കെ.പി ഉദയഭാനു അന്തരിച്ചു

0

പ്രശസ്ത ഗായകനും, സംഗീത സം‌വിധായകനുമായിരുന്ന കെ.പി ഉദയഭാനു അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയാലിയിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് കിടപ്പിലായിരുന്നു.

മലയാള ചലച്ചിത്ര ഗാനാലാപനരംഗത്തെ പഴയതലമുറയിലെ പ്രശസ്ത ഗായകനും സംഗീതസം‌വിധായകനുമായിരുന്നു കെ.പി. ഉദയഭാനു. 1936 ജൂണ്‍ 6-ന് പാലക്കാട് ജില്ലയിലെ തരൂരിലായിരുന്നു ജനനം. കെ.ജെ.യേശുദാസും പി.സുശീലയും എത്തുന്നതിനു മുമ്പ്‌ മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ ഗായകനായിരുന്നു ഉദയഭാനു.

1955ല്‍ കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സര്‍ ആയാണ് തുടക്കം. 1958 ല്‍ ഇറങ്ങിയ 'നായരു പിടിച്ച പുലിവാല്‍' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് സിനിമാ പിന്നണി ഗാനരംഗത്തെത്തുന്നത്.

'വെള്ളിനക്ഷത്രമേ നിന്നെ നോക്കി, കാനനച്ഛായയില്‍ ആടു മേയ്ക്കാന്‍, അനുരാഗ നാടകത്തില്‍,  താമരത്തുമ്പീ വാ, പെണ്ണാളേ പെണ്ണാളേ തുടങ്ങിയവ ഉദയഭാനു അനശ്വരമാക്കിയ ഗാനങ്ങളാണ്.വേറിട്ട ശബ്ദത്തിന്‍റെ ഉടമയായ ഉദയഭാനു വിഷാദഗാനങ്ങളുടെ തോഴനായാണ് അറിയപ്പെട്ടിരുന്നത്.

കേരള സംഗീത നാടക അക്കാഡമിയുടെ ഫെല്ലോഷിപ്പ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
 
നാല് വര്‍ഷം മുമ്പ് ഒരു ചാനല്‍ പരിപാടിക്കിടയില്‍ വീണതോടെയാണ് ഇദ്ദേഹത്തിന് അസ്വസ്ഥതകള്‍ തുടങ്ങുന്നത്. പാര്‍ക്കിന്‍സണ്‍ രോഗം കലശലായതോടെ സംസാരശേഷി നഷ്ടമായ അദ്ദേഹം പൂര്‍ണമായും കിടക്കയിലായിട്ട് ഒരു വര്‍ഷത്തിലേറെയായി.  ഈ സാഹചര്യത്തില്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു അദ്ദേഹത്തിന്‍റെ ആരാധകരും സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നു. പദ്മശ്രീ ജേതാവും ഏറ്റവും മുതിര്‍ന്ന ഗായകനുമായ ഇദ്ദേഹത്തെ സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ല എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ടായിരുന്നു.

കാനനച്ഛായയില്‍ ആടു മേയ്ക്കാന്‍: