എന്താണ് ക്രിസ്തുമസ്……?

0

വീണ്ടുമൊരു ക്രിസ്തുമസിന്‍റെ മംഗള സംഗീതം ഉയരുന്നു….  ഗായക സംഘങ്ങളുടെ കരോള്‍ ഗാനങ്ങള്‍ എങ്ങും അലയടിക്കുന്നു…. ദേവാലയങ്ങള്‍ പ്രാര്‍ഥനാ നിര്‍ഭരവും അലങ്കാര പോലിമയിലും നിറഞ്ഞു നില്‍ക്കുന്നു…ഹേമന്തക്കുളിരില്‍ തൂമഞ്ഞണിഞ്ഞ രാവില്‍ ഈ മണ്ണിനെ പുളകമണിയിച്ചുകൊണ്ട് ലോകത്തിനു ശാന്തിയും സമാധാനവും രക്ഷയും നല്‍കുവാനായി ദൈവപുത്രന്‍ ഈ ഭൂമിയില്‍ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ദിനമായ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ആഹ്ലാദ തിമിര്‍പ്പോടെ ആഘോഷ മനസ്സോടെ ഏവരും തയ്യാറായി കഴിഞ്ഞു . ക്രിസ്തുമസിന്‍റെ  സന്ദേശങ്ങളും ഓര്‍മ്മപ്പെടുത്തലുകളുടെ നിറവാര്‍ന്ന പരിപാടികളുമായി ചാനലുകള്‍ മത്സരിക്കുന്നു. ഈ സമയത്ത് ക്രിസ്തുമസിന്‍റെ ചില കാണാക്കാഴ്ചകളിലേക്ക് കണ്ണോടിക്കാനും അറിയാത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും ശ്രമിക്കുകയാണിവിടെ. ക്രിസ്തു ജനിച്ചത് ഡിസംബര്‍ 24രാത്രി ആണെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ഏറ്റവും തണുപ്പുള്ള രാത്രിയും ചില ചരിത്രപരമായ വസ്തുതകളും ആധാരമാക്കിയാണ് ഈ തീയതി അനുമാനിക്കപ്പെടുന്നത്. ചില രാജ്യങ്ങളില്‍ മറ്റു തീയതികളില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. തീയതിയോ മാസമോ സമയമോ അല്ല ഇവിടെ പ്രാധാന്യം, 'ക്രിസ്തു ജനിച്ചു' എന്നതാണ് ക്രിസ്തുമസ് വിളിച്ചറിയിക്കുന്ന സത്യം.

ഇന്നത്തെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പതിവ് കാഴ്ചകളായ  ക്രിസ്തുമസ് കേക്ക്, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് കാര്‍ഡ്‌, ക്രിസ്തുമസ് ഫാദര്‍ എന്നിങ്ങനെ ക്രിസ്തുമസിനോട് അനുബന്ധിച്ച്  നാം കാണുന്ന ആര്‍ഭാടങ്ങളില്‍ നക്ഷത്രമോഴികെ മറ്റൊന്നിനും 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ബെതലേമില്‍ നടന്ന ക്രിസ്തുവിന്‍റെ ജനനവുമായി യാതൊരു പങ്കുമില്ല. കാലക്രമേണ വന്നു ചേര്‍ന്നവയാണ്‌ അവയില്‍ പലതും. ചരിത്രപരമായ പല കാരണങ്ങളും അതിന്‍റെ പിന്നില്‍ ഉണ്ടെന്നു മാത്രം.

ക്രിസ്തുവിനെ ഗര്‍ഭത്തില്‍ ചുമക്കുന്ന മറിയത്തെയും കൂട്ടി ജോസഫ് വഴിയമ്പലങ്ങളില്‍ പോയി പ്രസവിക്കാന്‍ ഇടം ചോദിച്ചപ്പോള്‍ ലഭ്യമാകാതെ ഒരു കാലിത്തൊഴുത്തില്‍ മറിയം പ്രസവിച്ചു എന്നാണു  പൊതുവേ എല്ലാവരുടെയും ധാരണ. എന്നാല്‍ ബൈബിള്‍ സസൂക്ഷ്മം പഠിച്ചാല്‍ വഴിയരികില്‍ പിറന്ന കുഞ്ഞിനെയും കൊണ്ടാണ് സത്രത്തില്‍ പോയതെന്നും അവിടെയെങ്ങും സ്ഥലമില്ലായ്കയാല്‍ കാലിത്തൊഴുത്തില്‍ കിടത്തി എന്നത്രേ എഴുതിയിരിക്കുന്നതെന്ന്  മനസ്സിലാക്കാന്‍ കഴിയും. ലോകമൊക്കെയും പേര്‍വഴി ചാര്‍ത്തേണം എന്ന്‍ ഓഗസ്റ്റസ് കൈസരുടെ ആജ്ഞ പുറപ്പെട്ടതിനെ തുടര്‍ന്ന്‍ യോസഫ്,ഗര്‍ഭിണിയായ മറിയയെ കൂട്ടി ചാര്‍ത്തപ്പെടേണ്ടതിനു ഗലീലയിലെ നസറെത്തില്‍ നിന്ന് യഹൂദ്യയിലെ ബതലഹേം എന്ന പട്ടണത്തിലേക്ക് പോകുന്ന യാത്രാ മദ്ധ്യേ അവള്‍ക്ക് പ്രസവത്തിനുള്ള കാലം തികഞ്ഞു. അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലമില്ലായ്കയാല്‍ പശുതോട്ടിലില്‍ കിടത്തി എന്നത്രേ അവിടെ എഴുതിയിരിക്കുന്നത്.(ലൂക്കോസ്:2:1-7)

