മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ തിരോധാനം: തീവ്രവാദബന്ധം?

0
 
ഇന്നലെ മലേഷ്യയില്‍ നിന്നും ചൈനയിലേക്കുള്ള പറക്കലിനിടയില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ തിരോധാനത്തില്‍ തീവ്രവാദബന്ധമുണ്ടോ എന്ന സംശയം വ്യാപകമാകുന്നു.
 
തായ് ലാന്‍ഡില്‍  വച്ച് നഷ്ടപ്പെട്ട യൂറോപ്യന്‍ പാസ്പോര്‍ട്ടുകള്‍ രണ്ടു പേര്‍ വിമാനത്തില്‍ കയറിയതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് തീവ്രവാദബന്ധം ഉണ്ടോ എന്ന സംശയം വ്യാപകമാകുന്നത്. വിമാനത്തില്‍ കയറി എന്ന് കരുതിയിരുന്ന രണ്ടു പേര്‍ തങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിയതോടെയാണ് മോഷണം പോയ പാസ്സ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് രണ്ടു പേര്‍ അകത്തു കടന്നതായി മനസിലായത്. ഒരു ഓസ്ട്രിയന്‍ സ്വദേശിയും ഒരു ഇറ്റാലിയനുമാണ് തങ്ങള്‍ക്ക് മുന്‍പ് നഷപ്പെട്ട പാസ്സ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് മറ്റാരോ ആണ് യാത്ര ചെയ്തത് എന്ന് അറിയിച്ചത്. യൂറോപ്യന്‍ പാസ്സ്പ്പോര്ട്ടുകള്‍ ഉപയോഗിച്ച് യാത്ര ചെയ്തു എന്ന് കരുതപ്പെടുന്ന മറ്റു രണ്ടുപേരും കൂടി വിമാനത്തില്‍ ഉണ്ടായിരുന്നില്ല. എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മോഷണം പോയ പാസ്സ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് രണ്ടു പേര്‍ വിമാനത്തിനുള്ളില്‍ കടന്നത്‌ കടുത്ത സുരക്ഷാ വീഴച്ച ആയാണ് കരുതപ്പെടുന്നത്.
 
റഡാറില്‍ തിരോധാനത്തിന് തൊട്ടു മുന്‍പ് വിമാനം ക്വാലാലംപൂരിലേക്ക് തിരിച്ചു പോകുവാന്‍ ശ്രമിച്ചതായി കാണപ്പെടുകയും ചെയ്തതോടെ അട്ടിമറിയാവാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു.തെക്കുകിഴക്കനേഷ്യയില്‍ ചില രാജ്യങ്ങളില്‍ ശക്തമായ മയക്കുമരുന്ന് മാഫിയയുടെയോ മറ്റേതെങ്കിലും തീവ്രവാദഗ്രൂപ്പുകളുടെയോ കരങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്ന് വരും നാളുകളില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.
 
വിമാനാപകടവുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യത അന്വേഷിക്കുന്നതിന് മലേഷ്യ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട് . യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ സഹായത്തോടെയാകും അന്വേഷണം നടത്തുക.
 
വിമാനം കാണാതായിട്ട് ഏതാണ്ട് 36 മണിക്കൂറുകള്‍ പിന്നിട്ടുവെങ്കിലും വിമാനത്തിന്‍റെതായ വ്യകതമായ ഒരു അടയാളങ്ങളും കണ്ടു പിടിക്കാന്‍ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ല.