ്യത്തില്‍ ഭാഷയ്ക്കായി സെന്‍റര്‍ ഓഫ് എക്‌സലന്‍സും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ചെയറുകളും സ്ഥാപിതമാകും.

ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ വസിക്കുന്ന മലയാള സമൂഹത്തിനു എന്നെന്നും അഭിമാനിക്കാവുന്നതാണ് ഈ അംഗീകാരം.