സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതോടെ സര്‍ക്കാരും ഹാക്കര്‍മാരും നേര്‍ക്കുനേര്‍

0

 

സിംഗപ്പൂര്‍ : കഴിഞ്ഞ ഒരാഴ്ചയായി സിംഗപ്പൂര്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുമെന്ന അജ്ഞാതസന്ദേശം ഭീതി പരത്തുന്ന രീതിയില്‍ വളര്‍ന്നതോടെയാണ് എന്ത് വിലകൊടുത്തും ഹാക്കര്‍മാരെ നേരിടുമെന്ന പ്രഖ്യാപനവുമായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ഇന്നലെ രംഗത്ത് വന്നത് .എന്നാല്‍ ഈ വാര്‍ത്ത‍ പ്രസിദ്ധീകരിച്ച പ്രധാനമന്ത്രിയുടെ സൈറ്റിന്റെ മുകളില്‍ തന്നെ ഹാക്കര്‍മാര്‍ ഇന്നലെ രാത്രി സന്ദേശം എഴുതിവച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുകയാണ്‌ ."സിംഗപ്പൂരിയന്‍ ആയതില്‍ ഇന്നഭിമാനിക്കുന്നു" എന്നതായിരുന്നു സന്ദേശം .  ഒരാഴ്ചമുന്‍പ് അജ്ഞാതരെക്കുറിച്ച് തെറ്റായ വാര്‍ത്ത‍ കൊടുത്തതിനെതുടര്‍ന്നു സ്റ്റെയിട്ട്സ് ടൈംസ്‌ പത്രത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു .കൂടാതെ ടൌണ്‍ കൌണ്‍സില്‍ വെബ്സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു .ഇതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി ഇന്നലെ പ്രസ്താവന നടത്തിയത് .

 
ഹാക്ക് ചെയ്യപ്പെട്ട വിവരം ഐഡിഎ (IDA) സ്ഥിരീകരിച്ചു .എന്നാല്‍ വെബ്സൈറ്റ് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങിയെത്തിയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത് .രാത്രിയോടെ തന്നെ രാഷ്ട്രപതിയുടെ പ്രധാന വെബ്സൈറ്റായ ഇസ്താനയും അക്രമിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്നുണ്ട് .എല്ലാ സര്‍ക്കാര്‍ വെബ്സൈറ്റുകളും കൂടുതല്‍ സുരക്ഷിതമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ ആക്രമണം പ്രതീക്ഷിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത് .
 
അന്വേഷണം സിംഗപ്പൂരിനു പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ് .എന്നാല്‍ ഹാക്കര്‍മാര്‍ കൂടുതല്‍ ജനങ്ങളുടെ പിന്തുണ ഈ നീക്കത്തിന് വേണമെന്നും ആക്രമണം സിംഗപ്പൂരിനോടല്ല ,മറിച്ചു സര്‍ക്കാരിനോട് മാത്രമാണെന്നും ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നുണ്ട് .ഇത്തരത്തിലൊരു ആക്രമണത്തെ ഇങ്ങനെ സിംഗപ്പൂര്‍ സര്‍ക്കാര്‍ പ്രതിരോധിക്കുമെന്നു വരും ദിവസങ്ങളില്‍ കാത്തിരുന്ന് കാണേണ്ടി വരും .