രൂപ നിലംപൊത്തി ;സിംഗപ്പൂര്‍ ഡോളര്‍ നാട്ടിലേക്കൊഴുകുന്നു ,വിദ്യാര്‍ഥികള്‍ വലയുന്നു

0

സിംഗപ്പൂര്‍ : ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിനിമയ നിരക്ക് റെക്കോര്‍ഡിലേക്ക്. സിംഗപ്പൂര്‍ ഡോളര്‍ ചില ദിവസങ്ങളില്‍ 47.50 വരെ എത്തിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേക്ക് വന്‍ തോതില്‍ പണം അയക്കുന്നതായി വിവിധ ബാങ്കുകളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു .കഴിഞ്ഞ ദിവസങ്ങളില്‍  വെസ്റ്റേണ്‍ യൂണിയന്‍ ,മുസ്തഫ എന്നിവിടങ്ങളില്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു .

എന്നാല്‍ ജോലി ചെയ്യുന്ന മലയാളികള്‍ അവസരം വിനിയോഗിക്കുമ്പോള്‍ സിംഗപ്പൂരിലുള്ള അനേകം വിദ്യാര്‍ത്ഥികള്‍ മൂല്യത്തകര്‍ച്ച മൂലം വലയുന്നു .ഉദാഹരണത്തിന് 2011 ജൂലൈയില്‍  10000 ഡോളര്‍ ഫീസ്‌ അടയ്ക്കേണ്ട ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടത് 3.5 ലക്ഷം രൂപയായിരുന്നെങ്കില്‍ ഇന്നു അതേ ഫീസ്‌ അടയ്ക്കാന്‍ നല്‍കേണ്ടത് 4.7 ലക്ഷം രൂപയില്‍ കൂടുതലാണ് .അതായതു ആദ്യ വര്‍ഷം പഠിക്കുന്ന ഒരു വിദ്യാര്‍ഥി മൂന്നാം വര്‍ഷത്തിലെത്തിയപ്പോള്‍ 1.2ലക്ഷം രൂപയോളം മൂല്യത്തകര്‍ച്ച കൊണ്ട് മാത്രം അധികമായി ഉണ്ടാക്കേണ്ടി വരുന്നു .ഇതുകൂടാതെ സിംഗപ്പൂരിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഫീസ്‌ വേറെയും തലവേദന സൃഷ്ട്ടിക്കുന്നു .

 
സംസ്ഥാനത്തെ പ്രവാസിനിക്ഷേപത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 36 ശതമാനം വര്‍ധനയുണ്ടായതായി സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ സംസ്ഥാനത്തെ പ്രവാസിനിക്ഷേപം 66,190 കോടി രൂപയാണെന്നാണ് കണക്ക്. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപം 17,736 കോടി രൂപ വര്‍ധിച്ചിട്ടുണ്ട്. രൂപയുടെ വിലയിടിവാണ് സംസ്ഥാനത്തെ ബാങ്കുകളിലേക്ക് പ്രവാസിനിക്ഷേപം കൂടുതലായി ഒഴുകിയെത്താന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 
 
കേരളത്തിന് നേട്ടമുണ്ടാകുമ്പോഴും ആഭ്യന്തര നിക്ഷേപത്തിന്റെ വളര്‍ച്ചാനിരക്ക് കുറയുകയാണ്. 2012 മാര്‍ച്ചില്‍ മൊത്തം നിക്ഷേപത്തിന്റെ 76.67 ശതമാനം ആഭ്യന്തര നിക്ഷേപമായിരുന്നു. എന്നാല്‍ ഈ മാര്‍ച്ചിലെത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപത്തിന്റെ പങ്ക് കുത്തനെ കുറഞ്ഞ് 71.11 ശതമാനത്തിലെത്തി.