നേപ്പാളിന് സഹായ ഹസ്തങ്ങളുമായി ലോകരാഷ്ട്രങ്ങള്‍.

0
ഭൂകമ്പബാധിത നേപ്പാളിന് എല്ലാവിധ സഹായങ്ങളുമായി ലോകരാഷ്ട്രങ്ങള്‍ കൈകോര്‍ക്കുന്നു. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അടിയന്തിര രക്ഷാസേനകള്‍ നേപ്പാളില്‍  എത്തിച്ചേര്‍ന്നു. പക്ഷെ, പൂര്‍ണമായും  ഭാഗികമായും തകര്‍ന്ന  റോഡുകളും, തകര്‍ത്തെറിയപ്പെട്ട വിദ്യുച്ഛക്തി വിതരണശൃംഖലയും രക്ഷാപ്രവര്‍ത്തതനങ്ങളെ കാര്യമായി  ബാധിക്കുന്നു. 
 
ശനിയാഴ്ച, റിച്ചര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍  ഇതുവരെ ഏകദേശം രണ്ടായിരത്തി  അഞ്ഞൂറോളംപേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് കരുതപ്പെടുന്നത്. എന്നാല്‍, തകര്‍ക്കപ്പെട്ട കെട്ടിടങ്ങളില്‍ ഇനിയും ഒരുപാടുപേര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍  നടത്തുന്ന വിവിധ  ഏജന്‍സികള്‍  അറിയിച്ചു. പല സ്ഥലങ്ങളിലും വാര്‍ത്താവിനിമയ സംവിധാനം താറുമാറായിക്കിടക്കുകയാണ്. ചില സ്ഥലങ്ങളില്‍ മൊബൈല്‍ സര്‍വിസ് പുനസ്ഥാപിച്ചിട്ടുണ്ട്‌. മിക്ക പ്രദേശങ്ങളിലും കൊടുംതണുപ്പിലും ജനങ്ങള്‍ വഴിയിലാണ് തങ്ങിയിരിക്കുന്നത്.
 
പല ആശുപത്രികളിലും ചികിത്സാ സംവിധാനം താറുമാറായി. അടിസ്ഥാന മരുന്നുകള്‍ പോലും ചിലയിടങ്ങളില്‍ ലഭ്യമല്ല. ലോകാരോഗ്യ സംഘടന പലയിടങ്ങളിലും അടിയന്തിര രക്ഷാമരുന്നുകള്‍ ലഭ്യമാക്കുന്നുണ്ട്. രോഗികളെ ആശുപത്രി കെട്ടിടങ്ങളില്‍ നിന്നും മാറ്റി, പുറത്താണ് ചികിത്സിക്കുന്നത്. മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൌകര്യമില്ല.
 
ബ്രിട്ടന്‍ നേപ്പാളിന് 7.6 മില്ല്യണ്‍ ഡോളര്‍ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക സഹായത്തിന്റെ പ്രഥമഗഡുവായി ഒരു മില്ല്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു. ന്യൂസിലാണ്ട്, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് നാലര മില്ല്യണ്‍ ഡോളര്‍ സഹായം അറിയിച്ചിട്ടുണ്ട്. തെക്കന്‍ കൊറിയയുടെ സഹായ വാഗ്ദാനം ഒരു മില്ല്യണ്‍ ഡോളര്‍ ആണ്. നോര്‍വേ 3.9 മില്ല്യണ്‍ ഡോളര്‍, യുറോപ്യന്‍ യുനിയന്‍ 3.3 മില്ല്യണ്‍ ഡോളര്‍ എന്നീ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
 
ടണ്‍ കണക്കിന് ഭക്ഷണസാമഗ്രികള്‍, അവശ്യ മരുന്നുകള്‍, തുണിത്തരങ്ങള്‍  എന്നിവയുമായി ഇന്ത്യയുടെ പതിമൂന്ന് സായുധസേനാ വിമാനങ്ങള്‍ ഞായറാഴ്ച നേപ്പാളില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, മരുന്നുകള്‍, ആശുപത്രി ഉപകരണങ്ങള്‍ എന്നിവയുമായി  റഷ്യയുടെ രണ്ടു വിമാനങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്. മരുന്നുകള്‍, ഡോക്ടര്‍മാര്‍, ആശുപത്രി സാമഗ്രികള്‍  എന്നിവയുമായി പാക്കിസ്ഥാന്‍, ശ്രീലങ്ക, ചൈന എന്നിവിടങ്ങളില്‍ നിന്നും ഉടന്‍ സഹായങ്ങള്‍ എത്തിച്ചേരും. സിംഗപ്പൂരില്‍ നിന്നും അടിയന്തിര തിരച്ചില്‍സേന, ജപ്പാനില്‍ നിന്നും അടിയന്തിര രക്ഷാസേന ബെല്‍ജിയം, ജെര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും രക്ഷാസേനകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അണി ചേരും.