ലിറ്റില്‍ ഇന്ത്യയില്‍ മൂന്ന് ദിവസത്തേക്ക് മദ്യനിരോധനം

0
സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യയില്‍ ഞായറാഴ്ച നടന്ന കലാപത്തെ തുടര്‍ന്ന് ഡിസംബര്‍ 14,15,16 തീയതികളില്‍ മദ്യനിരോധനം .കൃത്യമായി ഏതു മേഖലയിലായിരിക്കും മദ്യനിരോധനം എന്നതിനെ സംബദ്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല .ഡിസംബര്‍ 14-നു രാവിലെ 6 മുതല്‍ 16-നു രാവിലെ 5.59 വരെയായിരിക്കും നിയന്ത്രണമെന്ന് ലിക്വര്‍ ലൈസന്‍സിംഗ് ബോര്‍ഡ് (LLB)അറിയിച്ചു .പല ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്തപ്രകാരം സിംഗപ്പൂരിലോ ,ലിറ്റില്‍ ഇന്ത്യയിലോ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി സിംഗപ്പൂര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല .
 
കലാപത്തിനു പ്രധാന കാരണം ലിറ്റില്‍ ഇന്ത്യയില്‍  കൂടിയിരുന്നവര്‍ മദ്യപിച്ചതാകാമെന്ന് മന്ത്രി എസ്.ഈശ്വര്‍ പ്രസ്താവിച്ചിരുന്നു .അക്കാരണം കൊണ്ടുതന്നെ ജനക്കൂട്ടത്തിന്റെ പ്രതികരണം അക്രമാസക്തമായി മാറിയിരിക്കാമെന്നാണ് ലിറ്റില്‍ ഇന്ത്യയില്‍ അധിവസിക്കുന്ന ജനങ്ങളും അഭിപ്രായപ്പെടുന്നത് .ജനങ്ങള്‍ ഈ തീരുമാനത്തെ സന്തോഷത്തെ സ്വീകരിക്കുമെന്ന് സ്ഥലത്തെ എം.പിയും അഭിപ്രായപ്പെട്ടു .ഇതു സംബദ്ധിച്ച നോട്ടീസ് കച്ചവടക്കാര്‍ക്ക് നേരിട്ട് നല്‍കിയതായി എല്‍,എല്‍ .ബി പ്രസ്താവിച്ചു .
 
സ്ഥിരമായി ലിറ്റില്‍ ഇന്ത്യയില്‍ മദ്യം നിരോധിക്കണമെന്നാണ് ഒരു പറ്റം ആളുകളുടെ ആവശ്യം.എന്നാല്‍ അതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും ലിറ്റില്‍ ഇന്ത്യ പോലെ മറ്റൊരു  സ്ഥലം സിംഗപ്പൂരില്‍ വേറൊരിടത്ത് രൂപപ്പെടുന്നതിന് സഹായകമാവുകയുള്ളൂവെന്നും മറ്റൊരു വിഭാഗം അവകാശപ്പെടുന്നു .മദ്യത്തിനു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല .സുലഭമായി മദ്യം ലഭിക്കുന്ന യൂറോപ്യന്‍ മോഡല്‍ രീതിയാണ്‌ ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരിലും നിലവിലുള്ളത് .
 
ലിറ്റില്‍ ഇന്ത്യയിലെ ഹോട്ടലുകളിലെ കച്ചവടം മൂന്നിലൊന്നായി കുറഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.വരുന്ന ദിവസങ്ങളിലും തിരക്ക് കുറവായിരിക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു .കനത്ത വാടക കൊടുത്തു  കച്ചവടം നടത്തുന്നവര്‍ പ്രതിസന്ധിയിലാണ് .സിംഗപ്പൂര്‍ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് പോകുമെന്ന ഭീതിയിലുമാണ് കച്ചവടക്കാര്‍ .എന്നാല്‍ പ്രശ്നങ്ങളെല്ലാം  രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം .