പാത്രിയര്‍ക്കീസ്‌ ബാവായുടെ ദേഹവിയോഗത്തില്‍ സിംഗപ്പൂര്‍ സെന്‍റ്.മേരീസ്‌ കത്തീഡ്രല്‍ അനുശോചിച്ചു

0

സിംഗപ്പൂര്‍ : ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭ യുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ യുടെ ദേഹ വിയോഗ ത്തില്‍ സിംഗപ്പൂര്‍ സെന്‍റ്.മേരീസ്‌  യാക്കോബായ സുറിയാനി  കത്തീഡ്രലില്‍  പ്രത്യേക പ്രാര്‍ത്ഥനയും അനുശോചനയോഗവും  നടന്നു.പരിശുദ്ധ പിതാവിന്റെ ആഴമായ ദൈവ വിശ്വാസവും മറ്റുള്ളവരോടുള്ള സ്‌നേഹവാത്സല്യങ്ങളും തന്‍റെ  അനുശോചന സന്ദേശത്തില്‍ റവ.ഫാ.റോബിന്‍ ബേബി  എടുത്തുപറഞ്ഞു.ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സെക്രട്ടറിയായി സേവനമനുഷ്ടിക്കുമ്പോള്‍   പരിശുദ്ധ ബാവാ തിരുമനസിനെ സിറിയയിലെ പാത്രിയര്‍ക്കാ അരമനയില്‍ സന്ദര്‍ശിക്കുന്നതിനും, ബാവ മലങ്കരയില്‍ എഴുന്നള്ളി വന്നപ്പോള്‍ ബാവയോട് കൂടുതല്‍ അടുത്ത്   ആത്മീയ അനുഭവങ്ങള്‍ പ്രാപിക്കുന്നതിനും ലഭിച്ച അവസരം ഏറെ ഭാഗ്യമായി കരുതുന്നുവെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു.

കൂടാതെ സിംഗപ്പൂര്‍ പള്ളിയെ കഴിഞ്ഞ വര്‍ഷം കത്തീഡ്രല്‍ ആയി ഉയര്‍ത്തി അനുഗ്രഹിച്ചത്  പാത്രീയര്‍ക്കീസ്‌ ബാവയായിരുന്നു എന്നത് സിംഗപ്പൂര്‍ ഇടവകയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സംഭവമാണ് .ഇടവകയ്ക്കുവേണ്ടികത്തീഡ്രല്‍  സെക്രട്ടറി ശ്രീ .ജൈജോ കോര അനുശോചനസന്ദേശം വായിച്ചു .
 
 
ബാവയെക്കുറിച്ച് …
 
ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ (81) കാലം ചെയ്തു. വൃക്ക രോഗത്തെത്തുടർന്ന് അദ്ദേഹം ജർമനിയിൽ ചികിത്സയിലായിരുന്നു. കേരളത്തോട് അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം സഭാ ഐക്യത്തിന് താല്പര്യം പ്രകടിപ്പിച്ചിരുന്ന ഇടയനായിരുന്നു. കത്തോലിക്കാ സഭ അടക്കം വിവിധ ക്രിസ്തീയ സഭകളുടെ അധിപന്മാരുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. 1963 നവംബര്‍ 17-നാണ്‌ ബാഗ്‌ദാദ്‌ ആര്‍ച്ചുബിഷപ്പായി സഖാ മാര്‍ സേവേറിയോസ്‌ നിയമിതനാകുന്നത്‌. ഇത്രയുംകാലം ചുമതലയില്‍ തുടരുന്ന മറ്റൊരു മതമേലധ്യക്ഷന്‍ ആകമാന സഭയിലുണ്ടായിട്ടില്ല.
ക്രിസ്‌തു ശിഷ്യനായ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയാണ്‌ സഖാ പ്രഥമന്‍ ബാവ. ബൈബിളനുസരിച്ച്‌ പത്രോസ്‌ ശ്ലീഹായാണ്‌ അന്തോഖ്യയില്‍ സിംഹാസനം സ്‌ഥാപിച്ചത്‌.
 
