ചൈനയിലെ യുലിന്‍ നായ ഇറച്ചി ഉത്സവത്തില്‍ പതിനായിരത്തിലധികം നായകള്‍ കശാപ്പിനിരയായി

0


ചരിത്രാതീത കാലങ്ങളില്‍ അതിജീവനത്തിനു വേണ്ടിയായിരുന്നു മനുഷ്യന്‍ മൃഗങ്ങളെ വേട്ടയാടിയിരുന്നത്. അവന്‍റെ പരിണാമത്തിനൊപ്പം സഹജീവികളെ വേട്ടയാടുന്നത് ഒരു വിനോദവും ആനന്ദവുമായി പരിണമിച്ചു. അനേകം പ്രകാശവര്‍ഷങ്ങള്‍ താണ്ടി നക്ഷത്രങ്ങള്‍ വരെ കീഴടക്കിയിട്ടും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മറപിടിച്ചു മിണ്ടാപ്രാണികളെ ദ്രോഹിക്കുന്നത് തികച്ചും ലജ്ജാവഹമാണ്.

രണ്ടായിരത്തിപ്പതിനഞ്ചു ജൂണ്‍ ഇരുപത്തിയൊന്നാംന്നാം തീയതി ലോകം ചൈനയെ ഉറ്റുനോക്കിയത് വെറുപ്പിന്‍റെ കണ്ണുകളോടെയാണ്. ചൈനയിലെ യുലിന്‍ പ്രവിശ്യയിലെ തദ്ദേശവാസികളുടെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ കൊന്നൊടുക്കിയത് പതിനായിരക്കണക്കിനു നായകളെയാണ്. ജീവനോടെ തല്ലിക്കൊന്നും, തീവെച്ചും, തൊലിയുരിഞ്ഞും, വേവിച്ചും പിന്നെ അവയെ ഭക്ഷിക്കുമ്പോള്‍ അവര്‍ക്ക് ഭാഗ്യം സിദ്ധിക്കുന്നുവെന്ന് ആ പ്രദേശവാസികളൊക്കെയും ഇന്നും വിശ്വസിക്കുന്നു. അധമവിശ്വാസം തോളിലേറ്റിയ അപരിഷ്കൃതര്‍ അവര്‍ അറിയുന്നില്ല സ്വയം നയിക്കപ്പെടുന്നത്‌ ഒരു പ്രാചീന യുഗത്തിലേക്കെന്നു. ചൈനയില്‍ നടന്ന ഈ മാംസാഘോഷം ഒരൊറ്റപ്പെട്ട സംഭവമല്ല. ലോകത്തിന്‍റെ എല്ലാഭാഗങ്ങളിലും സഹജീവിയോടുള്ള കരുണയറ്റ നീചകൃത്യങ്ങള്‍ പ്രചുരപ്രചാരമായിരിക്കുന്നു. ഭക്ഷണത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നതല്‍ തെറ്റുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ മൂഢവിശ്വാസങ്ങളുടെ പേരില്‍ അവയുടെ ജീവന്‍ അപഹരിക്കുന്നത് അതൊരു ആഘോഷവും വിനോദവും ആനന്ദവുമാക്കുന്നത് ഗൌരവപൂര്‍വ്വം നോക്കിക്കാണേണ്ട വസ്തുതയാണ്‌.

പല രാജ്യങ്ങളും നിയമപരമായി ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തലാക്കിയിട്ടുണ്ടെങ്കിലും ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ ഈ ദുരാചാരങ്ങള്‍ നിയമത്തിന്‍റെ പഴുതുകളിലൂടെ ഇന്നും നടത്തപ്പെടുന്നു എന്നതാണ് ദുഖകരമായ ഒരു സത്യം. ആഗോളതാപനവും മനുഷ്യന്‍റെ അശാസ്ത്രീയമായ കടന്നുകയറ്റവും മൂലം പല ജീവജാലങ്ങളും ഭൂമുഖത്തുനിന്നു തന്നെ അപ്രത്യക്ഷമാകുമ്പോള്‍ ഈ നീചപ്രവര്‍ത്തികളെ ചെറുത്തു തോല്‍പ്പിക്കേണ്ടതും, മനുഷ്യനെപ്പോലെ തന്നെ മറ്റിതര ജീവജാലങ്ങള്‍ക്കും ഇവിടെ സ്വൈര്യമായി ജീവിക്കാനുള്‍ള അവകാശം ഉറപ്പു വരുത്തേണ്ടതും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.

കോഴിപ്പോരും പൂച്ചപ്പോരും തൊട്ടു നിര്‍ദോഷികളായ ജീവികളെയും സമുദ്രമത്സ്യങ്ങളെയും വന്‍യമൃഗങ്ങളെയും വരെ വിനോദത്തിനും ദുരാചാരങ്ങള്‍ക്കും പരീക്ഷണനിരീക്ഷണങ്ങള്‍ക്കും വേണ്ടി ദ്രോഹിക്കുകയും അനിയന്ത്രിതമായി കൊന്നൊടുക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നത് ലോകത്തിന്‍റെ നാനാതുറകളിലും സര്‍വ്വസാധാരണമായ കാഴ്ച്ചയായി മാറുമ്പോള്‍ ഇത്തരം നിശാചരന്‍മാരുടെ കണ്ണുതുറന്നു കൊണ്ട് എസ്.പി.സി.എ (Society For The Prevention Of Cruelty To Animals) യും മറ്റിതര സംഘടനകളും കര്‍ക്കശമായ നിയമങ്ങളുമായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു. ലോകമനസാക്ഷി തന്നെ നാനാവിധ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രതിഷേധിക്കുമ്പോള്‍ മൃഗസ്നേഹികള്‍ക്കും സംഘടനകള്‍ക്കും ലോകനിയമജ്ഞര്‍ക്കും ഇനിയും അക്ഷോഭ്യരായിരിക്കാന്‍ കഴിയില്ല എന്ന്‍ നമുക്ക് പ്രത്യാശിക്കാം..

അനുബന്ധം:
വിവാദമായ യുലിന്‍ നായയിറച്ചി ഉത്സവത്തിന്‍റെ നിജസ്ഥിതി അറിയാനായി അമേരിക്കന്‍ മീഡിയ "വൈസ്" സംഭവ സ്ഥലത്ത് നിന്നും തയ്യാറാക്കിയ വീഡിയോ റിപ്പോര്‍ട്ട്. അലോസരപ്പെടുത്തുന്ന സീനുകള്‍ ഉള്ള ഈ വീഡിയോ മനക്കരുത്തുള്‍ളവര്‍ മാത്രം കാണുക. Video credits: VICE