ഇന്ത്യക്കാര്‍ക്ക് സൗജന്യമായി വിസ നല്‍കുവാന്‍ മലേഷ്യയുടെ നീക്കം

0

മുംബൈ : കൂടുതല്‍ ടൂറിസ്റ്റുകളെ  മലേഷ്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി  ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ നല്‍കുന്നത് പരിഗണിക്കുന്നതായി ടൂറിസം മന്ത്രി ശ്രീ .നസ്രി അസീസ്‌ അറിയിച്ചു .കഴിഞ്ഞ വര്‍ഷം 14 ലക്ഷത്തോളം ഇന്ത്യക്കാര്‍ മലേഷ്യ സന്ദര്‍ശിച്ചു .ഏകദേശം 180 കോടി റിന്ഗ്ഗിറ്റ് ഇതുമൂലം മലേഷ്യക്ക് ലഭിക്കുകയുണ്ടായി .

ഒരു ഇന്ത്യന്‍ ടൂറിസ്റ്റ് മലേഷ്യയില്‍ 7 ദിവസം വരെ തങ്ങുകയും 3000 റിന്ഗ്ഗിറ്റ് വരെ ചിലവാക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് കണക്കുകള്‍ വ്യകതമാക്കുന്നത് .എന്നാല്‍ വിസയ്ക്കായി 400 റിന്ഗ്ഗിറ്റ് വരെ ഇന്ത്യക്കാര്‍ക്ക് ചിലവാക്കേണ്ടി വരുന്നു .ഇതിനൊരു ആശ്വാസം നല്‍കുകയും അതുമൂലം കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് മലേഷ്യ ഉദേശിക്കുന്നത് .

ചൈന ,കൊറിയ ,ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് സൗജന്യ വിസ നല്കാന്‍ മലേഷ്യ അംഗീകാരം നല്‍കി .അടുത്ത ഘട്ടത്തില്‍ ഇന്ത്യയെ കൂടെ ഉള്‍പ്പെടുത്താനാണ് നീക്കം .274 ലക്ഷം ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം മലേഷ്യ സന്ദര്‍ശിച്ചത് .ഇതു 300 ലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്‌ഷ്യം . ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക് .

ആഴ്ച്ചയില്‍ 156 വിമാന സര്‍വീസുകളിലായി 30000-ത്തോളം സീറ്റുകളാണ്  ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെക്കുള്ളത്.പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങുവാനുള്ള സാദ്ധ്യതകള്‍ തെളിയുകയാണ് .