1933 ഏപ്രില്‍ 21 ന്‌ ഇറാഖിലുള്ള മുസൂളില്‍ ബഷീര്‍ ഈവാസ്‌-ഹസീബ എറ്റോ ദന്പതികളുടെ ഏഴു മക്കളില്‍ നാലാമനായാണ്‌ ബാവ ജനിച്ചത്‌. സെന്‍ഹരീബ്‌ എന്നായിരുന്നു പേര്‌. ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട സെന്‍ഹരീബ്‌ ആറാം വയസില്‍ മൂസലിലുള്ള മാര്‍ അപ്രേം സെമിനാരിയില്‍ ചേര്‍ന്നു. അന്നുമുതല്‍ സഖാ എന്ന പേര്‌ വിളിക്കപ്പെട്ടു. സാഖാ റന്പാച്ചനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിരീക്ഷകനായി അയച്ചു. 1962 ലും 1963 ലും സുറിയാനി സഭയെ പ്രതിനിധീകരിച്ചത്‌ സാഖാ റന്പാനായിരുന്നു.
മുസൂളിലെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടപ്പോൾ അദ്ദേഹം മോര്‍ സേവേറിയോസ്‌ സഖാ എന്ന പേരു സ്വീകരിച്ചു. 1969 ല്‍ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മോര്‍ ബഹനാം കാലം ചെയ്‌തപ്പോള്‍ മോര്‍ സഖായെ ബാഗ്‌ദാദിലെ (ഇറാഖ്‌) ആര്‍ച്ച്‌ ബിഷപ്പായി നിയമിച്ചു. 1975 ല്‍ നെയ്‌റോബിയില്‍വച്ച്‌ ഡബ്ല്യു.സി.സി. കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും പാത്രിയാര്‍ക്കീസ്‌ ബാവയായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ തുടരുകയും ചെയ്‌തു. 1976 ലും 1978 ലും 1979 ലും കത്തോലിക്കാ സഭയുടെ കാനന്‍ നിയമം പുനര്‍ക്രമീകരിക്കുന്നതിനുള്ള പ്രാക്‌ടിക്കല്‍ കൗണ്‍സിലില്‍ കണ്‍സള്‍ട്ടന്റ്‌ ആയിരുന്നു.
 
1980 ജൂണ്‍ 25 ന്‌ അന്നത്തെ ശ്രേഷ്‌ഠ കാതോലിക്കയായിരുന്ന പരി. ബസേലിയോസ്‌ പൗലൂസ്‌ ദ്വിതീയന്‍ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡാണ്‌ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും പത്രോസിന്റെ പിന്‍ഗാമിയുമായി തെരഞ്ഞെടുത്തത്‌. സഖാ ബാവയുടെ ഭരണകാലം സഭയുടെ സുവര്‍ണകാലമെന്നാണ് അറിയപ്പെടുന്നത്. ഡമാസ്‌കസിലെ മറാത്ത്‌ സെയ്‌ദ്‌നായ കുന്നിന്‍ മുകളിലെ സെന്റ്‌ അപ്രേം തിയോളജിക്കല്‍ സെമിനാരി, പത്രോസ്‌ പൗലോസ്‌ ശ്ലീഹന്മാരുടെ നാമത്തിലുള്ള കത്തീഡ്രൽ‍, സെന്റ്‌ അപ്രേം പാത്രിയാര്‍ക്കല്‍ ഹാള്‍ എന്നിവ ബാവയുടെ മേൽനോട്ടത്തിൽ നിർമ്മിച്ചതാണ്
 
