വ്യത്യസ്തവും,കഠിനവുമായ ആചാരങ്ങളുമായി ശ്രീ മുത്തു മാരിയമ്മന്‍ തിരുവിഴ ഉത്സവം

0

മെലാക-മലേഷ്യ: 1414 ല്‍ സുല്‍ത്താന്‍ ഭരണകാലത്ത് മലേഷ്യയില്‍ കച്ചവടത്തിനായി ഇന്ത്യയുടെ തെക്കെന്‍ സംസ്ഥാനത്തില്‍ നിന്നും വന്നവര്‍ അവിടുത്തെ മലയ്, ചൈനീസ് സ്ത്രീകളെ വിവാഹം ചെയ്യുക വഴി ഉണ്ടായ സമുദായമാണ് മേലക (മലേഷ്യന്‍ സംസ്ഥാനം) ചെട്ടി സമുദായം. ഹിന്ദുമത വിശ്വാസമാണ് ഇവര്‍ പിന്തുടരുന്നത് എങ്കിലും ജീവിത രീതി രണ്ടും കൂടി കലര്‍ന്നതാണ്. ശിവ ഭക്തരായ ചെട്ടി സമുദായക്കാരുടെ ഉത്സവമാണ് 'ഡറ്റൊ ചാച്ചര്‍' എന്നും അറിയപ്പെടുന്ന ശ്രീ മുത്തു മാരിയമ്മന്‍ തിരുവിഴ ഉത്സവം.

ഉത്സവ നാളില്‍ മാവിലയും, വേപ്പിലയും കൊണ്ട് തോരണം കെട്ടിയിരിക്കും ക്ഷേത്രം മുഴുവന്‍. രഥം എഴുന്നള്ളത്തും, മഞ്ഞള്‍ കൊണ്ട് വരച്ച കൊടി കെട്ടുന്നതും, അഗ്നി കപരൈ, ശക്തി കരഗം ഇവയുമൊക്കെ ഉത്സവത്തിലെ പ്രധാന ചടങ്ങുകളാണ്. ചാച്ചര്‍ എന്നാല്‍ ചിക്കന്‍ പോക്സ്. മാരിയമ്മന്‍ ദേവതയ്ക്ക് ത്വക് രോഗങ്ങളെ ശമിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രസാദം ചിക്കന്‍ പോക്സ് ഇല്ലാതാക്കും എന്നാണ് വിശ്വാസം.

ആഗ്രഹങ്ങള്‍ സഫലമാകാനും, പ്രായശ്ചിത്തത്തിനായും, രോഗ ശമനത്തിനായും അതി കഠിന നേര്‍ച്ചകളാണ് ഭക്തര്‍ അമ്മനായ് അര്‍പ്പിക്കുന്നത്. അമ്മന് മുന്നില്‍ എന്ത് ആഗ്രഹം ചോദിച്ചാലും അത് ലഭിക്കുമെന്നാണ് വിശ്വാസം. അതിനായ് കാണിക്ക വച്ച് മൂന്നോ, അഞ്ചോ വര്‍ഷം കാവടിയെടുക്കാമെന്ന് നേരണം എന്ന് മാത്രം. ഏപ്രില്‍ അവസാന വാരത്തോടെ നടക്കുന്ന ഉത്സവ നാളില്‍, മത്സ്യം, മാംസം ഇവയില്ലാതെ പത്തുനാള്‍ വ്രത ശുദ്ധിയോടെ വന്നു, ദേഹത്തും മുഖത്തും ശൂലം കുത്തി, ശരീരം മുഴുവന്‍ കൊളുത്തുകള്‍ തുളച്ചു വച്ച്  ശ്രീ വിനായകര്‍ മൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും പാല്‍ കാവടിയുമായി അമ്മന്‍ കോവിലിലേക്ക് പോകണം ഭക്തര്‍. ഈ കാഴ്ച തികച്ചും ഭീതിജനകം ആണ്. വഴിവക്കില്‍ കടകളില്‍ വലിയ പത്രങ്ങളില്‍ വച്ചിട്ടുള്ള വെള്ളം ഇവരുടെ മേലാകെ ഒഴിച്ച് കൊടുക്കും; വേദന ശമനത്തിനായ്. ക്ഷേത്രത്തില്‍ എത്തിയ ശേഷം ഈ പാലുകൊണ്ട് പൂജാരി വിഗ്രഹത്തില്‍ അഭിഷേകം നടത്തി ശൂലം ഊരിയെടുത്ത് മുറിവില്‍ ഭസ്മം പുരട്ടും. കൂടാതെ ചാട്ടവാറു കൊണ്ട് ഭക്തരെ അടിക്കുന്നതും ഒരു പ്രായശ്ചിത്ത പരിഹാര നേര്‍ച്ചയാണ്. ഇത് കഴിഞ്ഞു ഭക്തര്‍ക്ക് ഇലയില്‍ ഭക്ഷണം കൊടുക്കും.

എത്ര തന്നെ കഠിനമാണെങ്കിലും തമിഴ്, മലയ്, ചൈനീസ് ഭക്തര്‍ എന്നും കൂടുന്നതേയുള്ളു. അത്രയ്ക്ക് ശക്തിയാവാം അവിടുത്തെ പ്രതിഷ്ഠയ്ക്ക്.
 

Video Credits: Peter

ഇത് ഇന്ത്യയിലല്ല! പുരാതന ഇന്ത്യയിലെ വ്യത്യസ്തവും, കഠിനവുമായ ആചാരങ്ങള്‍ ഇപ്പോഴും പിന്തുടരുന്ന മലാക്കയിലെ തമിഴ്, മലയ്, ചൈനീസ് സമൂഹം. പൂര്‍ണ്ണ വായനയ്ക്ക്: http://goo.gl/o76mY6

Posted by PravasiExpress on Saturday, 30 May 2015