സൗജന്യയാത്രയ്ക്ക് വേണ്ടി ഉറക്കം കളയാനില്ലെന്ന് മലയാളികള്‍

0

സിറ്റിഹാള്‍ : രാവിലെ ഓഫീസ് സമയത്തുണ്ടാകുന്ന  ക്രമാതീതമായ തിരക്കുകള്‍ നിയന്ത്രിക്കാന്‍ സിംഗപ്പൂര്‍ ഗതാഗതവകുപ്പിന്റെ ഉത്തരവുപ്രകാരം ഒരു വര്‍ഷത്തേക്ക് 7,45-നു മുന്‍പ് സൗജന്യമായി ട്രെയിനില്‍ യാത്ര ചെയ്യാം .തിരഞ്ഞെടുക്കപ്പെട്ട 16 സ്റ്റെഷനുകളിലാണ് ഈ സൗകര്യം ഉണ്ടായിരിക്കുക .അതിരാവിലെ കൂടുത പേര്‍ യാത്ര ചെയ്യുവാന്‍ തുടങ്ങിയാല്‍ രാവിലെ 8 മുതല്‍ 10 വരെ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാന്‍ സാധിക്കുമെന്ന നിഗമനത്തിലാണ് പുതിയ നീക്കം .ഇന്നുമുതല്‍ ഈ പ്രത്യേക സൗകര്യം നിലവില്‍ വന്നു .7.45-നും 8-നും ഇടയില്‍ യാത്ര അവസാനിപ്പിക്കുന്നവര്‍ക്ക് 50 % ഇളവും പ്രഖ്യാപിച്ചിട്ടുണ്ട് .
 
എന്നാല്‍ ഒന്നോ രണ്ടോ ഡോളര്‍ ലഭിക്കാന്‍ വേണ്ടി ഉറക്കം കളയാനില്ലെന്നാണ് മലയാളികളുടെ നിലപാട് .പ്രവാസി എക്സ്പ്രസ് നടത്തിയ സര്‍വേയില്‍ ആരും ഇന്നു നേരത്തെ യാത്ര ചെയ്യുവാന്‍ തുടങ്ങിയിട്ടില്ല എന്ന് വ്യക്തമാകുന്നു .30% പേരെങ്കിലും ഇത്തരത്തിലൊരു വാര്‍ത്ത‍യെപ്പറ്റി ഇതുവരെ അറിഞ്ഞിട്ടില്ല .25% പേര്‍ ഓഫീസ് സമയം നേരത്തെ തുടങ്ങാന്‍ അനുവദിച്ചാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്ന് പറയുന്നു .പൊതുവേ കൂടുതല്‍ സമയം രാവിലെ ഉറങ്ങുവാനാണ് മലയാളികളുടെ താല്‍പ്പര്യം എന്നാണ് വ്യക്തമാകുന്നത് .കൂടാതെ മലയാളികളില്‍ നല്ലൊരു ശതമാനവും സിറ്റിയില്‍ നിന്ന് മാറി ജോലി ചെയ്യുന്നവരോ ,ഷിഫ്റ്റില്‍ ജോലി ചെയ്യുവരോ ആയതുകൊണ്ട് പലരും ഈ സൗജന്യപരിധിയില്‍ ഉള്‍പ്പെടുന്നില്ല .
 
കൂടുതല്‍ ട്രെയില്‍ സര്‍വീസ് ഇന്നു രാവിലെ 7.45-നു മുന്‍പ് ക്രമീകരിചെങ്കിലും പ്രതീക്ഷിച്ച രീതിയിലുള്ള തിരക്ക് ഉണ്ടായിട്ടില്ല എന്നാണ് ആദ്യ ദിവസത്തെ കണക്കുകള്‍ തെളിയിക്കുന്നത് .