1964, 1982, 2000, 2004, 2008 വര്‍ഷങ്ങളിലും ഇന്ത്യ സന്ദര്‍ശിച്ചു. 1982 ല്‍ മണര്‍കാട്‌ പള്ളിയില്‍വച്ചും 2004 ല്‍ കോതമംഗലം മാര്‍ തോമന്‍ പള്ളിയില്‍വച്ചും മൂറോന്‍ കൂദാശ നടത്തി. സഖാ ബാവായുടെ 1984 ലെ സുപ്രധാന കല്പന വഴി സുറിയാനി സഭയുടെ പള്ളികള്‍ ഇല്ലാത്ത സ്‌ഥലത്ത്‌ കാത്തോലിക്ക സഭയുമായി കുര്‍ബാന, കുന്പസാരം, രോഗീലേപനം എന്നീ കൂദാശകള്‍ സ്വീകരിക്കാന്‍ അനുവദിച്ചു. 1987 ഡിസംബര്‍ 21 ന്‌ നാലാം തുബ്‌ദേനില്‍ മര്‍ത്തോമാ ശ്ലീഹായുടെ പേര്‌ ഓര്‍ക്കുന്നതിനും അഞ്ചാം തുബ്‌ദേനില്‍ മഞ്ഞനിക്കര ബാവായുടേയും കോതമംഗലത്ത്‌ ബാവായുടേയും പരുമല തിരുമേനിയുടേയും പേരുകള്‍ ഓര്‍ക്കുന്നതിനും അനുവാദം നല്‍കി. 2000 ല്‍ വടക്കന്‍ പറവൂര്‍ പള്ളിയില്‍ കാലം ചെയ്‌ത യരുശലേം  പാത്രിയാര്‍ക്കീസ്‌ മോര്‍ ഗ്രിഗോറിയോസ്‌ അബ്‌ദുള്‍ ജലീല്‍, സ്ലീബാ മോര്‍ ഒസ്‌താത്തിയോസ്‌ ബാവമാരെ പരിശുദ്ധരായി പ്രഖ്യാപിച്ചു.
രണ്ടാമത്തെ മുളന്തുരുത്തി സുന്നഹദോസില്‍വച്ച്‌ 2004 ല്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തി. തുടര്‍ന്ന്‌ മലങ്കരയുടെ വിശ്വാസ സംരക്ഷകന്‍ ആലുവയിലെ വലിയ തിരുമേനിയേയും പരിശുദ്ധനായി പ്രഖ്യാപിച്ചു. അനേകം പള്ളികളെ കത്തീഡ്രലുകളായി ഉയര്‍ത്തി.
 
ഒരു പക്ഷേ സഖാ ബാവയായിരിക്കും ഏറ്റവും കൂടുതല്‍ പ്രാവശ്യം മലങ്കരയും വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ളത്‌. മലങ്കര സഭയുമായി ഇത്രയേറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു സുറിയാനി ബിഷപ് ഉണ്ടായിരുന്നിട്ടില്ല.ഡമാസ്കസിലായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനമെങ്കിലും അവിടെ കലാപമായിരുന്നതുകൊണ്ട് ബെയ്റൂട്ടിലായിരുന്നു താമസിച്ചിരുന്നത്. വൃക്ക രോഗത്തെത്തുടർന്നാണ് അദ്ദേഹം ജർമനിയിലേക്ക് പോയത്. 
 
കഴിഞ്ഞ മാസം അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് അറിയിച്ചിരുന്നതെങ്കിലും അസുഖം കാരണം മാറ്റിവച്ചു. അന്ത്യോക്യയില്‍ വിശുദ്ധ പത്രോസ് സിംഹാസനം സ്ഥാപിച്ചതിന്‍റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബാവാ എത്തുമെന്നാണു കരുതിയിരുന്നത്. 2008 ലാണ് അദ്ദേഹം അവസാനം കേരളത്തിലെത്തിയിരുന്നത്.
 

(Interview with His Holiness (Patriarch) Moran Mor Ignatius Zakka I Iwas)