ക്രിസ്തു ജനിച്ചപ്പോള്‍ കാണാന്‍ പോയ വിദ്വാന്മാര്‍ക്ക് വഴികാട്ടിയായി വാനിലുദിച്ചൊരു താരകം പോയതിന്‍റെ സ്മരണയുണര്‍ന്നതിന്‍റെ ഭാഗമായാണ്  ക്രിസ്തുമസ് ആഘോഷങ്ങളില്‍ 'നക്ഷത്രങ്ങള്‍' കടന്നുവന്നത്. ജനന വാര്‍ത്ത ദൈവദൂതന്മാര്‍ ആദ്യം അറിയിക്കുന്നത് കാനന മേടകളില്‍ ആടുകളെ മേയ്ച്ചിരുന്ന അജപാലകര്‍ക്കായിരുന്നു.  അവരോടു അന്ന് പറഞ്ഞ ദൂതില്‍  അടങ്ങിയ ഒരു ശ്രദ്ധേയമായ ഒരു വലിയ സന്ദേശം സര്‍വ്വ ലോകത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷമാണ് ക്രിസ്തുമസ് എന്നതായിരുന്നു.

പാപത്തിന്‍റെ അഗാധ ഗര്‍ത്തത്തിലാണ്ടുപോയ മര്‍ത്യ വര്‍ഗത്തിന്‍റെ മോചനത്തിനും രക്ഷക്കുമായാണ് ക്രിസ്തു ഭൂമിയില്‍ പിറന്നത്. മനുഷ്യന്‍റെ പാപങ്ങള്‍ക്ക് പരിഹാരമായി കാല്‍വരിയില്‍ മരിക്കുക എന്ന ദൗത്യ നിര്‍വഹണത്തിനായിട്ടാണ് ക്രിസ്തു മനുഷ്യനായി ഭൂമിയില്‍ ജനിച്ചത്. ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്‍റെയോ മാത്രം രക്ഷകനായല്ല ക്രിസ്തു ജനിച്ചത്‌; മറിച്ച്, സര്‍വ്വ ജാതിയുടെയും, വംശത്തിന്‍റെയും ഗോത്രത്തിന്‍റെയും ഭാഷക്കാരുടെയും വീണ്ടെടുപ്പിനും പുതുജീവനുമായാണ് ദൈവപുത്രന്‍ ഈ ഭൂമിയില്‍ ജനിച്ചത്‌. അതുകൊണ്ട് ഓരോ മനുഷ്യനിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവന്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ അനുഭവവേദ്യമാകന്നു എന്ന സത്യം ഈ ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ നാം മനസ്സിലാക്കേണ്ടതാണ്.

ഈ ലോകത്തിനു മുഴുവന്‍ രക്ഷകനായി പിറന്ന കര്‍ത്താവ്‌ ജനിച്ചത്‌ ഒരു മണിമാളികയിലോ രാജകൊട്ടാരത്തിലോ ആയിരുന്നില്ല. ഈ ദൈവപുത്രന് പിറന്നു വീഴാന്‍ ആരോരുമില്ലാത്ത വഴിയോരവും കിടക്കാന്‍ ഗോശാലയിലെ പുല്‍തൊട്ടിലുമാണ് ലഭിച്ചത്. വെളിമ്പ്രദേശത്ത് കിടന്ന ആട്ടിടയന്മാര്‍ക്കായിരുന്നു മാലാഖമാര്‍ ആദ്യം ആ സന്ദേശം പകര്‍ന്നു കൊടുത്തത്‌. ഏതു താഴ്ന്ന അവസ്ഥയില്‍ നാം ആയിരുന്നാലും അവിടേക്ക് ഇറങ്ങിവന്നു നമ്മെ കരുതുവാനും സ്നേഹിപ്പാനും മനസ്സുള്ളവനാണ് ഈ കര്‍ത്താവ്‌ എന്ന വലിയ സന്ദേശമാണ് ക്രിസ്തുമസ് വിളിച്ചറിയിക്കുന്നത്.

ക്രിസ്തു പഠിപ്പിച്ച സദ്ഗുണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സ്നേഹമാണ്. സ്വാര്‍ഥതയും അസഹിഷ്ണുതയും നടമാടുന്ന ഈ കാലത്ത് സ്വന്തം ലാഭങ്ങള്‍ക്ക് വേണ്ടി സഹോദരനെയും മക്കളെയും മാതാപിതാക്കളെയും വരെ സംഹരിക്കാന്‍ തയ്യാറാവുന്ന വര്‍ത്തമാനകാല ചുറ്റുപാടില്‍ ക്രിസ്തു പകര്‍ന്നു തന്ന സ്നേഹത്തിന്‍റെ മാതൃക പിന്‍പറ്റാന്‍ നമുക്കും ശ്രമിക്കാം. എല്ലാ വായനക്കാര്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ ക്രിസ്തുമസ് – നവവത്സര ദിനാശംസകള്‍.