45 ഉം കടന്ന് മുന്നോട്ട് ;രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡിലേക്ക്

0
സിംഗപ്പൂര്‍ : ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിനിമയ നിരക്ക് റെക്കോര്‍ഡിലേക്ക്. ഇന്നു  എക്സ്ചേഞ്ചുകള്‍ വ്യാപാരം അവസാനിപ്പിച്ചത് സിംഗപ്പൂര്‍ ഡോളറിനു  45.51 രൂപ നിരക്കിലാണ്. ഡോളറിന്‍റെ  വില കൂടുന്നതിനാല്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് വരുമെന്നും വിനിമയ നിരക്ക് റെക്കോര്‍ഡ് ഭേദിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ 46 കടന്ന് വിനിമയ നിരക്ക് മുന്നോട്ട് പോകുമെന്നാണ് സൂചന. 
 
വിപണിയില്‍ ശക്തമായി നിന്നിരുന്ന രൂപയുടെ മൂല്യം അടുത്ത കാലത്താണ് കുത്തനെ ഇടിയാന്‍ തുടങ്ങിയത്. വരും ദിവസങ്ങളില്‍ ഇതു വീണ്ടും കൂടാനാണ് സാധ്യത. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയില്‍ ഡോളറിന്‍െറ വില കൂടുന്നത് സാധനങ്ങളുടെ വലി കുത്തനെ വര്‍ധിപ്പിക്കും. എണ്ണയുള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് വില ഇനിയും കൂടും. എല്ലാ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ കൂടുതല്‍ പണം അയക്കുന്നതോടെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരും. ഇതും വില വര്‍ധനവിന് കാരണമാകും. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസര്‍വ് ബാങ്കിന്‍െറ കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ ഡോളര്‍ വില്‍ക്കുന്നതോടെ ഒരു പരിധിവരെ രൂപയുടെ മൂല്യം വര്‍ധിക്കും.
 
എന്നാല്‍ റിസര്‍വ് ബാങ്കിന് പരിധിയില്‍ കവിഞ്ഞ് ഇതു ചെയ്യാനാവില്ല. അതുകൊണ്ടു തന്നെ രൂപയുടെ വിലയിടിവ് കാര്യമായ മാറ്റമില്ലാതെ തുടരാനാണ് സാധ്യത. ഇതിനു പുറമെ സിംഗപ്പൂര്‍ , ദുബൈ എന്നിവിടങ്ങളില്‍ എന്‍.ഡി.എഫ് മാര്‍ക്കറ്റില്‍ (നോണ്‍ ഡെലിവറബിള്‍ ഫോര്‍വേര്‍ഡ്) ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ ഡോളര്‍ വാങ്ങുന്നതും രൂപയുടെ വിലയിടിവിന് കാരണമാവുന്നുണ്ട്. ഇന്ത്യയില്‍ ഒരു ഡോളറിന് 56.49 രൂപ വിലയുള്ളപ്പോള്‍ എന്‍.ഡി.എഫ് മാര്‍ക്കറ്റില്‍ 57 രൂപയായിരുന്നു.
 
ഈ അവസരം മുതലെടുത്ത് ഇന്ത്യന്‍ കമ്പനികള്‍ അവിടെ കൂടുതല്‍ ഡോളര്‍ വാങ്ങുകയും ഇന്ത്യയില്‍ വിറ്റഴിക്കുകയും ചെയ്യുക എന്നതാണ് രീതി. രൂപയുടെ മൂല്യം ഇടിയാന്‍ ഈ വ്യാപാരവും ഇടയാക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അപ്രതീക്ഷിതമായാണ് ഡോളറിന്‍െറ വിനിമയ നിരക്ക് 56 രൂപക്ക് മുകളിലെത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ്ണ വില കുറഞ്ഞതോടെ ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന് വന്‍ ഡിമാന്‍റ് അനുഭവപ്പെട്ടിരുന്നു. ഇത് ഇന്ത്യയിലേക്ക് സ്വര്‍ണ്ണ ഇറക്കുമതി വര്‍ധിക്കാന്‍ കാരണമാക്കി. ഇറക്കുമതി വര്‍ധിച്ചത് ഡോളറിന്‍റെ  ഡിമാന്‍റ് വര്‍ധിപ്പിക്കാനും ഇടയാക്കി. 2012 സെപ്റ്റംബര്‍ എട്ടിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണ് ഇന്നലത്തേത്.
 
രൂപയുടെ നില ഭദ്രമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും തല്‍ക്കാലം വിനിമയ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് വിപണി നല്‍കുന്ന സൂചന.