വൈദ്യ ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നുപേര്‍ക്ക്

0
സ്റ്റോക്ക്ഹോം : ഈ വര്‍ഷത്തെ വൈദ്യ ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടെടുത്തു. നോര്‍വീജിയന്‍ ശാസ്ത്രജ്ഞ്ന്‍മാരായ  മേ-ബ്രിറ്റ് മോസര്‍, എഡ്‌വാര്‍ഡ്‌ മോസര്‍, അമേരികന്‍-ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞ്നായ പ്രൊഫസര്‍ ജോണ്‍ ഓ-കോഫ് എന്നിവരെയാണ് അവാര്‍ഡിനായി  തിരഞ്ഞെടുത്തത്. മനുഷ്യ സഞ്ചാരത്തിന് തലച്ചോറിനെ സഹായിക്കുന്ന "ആന്തരിക ജി പി എസ്" എന്ന കണ്ടുപിടുത്തത്തിനാണ് നോബല്‍ സമ്മാനം ലഭിച്ചത്.
 
മനുഷ്യന്‍റെ ഏകദേശം അതെ തലച്ചോര്‍-ഘടനയുള്ള എലികളില്‍ നടത്തിയ പരീക്ഷണത്തില്‍, മേല്‍പ്പറഞ്ഞ  "ആന്തരിക ജി പി എസ്" ന്‍റെ സഹായം മൂലം, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായ നിയന്ത്രണങ്ങള്‍ സംഭവിക്കുന്നുവെന്ന് അവാര്‍ഡ് നിര്‍ണയിച്ച നോബല്‍ അസ്സംബ്ലി വ്യക്തമാക്കി. ഇത്, "അള്‍സിമിഷ്" പോലുള്ള മാരക രോഗങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.        
 
യുനിവേര്‍സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസര്‍ ജോണ്‍ ഓ-കോഫ് 1970 ല്‍ തന്നെ, തലച്ചോറില്‍, വ്യത്യസ്ത സ്ഥാനങ്ങള്‍ തിരിച്ചറിയുന്ന 
സെല്ലുകളുടെ പ്രവര്‍ത്തനം കണ്ടെത്തിയിരുന്നു. 2005 ല്‍ നോര്‍വീജിയന്‍യുനിവേര്‍സിറ്റി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജി യിലെ ശാസ്ത്രജ്ഞ ദാമ്പതിമാരായ മേ-ബ്രിറ്റ് മോസര്‍, എഡ്‌വാര്‍ഡ്‌ മോസര് എന്നിവര്‍, മേല്‍പ്പറഞ്ഞ സെല്ലുകള്‍, മൃഗങ്ങളില്‍ തങ്ങളുടെ സ്ഥാനം, ഗതി, പൂര്‍വസ്ഥാനം എന്നിവ അറിയാന്‍ സഹായിക്കുന്ന ഒരുതരം ആന്തരിക നാവിഗേഷന്‍ സിസ്റ്റം ആയി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തി.
 
സാഹിത്യം, രസതന്ത്രം, ഭൌതിക ശാസ്ത്രം എന്നിവയിലെ നോബല്‍ സമ്മാനജേതാക്കളെ ഈയാഴ്ച അവസാനവും സാമ്പത്തിക ശാസ്ത്രത്തിലെ ജേതാവിനെ അടുത്ത തിങ്കളാഴ്ചയും പ്രഖ്യാപിക്കും.