ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍

0

ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരത്തിന് സുരാജ് വെഞ്ഞാറമൂട്  അര്‍ഹനായി. ഹിന്ദി താരം രാജ് കുമാര്‍ യാദവിനൊപ്പമാണ് സുരാജ് അവാര്‍ഡ് പങ്ക് വച്ചത്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത "പേരറിയാത്തവന്‍" എന്ന സിനിമയിലെ അഭിനയ മികവാണ് സുരാജിന് അഭിനയത്തിന്‍റെ ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡും പേരറിയാത്തവന്‍ കരസ്ഥമാക്കി. ഈ പുരസ്കാരം മലയാള സിനിമയ്ക്കും മിമിക്രി കലാകാരന്മാര്‍ക്കും സമര്‍പ്പിക്കുന്നതായി സുരാജ് പറഞ്ഞു. മലയാളത്തിലെ വലിയ നടന്മാരോടോപ്പമുള്ള അഭിനയം തനിക്ക് കരുതും ഊര്‍ജ്ജവും നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച റീ റിക്കോര്‍ഡിംഗിനുള്ള അവാര്‍ഡ് മലയാള ചിത്രമായ സോപാനം നേടി.

മിമിക്രി കലാകാരനായിരുന്ന ജ്യേഷ്ടന്‍റെ ഒപ്പം ഒരിക്കല്‍ ഒരു വേദിയില്‍ പകരക്കാരനായി അരങ്ങേറിയാണ് സുരാജ് തന്‍റെ കലാജീവിതം ആരംഭിക്കുന്നത്. അതിലെ മികവുറ്റ പ്രകടനത്തെ തുടര്‍ന്ന്‍ മറ്റു പല വേദികളിലും അവസരം ലഭിച്ച സുരാജ് പതിയെ ചുവട് വച്ചത്‌ ചാനല്‍ മിമിക്രി ഷോകളിലൂടെ മലയാള സിനിമയുടെ വിശാല ലോകത്തേക്കായിരുന്നു. തിരുവനന്തപുരം ശൈലിയിലുള്ള ഭാഷാ പ്രയോഗത്തിലൂടെ വേറിട്ട്‌ നിന്ന സുരാജിന്‍റെ പരിപാടികള്‍ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടാന്‍ ഈ കലാകാരനെ സഹായിച്ചു. തന്നോടൊപ്പം തിരുവനന്തപുരം ഭാഷയും ലോകപ്രശസ്തമാക്കുന്നതില്‍ സുരാജ് വിജയിച്ചു. ഇന്നിതാ ഭാരത സിനിമയില്‍ ഏതൊരു അഭിനേതാവിന്‍റെയും സ്വപ്നമായ ദേശീയ പുരസ്കാരവും കരസ്ഥമാക്കി. 

തൊഴിലായി മാറിയപ്പോള്‍ അഭിനയം മറന്നു പോകുന്ന സൂപ്പര്‍സ്റ്റാര്‍ കള്‍ക്ക് കിട്ടുന്ന മുഖമടച്ചുള്ള അടിയാണ് സലിം കുമാറിന് ശേഷം സുരാജിന് ലഭിക്കുന്ന ഈ അവാര്‍ഡ്‌.