നായിഡുവിന്‍റെ സിംഗപ്പൂര്‍ യാത്ര വിജയം കണ്ടു ,ആന്ധ്രയിലേക്ക് സിംഗപ്പൂര്‍ നിക്ഷേപം ഒഴുകും

0

സിംഗപ്പൂര്‍ : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്ന് ദിവസത്തെ സിംഗപ്പൂര്‍ സന്ദര്‍ശനം വിജയം കണ്ടു. സംസ്ഥാനത്തെ വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നത്  ലക്‌ഷ്യം വെച്ചാണ് സിംഗപ്പൂര്‍ സന്ദര്‍ശനം നടത്തിയത്. ആന്ധ്രാപ്രദേശ് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന 13 അംഗ സംഘവും ചന്ദ്രബാബുവിനൊപ്പം സിംഗപ്പൂരിലെത്തി.
 
സംസ്ഥാനത്ത് വിദേശ കമ്പനികളെ നിക്ഷേപം നടത്താന്‍ ക്ഷണിക്കുന്നതിന്റെ ഭാഗമായി പ്രമുഖ വ്യവസായികളുമായി നായിഡു ചര്‍ച്ചകള്‍ നടത്തി . കൂടാതെ സിംഗപ്പൂര്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, ഹൗസിംങ് ഡവലപ്‌മെന്റ് ബോര്‍ഡ്, പോര്‍ട് അതോറിറ്റി, ജുറോങ് ടൗണ്‍ കൗണ്‍സില്‍, ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍, അര്‍ബന്‍ റീഡവലപ്‌മെന്റ് അതോറിറ്റി, ബില്‍ഡിംങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ അതോറിറ്റി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ഇവയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുകയും അവരുടെ പ്രവര്‍ത്തങ്ങള്‍ ആന്ധ്രയില്‍  നടപ്പിലാക്കുവാനുള്ള സഹായ സഹകരണങ്ങള്‍ തേടുകയും ചെയ്തു. സിംഗപ്പൂര്‍ മുന്‍ പ്രധാനമന്ത്രി ഗോഹ് ചോക് ടോങ് കഴിഞ്ഞ സപ്തംബര്‍ എട്ടിന് ആന്ധ്രാപ്രദേശ് സന്ദര്‍ശിച്ചിരുന്നു. കൂടാതെഎയര്‍പോര്‍ട്, പോര്‍ട്, ടൂറിസം, വാണിജ്യം എന്നീ മേഖലകളില്‍ നിക്ഷേപം നടത്തുന്നതില്‍ സിംഗപ്പൂരിന് താത്പര്യമുള്ളതായും അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നായിഡുവിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനം.അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും നല്ല സ്വീകരണമാണ് നായിഡുവിനു ലഭിച്ചത്.കൂടുതല്‍ കമ്പനികള്‍ ആന്ധ്രയില്‍ നിക്ഷേപം നടത്തുവാന്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട് .