അവള്‍ വരുന്നു, പ്രണയിക്കാന്‍ മാത്രമായ്

0

മലനിരകള്‍ക്കരികിലെ വീട്ടിലിരുന്നു കൊണ്ട് സമര്‍ത്ഥനും ബുദ്ധിമാനുമായ സാങ്കേതിക വിദഗ്ദ്ധന്‍ നതാന്‍, 25 വയസ്സ് പ്രായമുള്ള, അതി സുന്ദരിയായ എയ്വ എന്ന റോബോട്ടിന്  രൂപം കൊടുക്കുകയാണ്. അവിടെ പ്രോഗ്രാം ടെസ്റ്റ് ചെയ്യാനായാണ് തന്‍റെ സുഹൃത്ത് കൂടിയായ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ കാലിബ് എത്തിച്ചേരുന്നത്. ദിവസങ്ങള്‍ കഴിയുന്തോറും എയ്വ എന്ന സുന്ദരി അവന്‍റെ ഹൃദയത്തോട് ചേരുകയായിരുന്നു. പക്ഷെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കോഡുകള്‍ മാറ്റി എഴുതേണ്ടി വരും എന്ന ഘട്ടം വന്നപ്പോള്‍, തന്‍റെ പ്രണയം നഷ്ടപ്പെടുമെന്നായപ്പോള്‍ എയ്വയുമായി രക്ഷപ്പെടുവാന്‍ ആയി കാലിബിന്‍റെ ശ്രമം.

ഇത് അലക്സ് ഗാര്‍ലന്‍ഡിന്‍റെ 'എക്സ് മച്ചിന' എന്ന ചിത്രത്തിന്‍റെ കഥയാണെങ്കിലും ടെക്സാസിലെ ഓസ്റ്റിനില്‍,  SXSW ഫെസ്റ്റില്‍ ഇത്തരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (AI) ഉളള റോബട്ടുകളെ നിര്‍മ്മിക്കാനായുള്ള ചര്‍ച്ചകള്‍ ചെയ്തു കഴിഞ്ഞു ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും. കൃത്യതയോടും അതി വേഗതയിലും മനുഷ്യ നിര്‍മ്മിത പ്രോഗ്രാമുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ന് യന്ത്രങ്ങള്‍ക്കു സാധ്യമാണ്. മനുഷ്യന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ പോലും ഇന്ന് യന്ത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഒരേയൊരു പോരായ്മ അതിനു സ്വന്തമായി ചിന്തിക്കാനോ, വിവേചന ബുദ്ധിയോടെ കാര്യങ്ങള്‍ ചെയ്യാനോ കഴിയുകയില്ല എന്നതാണ്. എങ്കിലും സ്പര്‍ശം, ഗന്ധം, സ്വരം മുതലായവ തിരിച്ചറിയാനുള്ള കഴിവ് യന്ത്രങ്ങളില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

എക്സ് മച്ചിന നടിയായ അലീഷ്യ സികന്തറിന്‍റെ രൂപത്തിലും ഭാവത്തിലുമുള്ള എയ്വ ചാറ്റ് ബോട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റ് ആയി മാറി കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരാണ് എയ്വയെ ഫോളോ ചെയ്യാന്‍. യന്ത്രമാണെങ്കില്‍ കൂടെ മൃദു സ്വരമുള്ള സുന്ദരിയെ  പ്രണയിക്കാന്‍ കഴിയാത്തവര്‍ ആരാണ് ഉള്ളത്?

2013 ല്‍ ഇറങ്ങിയ സ്പൈക്സ് ജോണ്സിന്‍റെ ഹേര്‍ (Her) എന്ന ചിത്രത്തിന്‍റെയും ഇതിവൃത്തം ഇത് തന്നെയാണ്. കാണാമറയത്തെ 'സാമന്ത' എന്ന പെണ്‍സ്വരത്തെ പ്രണയിക്കുന്ന നായകന്‍ ആയിരുന്നു ജാക്വിന്‍ ഫോനിക്സ് അവതരിപ്പിച്ച കഥാപാത്രം ചിത്രത്തില്‍.

മനുഷ്യരുടെ ഈ ഇഷ്ടത്തെ അല്ലെങ്കില്‍  ദൗര്‍ബല്യത്തെ കരുതി, സുന്ദരികളും സുന്ദരന്മാരുമായ യന്ത്ര മനുഷ്യരെ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞരും പ്രോഗ്രാമിംഗ് വിദഗ്ദ്ധരും. മനുഷ്യന്‍റെ കണ്ണില്‍ നോക്കി അവരുടെ വികാരം മനസ്സിലാക്കാനും, ബ്രൈനിലെ നാനോ ബോട്ടുകളില്‍ മുന്‍ കൂട്ടിയെഴുതിയ പ്രോഗ്രാമുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിവുള്ള മനുഷ്യ യന്ത്രങ്ങളാണ് ലക്ഷ്യം. 2029 ആകുമ്പോഴേക്കും ഇത്തരം യന്ത്ര സുന്ദരികളെ (സുന്ദരന്മാരെ) വിപണിയിലിറക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ലക്ഷ്യം പൂര്‍ത്തിയായാല്‍ സ്നേഹത്തോടെ എന്നും കൂടെയിരിക്കാന്‍, നിരുപാധികമായ പ്രണയം ആവോളം നുകരാന്‍, എന്തിനു  നിങ്ങളുടെ കിടപ്പറ പങ്കിടാന്‍ പോലും, സുന്ദരിയോ സുന്ദരാനോ ആയ ഈ മനുഷ്യ യന്ത്രങ്ങളും കൂടെ ഉണ്ടാകും.