മൂവി റിവ്യൂ: വണ്‍ ബൈ ടു

0

വണ്‍ ബൈ ടു കാണാന്‍ കൊള്ളാം! അതായത് ചിത്രത്തിന്‍റെ ആദ്യ പകുതി ഗംഭീരം. പക്ഷേ ബാക്കി പകുതിക്ക് എന്ത് സംഭവിച്ചു എന്ന്‍ പ്രേക്ഷകര്‍ക്ക് മാത്രമല്ല സംവിധായകന് പോലും മനസ്സിലായോ എന്നു സംശയമാണ്. പടം കണ്ടു കഴിയുമ്പോള്‍ സ്വന്തം പേര് തന്നെ ആലോചിച്ചു കണ്ടുപിടിക്കേണ്ടത്രയും ആശയക്കുഴപ്പത്തിലായിപ്പോകുന്നു പാവം പ്രേക്ഷകര്‍.

അരുണ്‍ കുമാര്‍ അരവിന്ദ്, മുരളീ ഗോപി, ഫഹദ് ഫാസില്‍, ഹണി റോസ്; പ്രേക്ഷകരെ ഹരം കൊള്ളിച്ച ടീസര്‍ – പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന കാണാന്‍ കൊതിച്ചിരുന്ന ചിത്രം. വളരെ നല്ല ഒരു കഥാതന്തു…. ഒരു നല്ല ടീം വിചാരിച്ചാല്‍ വിജയിപ്പിക്കാന്‍ കഴിയുന്ന നല്ല പ്ലോട്ട്. പക്ഷേ ഫലത്തില്‍ ഒരു ഒന്നുമില്ലായ്മ അല്ലെങ്കില്‍ എല്ലാം കൂടിക്കുഴഞ്ഞു ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ. കണ്ടിറങ്ങുന്നവര്‍ക്ക് നിരാശ മാത്രം നല്‍കാനായ ഒരു ചിത്രം.

തുടക്കത്തിലും പകുതിയിലും ഉദ്വേഗഭരിതരായി ഇരുന്ന പ്രേക്ഷകര്‍ ഇടവേളക്ക് ശേഷം ആശയക്കുഴപ്പത്തിന്‍റെ നെല്ലിപ്പലക(അതിനും അങ്ങനെ ഒരു പലക ഉണ്ടെങ്കില്‍ !) തകര്‍ന്ന് താഴെ വീഴുന്നു. മണലില്‍ എഴുതിയ കഥ തിര വന്നു മായ്ച്ചപ്പോള്‍ രണ്ടാം പകുതി ഏച്ചുകെട്ടി എവിടെയും എത്തിക്കാനാകാതെ തട്ടിക്കൂട്ടി എടുത്തിരിക്കുന്നു. അങ്ങനെ ചിത്രം പേരിനെ അന്വര്‍ഥമാക്കി… ‘പകുതി’….വണ്‍ ബൈ ടു!!!

ഒരു കാറപകടത്തില്‍ പെടുന്ന ഒരാളും അത് നേരില്‍ കണ്ടു ബോധ്യപ്പെടുന്ന ഒരു ഇന്‍സ്പെക്ടറും ആണ് കഥയെ നയിക്കുന്നത്. ആര് അപകടത്തില്‍പ്പെട്ടു, എന്ത് നടന്നു എന്നെല്ലാം അന്വേഷിക്കുന്ന ഇന്‍സ്പെക്ടറുടെ സംശയങ്ങള്‍ ഒന്നൊന്നായി പ്രേക്ഷകന്‍റെയായി മാറുന്നു. മനസ്സിന്‍റെ വിവിധ തലങ്ങളിലൂടെ നമ്മെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ചിത്രത്തിനും അതിലെ കഥാപാത്രങ്ങള്‍ക്കും തുടര്‍ന്ന്‍ പ്രേക്ഷകനും വഴിതെറ്റുന്നു. വഴിമാറി സഞ്ചരിച്ച് ഒടുവില്‍ എവിടെനിന്ന് വന്നെന്നോ എവിടെപോകണം എന്നോ അറിയാതെ ചിത്രം കുഴഞ്ഞു പോകുന്നു.

അങ്ങനെ ഇടവേളക്കുശേഷം ചിത്രവും പ്രേക്ഷകനും തമ്മില്‍ ഒരു ‘കമ്മ്യുണിക്കേഷന്‍ ഗ്യാപ്’ ഉണ്ടാകുന്നു. സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത് പ്രേക്ഷകന് തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല. ഒരു വിയജകരമായ ‘ഇന്‍വെസ്റ്റിഗേടിവ് സൈക്കോളജിക്കല്‍ ത്രില്ലര്‍’ ആകേണ്ടിയിരുന്ന ചിത്രം വെറും ഒരു ഭ്രാന്തന്‍ ചിത്രമായി അവശേഷിച്ചു. ഇതിനിടയില്‍ തിരുകിയ ചില അനാവശ്യ പ്രാരാബ്ധങ്ങളുടെ കാഴ്ചകള്‍ തികച്ചും അരോചകമാവുന്നു.

മുരളിയും ഫാഹദും പരമാവധി അഭിനയം നന്നാക്കാന്‍ ശ്രമിച്ചപ്പോള്‍ ആശയക്കുഴപ്പമെന്ന ഭാവം മാത്രമേ ഹണിക്ക് അഭിനയിക്കനുണ്ടായിരുന്നുള്ളൂ. എങ്കിലും എടുത്തു പറയേണ്ടത് ശ്യാമപ്രസാദിന്‍റെ ഡോ. ചെറിയാന്‍ എന്ന കഥാപാത്രത്തെയാണ്. അത്യന്തം അനായാസമായി കഥാപാത്രമായി മാറിയ ശ്യാമപ്രസാദിന്‍റെ  ചെറിയാന്‍ പടം കണ്ടിറങ്ങിയിട്ടും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

സൈഡ് കട്ട്: നിങ്ങളുടെ മാനസികനില സ്വന്തം റിസ്ക്കില്‍ ആണെന്ന പൂര്‍ണ ബോദ്ധ്യത്തോടെ മാത്രം ഈ ചിത്രം കാണുക. പേരുപോലെ ആദ്യപകുതി നിങ്ങള്‍ക്ക് കാണാം. ബാക്കി സ്വയം ഭാവനയില്‍ കാണുന്നതാവും ഉചിതം.