സിംഗപ്പൂരിലെ ‘തട്ടിക്കൂട്ട്’ കമ്പനിയില്‍ നിന്ന് റിലയന്‍സിന് 6,530 കോടി :എഎപി

0
ന്യൂഡല്‍ഹി : റിലയന്‍സിനും മുകേഷ് അംബാനിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി വീണ്ടും രംഗത്ത്. സിംഗപ്പൂരിലെ 'തട്ടിക്കൂട്ട്' കമ്പനിയുടെ പേരില്‍ റിലയന്‍സിന് 6, 530 കോടിയുടെ നിക്ഷേപം വന്നതിനെക്കുറിച്ച് കേന്ദ്രം ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്ന് എ.എ.പി. നേതാവ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഗ്രൂപ്പ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടത്തുന്നതായുള്ള വിവരം ലഭിച്ചിട്ടും യുപിഎ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നാണ്  ആം ആദ്മി പാര്‍ട്ടി ആരോപണം.
 
കോടികളുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സിംഗപ്പൂരിലെ ബയോ മെട്രിക്‌സ് മാര്‍ക്കറ്റിങ് എന്ന കമ്പനിയില്‍നിന്ന് ഇന്ത്യയിലേക്ക് 6,530 കോടിയുടെ നിക്ഷേപം വരുന്നുണ്ടെന്ന് കാണിച്ച്   ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ 2011 ആഗസ്ത് 31-ന് അയച്ച കത്തും ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. ഒരു ബിസിനസ്സും ചെയ്യാത്ത ഒറ്റമുറിക്കമ്പനിയാണ് ബയോ മെട്രിക്‌സ് എന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ കമ്പനിക്ക് ആസ്തിയോ ഓഹരിയോ ഇല്ല. വരുമാനമൊന്നുമില്ലെന്നുകാട്ടി സിംഗപ്പൂരില്‍ ഇവര്‍ ആദായനികുതി അടച്ചിട്ടുമില്ല. ഇത്തരം കമ്പനിക്ക് എവിടെനിന്നാണ് ഇത്രയും വലിയതുക നിക്ഷേപം നടത്താന്‍ സാധിക്കുന്നത് എന്നാണ് ഹൈക്കമ്മീഷന്‍ ചോദിച്ചത്. 
 
ബയോ മെട്രിക്സിന്റെ ഉടമ അതുല്‍ ശാന്തികുമാര്‍ ദയാല്‍ മുംബൈ സ്വദേശിയാണ്. അതുല്‍ റിലയന്‍സിന്റെ നിരവധി സ്ഥാപനങ്ങളുടെ ഡയറക്ടറുമാണ്. ഹൈക്കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി കുറച്ചു നാളുകള്‍ക്കുശേഷം ഈ സ്ഥാപനം പൂട്ടിയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ ചെയര്‍മാനും എംഡിയുമായ സുധീര്‍ വാസുദേവയുടെ സേവനകാലം ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി വീരപ്പ മൊയ്ലി ആവശ്യപ്പെട്ടതിലും അഴിമതിയുണ്ട്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ വാസുദേവയുടെ നിയമനത്തെ 2010 ല്‍ തന്നെ എതിര്‍ത്തിരുന്നു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം രണ്ടാമതു നല്‍കിയ റിപ്പോര്‍ട്ടിലും കമ്മിഷന്‍ വാസുദേവയുടെ നിയമനത്തെ എതിര്‍ത്തു. ഇരു റിപ്പോര്‍ട്ടുകളും വകവയ്ക്കാതെയാണ് നിയമിച്ചത്. 
 
ആരോപണവിധേയരായ ഉദ്യോഗസ്ഥരെ തുടരാന്‍ അനുവദിക്കുമ്പോള്‍ത്തന്നെ സത്യസന്ധരെ ഒഴിവാക്കുന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. റിലയന്‍സിന്റെ അധീനതയിലുള്ള കെ.ജി. ബേസിനില്‍ ഖനനത്തിന്റെ ഓരോഘട്ടം കഴിയുമ്പോഴും ആ ഭാഗം ഉപേക്ഷിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാല്‍, മൂന്നാംഘട്ടമായിട്ടും കേന്ദ്രം റിലയന്‍സിനുതന്നെ കെ.ജി.ബേസിനിലെ ഡി 6 ബ്ലോക്കില്‍ ഖനനം നടത്താന്‍ അനുമതി നല്‍കുകയാണ്. ഇതിനെതിരെ നിലപാടെടുത്ത ഡി.ജി.എച്ച്.(ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍) ആര്‍.എന്‍. ചൗബെയെ മാറ്റി മറ്റൊരാളെ നിയമിച്ചു. റിലയന്‍സിനെഎത്രമാത്രം കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 
 
പെട്രോളിയം മന്ത്രാലയത്തിന്റെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കേണ്ടത് പരിസ്ഥിതി മന്ത്രാലയമാണ്. എന്നാല്‍, ഇതിന്റെ രണ്ടിന്റെയും മന്ത്രി വീരപ്പമൊയ്‌ലിതന്നെയാണ്. ഇത് വിരുദ്ധ താത്പര്യത്തില്‍ വരുന്നതാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 
 
മുകേഷ് അംബാനിക്കും അനില്‍ അംബാനിക്കും വിദേശ ബാങ്കില്‍ തെറ്റായി അക്കൗണ്ടുകളുണ്ടെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണം റിലയന്‍സ് നിഷേധിച്ചിരുന്നു. എന്നാല്‍, എച്ച്.എസ്.ബി.സി. ബാങ്കിലെ ഇവരുടെ അക്കൗണ്ട് നമ്പറുകള്‍വരെ വെളിപ്പെടുത്തിയിട്ടും ഇത് തങ്ങളുടേതല്ലെന്ന് റിലയന്‍സും അംബാനിയും വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്ന് ഭൂഷണ്‍ ചോദിച്ചു.