പലായനങ്ങള്‍

0

"ഞങ്ങള്‍ക്കും ജീവിക്കണം, ഞങ്ങള്‍ക്കും കുടുംബമുണ്ട്, കുട്ടികളുണ്ട്…" ഒരു കൂട്ടം അഭയാര്‍ത്ഥികളുടെ ദീന രോദനം ഉയരുകയാണ്. തല ചായ്ക്കാനിടമില്ലാതെ, വിശപ്പടക്കാന്‍ വകയില്ലാതെ അവര്‍ അലയുകയാണ്, അഭയം തേടുകയാണ്. ഇത് ഒരു കഥയല്ല, ജീവിത യാഥാര്‍ത്ഥ്യം.

ഇതിന്‍റെ പുതിയ കാഴ്ചയാണ് അയ്ലാന്‍ എന്ന പിഞ്ചു ബാലന്‍റെ ജീവനറ്റ ശരീരം കരയ്ക്കടിഞ്ഞ കരളലിയിക്കുന്ന ചിത്രം. ഗ്രീസിലേക്ക്  സിറിയന്‍ സ്വദേശരുമായി പുറപ്പെട്ട ബോട്ട് മുങ്ങിയാണ് അയ്ലാന്‍ കര്‍ദി എന്ന പിഞ്ചു ബാലന്‍ മരണപ്പെട്ടത്. ചുകപ്പു ടി ഷര്‍ട്ട്, നീല ഷോര്‍ട്സ്  ധരിച്ച മൂന്നു വയസ്സ് പ്രായം വരുന്ന കുഞ്ഞിന്‍റെ കമഴ്ന്നു കിടന്ന ശരീരം ടര്‍ക്കിയിലെ ബീച്ചിലാണ് കാണപ്പെട്ടത്. അയ്ലാന്‍റെ കൂടെ അമ്മയും, സഹോദരനും കടലില്‍ പെട്ടു എന്ന് അയ്ലാന്‍റെ പിതാവ് പത്ര മാധ്യമങ്ങളോട്  പറഞ്ഞു. "എന്‍റെ മക്കള്‍ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കുട്ടികള്‍ ആയിരുന്നു. എന്നും എഴുന്നേറ്റാല്‍ ഉടന്‍ എനിക്കൊപ്പം കളിക്കുമായിരുന്നു അവര്‍, ഇപ്പോള്‍ എല്ലാം നഷ്ടമായി. ഭാര്യയെയും മക്കളെയും ചേര്‍ത്ത് പിടിച്ചിട്ടും വലിയ തിരമാലകള്‍ക്കിടയില്‍ അവരെ രക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല" എന്ന് പറഞ്ഞു അബ്ദുള്ള കര്‍ദി തേങ്ങി.

ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സിറിയയിലെ കൊബനി നഗരത്തില്‍ നിന്നും അഭയം തേടി ടര്‍ക്കിയില്‍ എത്തിയവരായിരുന്നു ഇവര്‍.

കുടുംബം കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുകയായിരുന്നു എന്നും, ഇവര്‍ക്ക് അധികൃതര്‍ അകാരണമായി വിസ നിരോധിച്ചിരുന്നു എന്നും ഉള്ള വാര്‍ത്തകള്‍ ഇമിഗ്രേഷന്‍ മിനിസ്ട്രി നിഷേധിച്ചു.

പിഞ്ചു കുഞ്ഞിന്‍റെ ജീവനറ്റ ശരീരം ഇനിയെങ്കിലും അധികൃതരുടെയും, കലാപകാരികളുടെയും കണ്ണ് തുറപ്പിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.