ഹൃദയ സ്തംഭനം വരാതിരിക്കാന്‍

0

ദിവസേന മണിക്കൂറില്‍ മൂന്നു കിലോമീറ്റര്‍ ദൂരം നടക്കുന്നത്, ഹൃദയ സ്തംഭനം വരാതിരിക്കാന്‍ സഹായിക്കുന്നു എന്ന് യു. എസ് ഹൃദയാരോഗ്യ ഗവേഷകരുടെ പുതിയ പഠനത്തില്‍.

ജീവിതത്തിലെ ചെറിയ ചെറിയ അശ്രദ്ധകള്‍ വലിയ വിപത്തുകള്‍ വിളിച്ചു വരുത്തും. അതുപോലെ ജീവിതത്തില്‍ ചെയ്യാവുന്ന ചെറിയ നല്ല നല്ല പ്രവര്‍ത്തികള്‍ ശീലമാക്കി മാറ്റുമ്പോള്‍ അത് ഭാവിയില്‍ വരാനിരിക്കുന്ന പല ആപത്തുകളെയും ഇല്ലാതാക്കും. സുഖകരവും, സന്തോഷം നിറഞ്ഞതുമായ ജീവിതത്തിനു അത്യാവശ്യം വേണ്ട ഒന്നാണ് ആരോഗ്യം. ശരിയായ ഭക്ഷണ ശീലം, വ്യായാമം, മാനസികമായ സന്തോഷം ഇതൊക്കെ ആരോഗ്യവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. ഒരു പ്രായമെത്തിയാല്‍ ആരോഗ്യ കാര്‍യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്, പ്രത്യേകിച്ചും ഹൃദയത്തിന്‍റെ. പ്രായമാകും തോറും ഹൃദയ രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ ഏറെയാണ്‌.

ഹൃദയമാണ് ശരീരത്തില്‍ എല്ലാ ഭാഗങ്ങളിലേക്കും ആവശ്യമായ രക്തം നല്‍കുന്നത്. ഇങ്ങിനെ എത്തിച്ചേരുന്ന രക്തം വഴിയാണ് ശരീരത്തിന് ആവശ്യമായ ഓക്സിജന്‍, പോഷക ഘടകങ്ങള്‍ മുതലായവ ലഭിക്കുന്നത്. ശരീര കോശങ്ങളില്‍ രക്തം എത്തി ചേര്‍ന്നാലേ ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. മസിലുകള്‍ ദുര്‍ബലമാകുകയും,ഹൃദയത്തിനു വേണ്ട തോതില്‍ രക്തം ശരീര ഭാഗങ്ങളിലേക്ക് പമ്പ്  ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് ഹൃദയ സ്തംഭനം അല്ലെങ്കില്‍ ഹൃദയാഘാതം ഉണ്ടാകുന്നത്.

പ്രായമായവരില്‍ ആണ് കൂടുതലും ഹൃദയാഘാതം ഉണ്ടാകുന്നത്. തെറ്റായ ജീവിത ചര്‍യ, ഭക്ഷണ രീതി, വ്യായാമമില്ലായ്മ, മാനസിക സംഘര്‍ഷം, പ്രമേഹം, ഹൈ ബ്ലഡ്‌ പ്രഷര്‍, കൊളസ്ട്രോള്‍, അനീമിയ, സോഡിയം കുറയുന്നത്, തൈറോയിഡ് ഗ്രന്ഥിയുടെ തകരാറ്, ഉറക്കക്കുറവ് ഇതൊക്കെ ഹൃദയാഘാതം വരാന്‍ ഇടയാക്കുന്നു.

ദിവസേന മണിക്കൂറില്‍ മൂന്ന് കിലോമീറ്ററോളം നടക്കുന്നത് ഹൃദയാഘാതത്തെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു എന്ന് യു. എസിലെ ഹൃദയ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു. മുതിര്‍ന്ന 4500 പേരുടെ ജീവിത രീതി 20 വര്‍ഷത്തോളം നിരീക്ഷിച്ചാണ് ഇക്കാര്യം  കണ്ടെത്തിയത്. കൂടാതെ പുകവലി ഒഴിവാക്കുന്നതും, അമിത വണ്ണം ഉണ്ടാകാതെ നോക്കുന്നതും, മദ്യപാനം ഒഴിവാക്കുക അല്ലെങ്കില്‍ മിതത്വം പാലിക്കുക എന്നതും, ഹൃദയാഘാതം വരാതിരിക്കാന്‍ സഹായിക്കുന്നു.

ഭക്ഷണ ക്രമം, നടത്തം, വ്യായാമം, വിനോദ പ്രവര്‍ത്തികള്‍, വണ്ണം, തൂക്കം, മദ്യപാനം, പുകവലിക്കുന്ന ശീലം ഇവയൊക്കെ ചോദിച്ചു മനസ്സിലാക്കിയും, അതിനു വേണ്ട ഫിസിക്കല്‍ ടെസ്റ്റുകള്‍ ചെയ്തുമാണ് പഠനം നടത്തിയത്. നടത്തം ശീലമാക്കിയവരില്‍ ഹൃദയ സ്തംഭനം വരാനുള്ള സാധ്യത വളരെ ചുരുക്കം എന്നാണ് ഇവര്‍ കണ്ടെത്തിയത്.

ഹൃദയത്തിനു വേണ്ട തോതില്‍ രക്തം പമ്പ് ചെയ്യാന്‍ കഴിയാനാകാത്ത അവസ്ഥ, ഹാര്‍ട്ട്‌ ബ്ലോക്ക്‌, വാല്‍വുകളില്‍ തകരാറുകള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവരും, മുന്‍പു അറ്റാക്ക് ഉണ്ടായവരും പ്രത്യേകം ചികിത്സ നേടേണ്ടതും, ശ്രദ്ധിക്കേണ്ടതുമാണ്. നെഞ്ച് വേദന, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, തളര്‍ച്ച, തലകറക്കം, താടി, തോള്‍ ഇവിടങ്ങളില്‍ അകാരണമായ വേദന ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ  വിദഗ്ദ്ധ ചികിത്സ നേടണം.

" ചെറു വ്യായാമം ചെയ്യുന്നതും, ശരീര ഭാരം ശരിയായ അളവില്‍ നിയന്ത്രിക്കുന്നതും, ശരിയായ ഭക്ഷണ രീതി ശീലിക്കുന്നതും, പുകവലിക്കാതിരിക്കുന്നതും, മുതിര്‍ന്നവരില്‍ ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാര്‍ഡിയോ വാസ്കുലര്‍ ഡിസീസസ്, ടൈപ് 2 ഡയബറ്റിക് രോഗികള്‍, ക്രോണിക് അസുഖങ്ങള്‍ ഉള്ളവര്‍ വ്യായാമത്തോടൊപ്പം ഭക്ഷണ കാര്‍യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്". ടഫ്റ്റ്സ് യൂണിവേര്‍സിറ്റി ഗവേഷക ലയണ ഡെല്‍ പറഞ്ഞു.

ഗവേഷണത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ 'ഹാര്‍ട്ട് ഫെയിലിയര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.