സിംഗപ്പൂരിന്റെ ആറ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി ആകാശത്തേക്ക്

0
 
[Photo courtesy: http://www.vssc.gov.in]
ഐഎസ്ആര്‍ഒ വീണ്ടും വാണിജ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. സിംഗപ്പൂരിന്റെ ആറ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി ആകാശത്തേക്ക് കുതിക്കും. ഡിസംബര്‍ മധ്യത്തോടെയാണ് വിക്ഷേപണം. വര്‍ഷാന്ത്യത്തില്‍ സിംഗപ്പൂരില്‍ മേഘാവൃത അന്തരീക്ഷമായിരിക്കും. അതിനാലാണ് ഇന്ത്യയില്‍നിന്ന് വിക്ഷേപണത്തിന് സിംഗപ്പൂര്‍ തയ്യാറായത്.
 
ഭൂമധ്യരേഖയ്ക്ക് സമാനമായ പഥത്തിലൂടെയാവും റിമോട്ട് സെന്‍സറിംഗ് ഉപഗ്രഹത്തിന്റെ യാത്ര.  ഭൂമിയില്‍ നിന്നും 550 കിലോ മീറ്റര്‍ ഉയരത്തിലാവും ഉപഗ്രഹങ്ങളുടെ ഭ്രമണപഥമെന്നും ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ അധ്യക്ഷയും എംഡിയുമായ വിഎസ് ഹെഗ്‌ഡെ പറഞ്ഞു.500 കിലോഗ്രാം ഭാരം വരുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ഉള്‍പ്പടെയാണ് പിഎസ്എല്‍വി കുതിക്കുന്നത്.
 
ഭൂമിയുടെ ഒരുമീറ്റര്‍ വരെ അടുത്ത് വ്യക്തതയുള്ള ഇലക്ട്രോ ഒപ്റ്റിക്കല്‍ കാമറ ഉള്‍പ്പെടുന്ന ഉപഗ്രഹവും വിക്ഷേപിക്കും. ദുരന്ത നിവാരണം, വന നിരീക്ഷണം, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, സമുദ്ര നിരീക്ഷണം, നഗരാസൂത്രണം, സുരക്ഷ തുടങ്ങിയവയ്ക്ക് പ്രാദാന്യം നല്‍കുന്നതാവും ഉപഗ്രഹം. 2016 അവസാനം ജര്‍മ്മന്‍ സ്‌പേസ് ഏജന്‍സിയുടെ എന്‍മാപ്പ് എന്ന ഉപഗ്രഹവും ഐഎസ്ആര്‍ഒ വിക്ഷേപിക്കും. 900 കിലോഗ്രാം ഭാരമുള്ളതാണ് എന്‍മാപ്പ്. കമ്മ്യൂണിക്കേഷന്‍, റിമോട്ട് സെന്‍സിംഗ് ആവശ്യങ്ങള്‍ക്കായി അമേരിക്ക, ജപ്പാന്‍, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ 23 ഉപഗ്രഹങ്ങളാണ് ഇതുവരെ വിക്ഷേപിച്ചത്.