ലൈഫ് സയന്‍സ് പാര്‍ക്കിന് സിംഗപ്പൂര്‍ മോഡല്‍

0

 

തിരുവനന്തപുരം: എമര്‍ജിംഗ് കേരളയിലൂടെ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ലൈഫ് സയന്‍സ് പാര്‍ക്കിന് സിംഗപ്പൂര്‍ സയന്‍സ് പാര്‍ക്കിന്റെ മോഡല്‍ നല്‍കും. തലസ്ഥാനത്ത് തോന്നയ്ക്കലിന് സമീപം വെയിലൂരില്‍ 260 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്കിന്റെ നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നത്. ബയോടെക്, നാനോടെക്, ഫാര്‍മസി കമ്പനികളുടെയും നിരവധി ഗവേഷണ സ്ഥാപനങ്ങളും ഉള്‍പെടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള പാര്‍ക്കായിരിക്കും ലൈഫ് സയന്‍സ് പാര്‍ക്ക്. നിരവധി ബയോടെക് കമ്പനികള്‍ ഇതിനോടകം തന്നെ അവരുടെ യൂണിറ്റുകള്‍ ലൈഫ് സയന്‍സ് സെന്ററില്‍ ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്.
 
പത്തോളം കമ്പനികളാണ് ഇത്തരത്തില്‍ അവരുടെ യൂണിറ്റുകള്‍ ആരംഭിക്കാന്‍ അനുമതി തേടിയിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായ ഒരു പ്രമുഖ ബയോടെക് കമ്പനിയും ഇതില്‍ ഉള്‍പ്പെടും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗത്തില്‍നിന്ന് അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകും. പാര്‍ക്കിന് സിംഗപ്പൂര്‍ പാര്‍ക്കിന്റെ മോഡല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സിംഗപ്പൂര്‍ സയന്‍സ് പാര്‍ക്ക് അതോറിറ്റിയുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററും പ്രോജക്ടിന്റെ ഭാഗമായി തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടുണ്ട്.
 
ഇതിനായി ആര്‍ക്കിടെക്ടുകള്‍, ഡിസൈനര്‍മാര്‍ എന്നിവരുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. കേന്ദ്ര ബയോടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററിനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ പദ്ധതിക്ക് തുടക്കമിടാനാണ് ലക്ഷ്യം. ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററിന് ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍, ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ ഉണ്ടാകും. ബയോടെക് കമ്പനികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളുള്‍പെടെ ലഭ്യമാക്കുകയാണ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം. മൂന്നു വര്‍ഷത്തേക്കായിരിക്കും ഇന്‍ക്യുബേഷന്‍ സെന്‍ര്‍ ഓരോ കമ്പനികള്‍ക്കും സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നത്. മൂന്നു വര്‍ഷങ്ങള്‍കൊണ്ട് കമ്പനിയെ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുകയാണ് ഉദ്ദേശിക്കുന്നത്. ചെറുകിട, ഇടത്തരം ഐ ടി കമ്പനികള്‍ക്ക് മാര്‍ക്കറ്റില്‍ ഇടംനേടിക്കൊടുക്കുകയാണ് ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രധാന ലക്ഷ്യം. മുന്നോക്കം നില്‍ക്കുന്ന ആറ് പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ശാസ്ത്രീയ സഹായങ്ങള്‍ നല്‍കാമെന്ന് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.