കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് 2999 രൂപയ്ക്ക് നേരിട്ടുള്ള സര്‍വീസുകളുമായി എയര്‍ഏഷ്യ

0
കൊച്ചി :  കേരളത്തിലെ വിനോദയാത്രക്കാരുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തായ് എയര്‍ ഏഷ്യ കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ചു .കൊച്ചിയില്‍ നിന്ന് തായ് ലാന്‍ഡിലേക്കുള്ള നേരിട്ടുള്ള വിമാനസര്‍വീസിനായി സിയാല്‍ വളരെ നാളുകളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു .കൊച്ചിയില്‍ നിന്ന് വെറും 2999 രൂപയ്ക്ക് ബാങ്കോക്കിലേക്ക് പറക്കാനുള്ള ഓഫരാണ് എയര്‍ഏഷ്യ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.6700 രൂപയ്ക്ക് റിട്ടേണ്‍ ടിക്കറ്റുകളും ലഭ്യമാണ് .മെയ് 17-നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യസര്‍വീസ് ആരംഭിക്കുന്നത് .കേരളത്തില്‍ നിന്ന് തായ് ലാന്‍ഡിലേക്കുള്ള നേരിട്ടുള്ള ആദ്യ വിമാനസര്‍വീസാണിത്.ചെന്നൈ ,കൊലാലമ്പൂര്‍ എന്നീ സ്ഥലങ്ങള്‍ വഴിയാണ് ഇതിനുമുന്‍പ് യാത്രക്കാര്‍ തായ് ലാന്‍ഡ് സന്ദര്‍ശിച്ചിരുന്നത് .
 
ഇതോടെ സിംഗപ്പൂരിലുള്ള പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ബാങ്കോക്ക് വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യാനാകും .നിലവില്‍ കുറഞ്ഞ നിരക്കിനായി കൊളംബോ ,കൊലാലമ്പൂര്‍ എന്നീ നഗരങ്ങളിലൂടെയാണ് കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത്.നേരിട്ടുള്ള വിമാനടിക്കറ്റുകള്‍ അമിതനിരക്ക് ഈടാക്കുമ്പോഴാണ് ഇത്തരത്തില്‍ കണക്ഷന്‍ സര്‍വീസുകളെ ആശ്രയിക്കേണ്ടി വരുന്നത് .
 
ഇന്ത്യ വളരെ പ്രധാന വിപണിയാണെന്നും കൊച്ചിയില്‍ നിന്നു ബാങ്കോക്കിലേക്കും പുറത്തേക്കും വ്യോമഗതാഗതം സജ്ജമാക്കുന്നതില്‍ തങ്ങള്‍ വളരെ ശ്രദ്ധിക്കുന്നുണ്ടെന്നും തായ് എയര്‍ ഏഷ്യ സിഇഒ തസപോന്‍ ബിജ്‌ലെവെല്‍ഡ് പറഞ്ഞു.കൊച്ചിയില്‍ നിന്നും ബാങ്കോക്കിലേക്ക് നേരിട്ടുളള ആദ്യ ഫ്‌ളൈറ്റ് നാലു മണിക്കൂര്‍ കൊണ്ട് ബാങ്കോക്കിലെത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ രാജ്യത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുമെന്നതിലും സന്തോഷമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.തായ് എയര്‍ ഏഷ്യ നിലവില്‍ ചെന്നൈ ,ബംഗളൂരു എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ആഴ്ചയില്‍ 5 സര്‍വീസുകള്‍ വീതം നടത്തുന്നുണ്ട് .കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ 7 സര്‍വീസുകള്‍ ഉണ്ടാകും .
 
ബാങ്കോക്ക് എന്നതിലുപരി തായ്‌ലന്റിലെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കാനും തായ് എയര്‍ ഏഷ്യയ്ക്ക് സാധിക്കും. ഫുകെറ്റിലെയും ക്രാബിലെയും ലോകപ്രശസ്ത ബീച്ചുകളും വടക്കേ തായ്‌ലന്റിലെ ഹരിതാഭമായ പാറക്കൂട്ടങ്ങളും ചിയാങ് റായ്യുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര കേന്ദ്രങ്ങളായ ഹോങ്കോങ്, ഹോ ചി മിന്‍ സിറ്റി, ഹനോയ്, സിയെം റീപ്, മ്യാന്‍മര്‍, മന്‍ഡലായ്, ലുവാങ് പ്രബാങ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വളരെ വേഗം എത്താനാവും.
 
85% യാത്രക്കാരെ ഓരോ വിമാനത്തിലും ലഭിക്കുമെന്ന പ്രത്യാശ എയര്‍ ഏഷ്യ പ്രകടിപ്പിക്കുന്നുണ്ട് .ആവശ്യകത അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുവാനും എയര്‍ ഏഷ്യ സന്നദ്ധമാണ് എന്ന് അറിയിച്ചു .ഇതോടെ എയര്‍ ഏഷ്യയുടെ വിവിധ ഭാഗങ്ങളായ മലേഷ്യന്‍ എയര്‍ഏഷ്യ , തായ് എയര്‍ ഏഷ്യ ,എയര്‍ ഏഷ്യ ഇന്ത്യ എന്നീ എല്ലാ കമ്പനികളും കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുമെന്നത് കൊച്ചി എയര്‍പോര്‍ട്ടിന്റെ അനന്തസാധ്യത ഉയര്‍ത്തിക്കാട്ടുകയാണ് .
 
2015ല്‍ 1,069,149 ഇന്ത്യന്‍ യാത്രികരാണ് തായ്‌ലന്റ് സന്ദര്‍ശിച്ചത്. സ്വാദിഷ്ടമായ തായ് വിഭവങ്ങളെക്കൂടാതെ തായ് ഹോസ്പിറ്റലുകളും രാജ്യത്തുണ്ട്. ബാങ്കോങിലെ ഷോപ്പിംഗ് മാളുകള്‍, രാത്രി ജീവിതം, ബീച്ചുകള്‍, മനോഹരമായ പ്രകൃതി, പച്ചപ്പ് നിറഞ്ഞ പാറക്കൂട്ടങ്ങള്‍ എന്നിവയെല്ലാം സഞ്ചാരികളെ ആകരഷിക്കുന്നവയാണ്.കേരളത്തിലെ ജനങ്ങളുടെ വര്‍ധിച്ചുവരുന്ന സഞ്ചാരപ്രേമവും , മലയാള സിനിമകള്‍ വിദേശ ടൂറിസ്റ്റ് രാജ്യങ്ങളില്‍ കൂടുതലായി ഷൂട്ടിംഗ് ചെയ്യുന്നതും പുതിയ സര്‍വീസിനു മുതല്‍ക്കൂട്ടാകും .