ലയണ്‍ എയര്‍ സൈറ്റില്‍ കൊച്ചിയെ ചേര്‍ത്തു, ക്രിസ്തുമസ് സീസണില്‍ കൊച്ചിയിലേക്ക് മലിന്‍ഡോ എയര്‍ ദിവസേനെ 2 സര്‍വീസുകള്‍ നടത്തും ; ഇതോടെ കൊച്ചിയിലേക്ക് ദിനംപ്രതി 5 സര്‍വീസുകള്‍ വരെ

0

കൊലാലംപൂര്‍ :  കൊച്ചിയിലേക്ക് ആവശ്യത്തിന് യാത്രക്കാരില്ലാതെ നട്ടംതിരിയുന്ന മലിന്‍ഡോ എയര്‍ മത്സരരംഗത്തേക്ക് ശക്തമായി തിരിച്ചുവരുന്നു.സര്‍വീസ് നിര്‍ത്തുമെന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടിയായി ദിവസേനെ ഒന്നര മണിക്കൂര്‍ ഇടവേളയില്‍ കൊച്ചിയിലേക്ക് രണ്ടു സര്‍വീസുകള്‍ നടത്തിക്കൊണ്ടാണ് മലിന്‍ഡോ എയര്‍ മറുപടി നല്‍കാന്‍ പോകുന്നത് .വര്‍ഷങ്ങളായി സര്‍വീസ് നടത്തുന്ന എയര്‍ ഏഷ്യ ആഴ്ചയില്‍ 10 സര്‍വീസുകള്‍ മാത്രമായി നിലനില്‍ക്കുമ്പോഴാണ് മലിന്‍ഡോ എയര്‍ ആഴ്ചയില്‍ 14 സര്‍വീസുമായി രംഗത്ത് വരുന്നത്.യാത്രക്കാരുടെ എണ്ണത്തേക്കാള്‍ എയര്‍ ഏഷ്യയ്ക്ക് കനത്ത വെല്ലുവിളി നല്‍കുകയാണ് ലക്ഷ്യമെന്നു മലിന്‍ഡോ എയര്‍ ഇതോടെ വെളിപ്പെടുത്തുന്നു .ഇതോടെ കോലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആഴ്ച്ചയില്‍ 31 സര്‍വീസുകള്‍ വരെയുണ്ടാകും.
 
കൂടാതെ ആവശ്യത്തിനു ട്രാന്‍സിറ്റ് കണക്ഷന്‍ മലിന്‍ഡോ എയറിന് നല്‍കാന്‍ കഴിയുന്നില്ല എന്ന പരാതികള്‍ക്കും ഇതോടെ പരിഹാരമാവുകയാണ്. ലയണ്‍ എയര്‍ സൈറ്റില്‍ കൊച്ചിയെ ചേര്‍ത്തതോടെ തെക്ക്കിഴക്കന്‍ ഏഷ്യയിലെ മിക്ക എയര്‍പോര്‍ട്ടുമായും മലിന്‍ഡോ എയര്‍ കണക്ഷന്‍ ഉണ്ടാക്കിയിരിക്കുകയാണ്.മലിന്‍ഡോ എയര്‍ വിമാനം ലയണ്‍ എയരിന്റെ സബ്സിഡറിയായത്‌ കൊണ്ടാണ് ഇത്തരത്തില്‍ ട്രാന്‍സിറ്റ് സൗകര്യം ലഭ്യമാകുന്നത്.യാത്രക്കാരെ ആകര്‍ഷിക്കാന്‍ കുറഞ്ഞ ടിക്കറ്റുകളാണ് മലിന്‍ഡോ എയര്‍ ഓഫര്‍ ചെയ്യുന്നത്.വരും ദിവസങ്ങളില്‍ ഇതിനു മറുപടിയായി എയര്‍ ഏഷ്യയും സര്‍വീസ് വര്‍ദ്ധിപ്പിക്കുമെന്നാണ് അനൌദ്യോഗികമായി ലഭിക്കുന്ന വിവരം .