കുഞ്ഞാറ്റ: ആദ്യ സ്ക്രീനിംഗ് സിംഗപ്പൂരില്‍

0

മാതൃത്വത്തിന്‍റെ വിവിധ ഭാവങ്ങള്‍ പറയുന്ന ഹ്രസ്വചലച്ചിത്രം “കുഞ്ഞാറ്റ” സിംഗപ്പൂരില്‍ നിറ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ന്‍ വൈകിട്ട് 5 മണിക്ക് സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് പി.കെ.കോശി, കവി സുധീരന്‍, പ്രവാസി എക്സ്പ്രസ് ചീഫ്‌ എഡിറ്റര്‍ രാജേഷ്‌ കുമാര്‍, ഇതളുകള്‍ ചീഫ്‌ എഡിറ്റര്‍ സത്യന്‍ പൂക്കുട്ടത്ത് തുടങ്ങി കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രഗത്ഭര്‍ പങ്കെടുത്തു. മാണിക്കോത്ത്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രജില്‍ മാണിക്കോത്ത്‌ നിര്‍മ്മിച്ച “കുഞ്ഞാറ്റ”യുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പനയം ലിജുവാണ്.

16 മിനിറ്റ് ദൈര്‍ഘ്യമുള്ള കുഞ്ഞാറ്റ മാതൃത്വത്തിന്‍റെ വിവിധ ഭാവങ്ങളെ വരച്ചുകാട്ടുന്ന കാലിക പ്രാധാന്യമുള്ള കഥയാണ്‌ പ്രതിപാദിക്കുന്നത്. പൂര്‍ണ്ണമായും കേരളത്തില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്‍റെ സാങ്കേതിക മികവും ചായാഗ്രഹണവും സംവിധാനവും മികവുറ്റ നിലവാരം പുലര്‍ത്തുന്നതാണ്.

ഇത്തരം സാമൂഹ്യ സന്ദേശങ്ങള്‍ നല്‍കുന്ന ചിത്രങ്ങള്‍ ഇനിയും ഉണ്ടാവട്ടെയെന്നു ആശംസാ പ്രസംഗങ്ങള്‍ പറഞ്ഞ പി.കെ.കോശി, സുധീരന്‍, പ്രമോദ്‌ ആര്‍.ബി, ഗംഗാധരന്‍, അജിത്കുമാര്‍ ടി, എന്നിവര്‍ ആശംസിക്കുകയുണ്ടായി. കൂടാതെ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം  ചെയ്യപ്പെടണമെന്നും ക്യാപ്റ്റന്‍ പിള്ള പറഞ്ഞു. ഇതില്‍ അഭിനയിച്ച  റബിന്‍ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവച്ചു.