തിരുവനന്തപുരം -മലേഷ്യ വിമാനസര്‍വീസ് ബുക്കിംഗ് ആരംഭിച്ചു ,കാത്തിരിപ്പിന് വിരാമം

0

കൊലാലംപൂര്‍ : കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്  തിരുവനന്തപുരത്തു നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള  വിമാന സര്‍വീസ് തുടങ്ങുന്നു . ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യം അല്പംമുന്‍പ്  മാലിന്‍ഡോ എയര്‍ വെബ്സൈറ്റില്‍ ലഭ്യമായിട്ടുണ്ട് .തിരുവനന്തപുരം -കൊലാലംപൂര്‍ റിട്ടേണ്‍ ടിക്കറ്റിനു ഏകദേശം 11,000 രൂപയാണ് തുടക്കത്തില്‍ ഈടാക്കുന്നത്.30കി.ഗ്രാം ലഗേജ് ,ഭക്ഷണം,എന്റര്‍ടെയിന്‍മെന്റ്  എന്നിവയുള്‍പ്പെടെയാണ് ഈ ഓഫര്‍ .സിംഗപ്പൂരില്‍ നിന്ന് മലേഷ്യ വഴി തിരുവനന്തപുരത്ത് എത്തുവാന്‍ 255 സിംഗപ്പൂര്‍ ഡോളര്‍ മതിയാകും .

സെപ്റ്റംബര്‍ 23 മുതലുള്ള ബുക്കിംഗാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് .രാത്രി 8 മണിക്ക് മലേഷ്യയില്‍ നിന്ന് പുറപ്പെട്ടു 9.30-ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമീകരണം .തിരിച്ചുള്ള വിമാനം 10-20-ന് കൊലാലംപൂരിലേക്ക് പുറപ്പെടും .മലേഷ്യയിലെ  ലങ്കാവി ,പെനാന്ഗ് ,സിംഗപ്പൂര്‍ ,തായ് ലാന്ഡ് ,ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് ട്രാന്‍സിറ്റ് സൗകര്യം ലഭ്യമാണ് .മലേഷ്യന്‍ വിസയില്ലാതെ ട്രാന്‍സിറ്റ് ചെയ്യുവാന്‍ സാധിക്കുമെന്നതുകൊണ്ട് കൂടുതല്‍ യാത്രക്കാര്‍ക്ക് സൌകര്യമാകുമെന്നാണ് എയര്‍ലൈന്‍സ്‌ പ്രതീക്ഷിക്കുന്നത് .തുടക്കത്തില്‍  ആഴ്ചയില്‍ നാല് സര്‍വീസ് വരെയാണ് എയര്‍ലൈന്‍സ്‌ ലക്ഷ്യമിടുന്നത് .

നിലവില്‍ മലേഷ്യയിലേക്ക് തിരുവനന്തപുരത്തു നിന്ന് സര്‍വീസുകള്‍ ലഭ്യമായിരുന്നില്ല .എയര്‍ ഏഷ്യ ഈ റൂട്ടിലുള്ള സര്‍വീസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ആശ്വാസമാവുകയാണ് പുതിയ സര്‍വീസ് . കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് മലേഷ്യയിലേക്ക് ഇതിനുമുന്‍പ്  നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉണ്ടായിരുന്നത്. ഹൈബ്രിഡ് എയര്‍ലൈന്‍ എന്നറിയപ്പെടുന്ന മലിന്‍ഡോ എയറില്‍ താരതമ്യേന മിതമായ നിരക്കും മികച്ച സൌകര്യവുമാണ് ഉള്ളതെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു . ഇതുകൂടാതെ കൂടാതെ റണ്‍വെ നവീകരണം കഴിഞ്ഞാല്‍ കോഴിക്കോട്ട് നിന്ന് മലേഷ്യയിലേക്ക് സര്‍വീസ് തുടങ്ങുവാന്‍ എയര്‍ ഏഷ്യ താല്‍പ്പര്യം കാണിച്ചിട്ടുണ്ട് .