ഉപഗ്രഹ വിക്ഷേപണത്തില്‍ ഇന്ത്യ ചരിത്രം കുറിയ്ക്കാന്‍ തയ്യാറെടുക്കുന്നു.

0

അമേരിക്ക, ജര്‍മ്മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടേത് അടക്കം 22 സാറ്റലൈറ്റുകള്‍ ഒറ്റ ഉദ്യമത്തില്‍ വിക്ഷേപിക്കുവാന്‍ ISRO തയ്യാറെടുക്കുന്നു. വരുന്ന മേയ് മാസമാണ് മൈക്രോ, നാനോ സാറ്റലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള 22 സാറ്റലൈറ്റുകള്‍ PSLV c-34 റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കുക.

ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ഓര്‍ബിറ്റില്‍ എത്തിച്ചത് നാസയാണ്, 2013 ല്‍ 29 സാറ്റലൈറ്റുകള്‍. ISRO പത്ത് സാറ്റലൈറ്റുകള്‍ ഒരുമിച്ച് വിക്ഷേപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഇരട്ടിയിലധികം സാറ്റലൈറ്റുകളെ ഒരുമിച്ചു ഒരു റോക്കറ്റില്‍ ഓര്‍ബിറ്റില്‍ എത്തിക്കുന്നത് ആദ്യമായാണ്. ഉപഗ്രഹ വിക്ഷേപണത്തില്‍ ഇത് ഇന്ത്യയുടെ വന്‍ നേട്ടമായിരിക്കും.

ഇന്ത്യയുടെ Cartosat 2C യ്ക്കൊപ്പം 85 മുതല്‍ 130 kg വരെ വരുന്ന നാല് മൈക്രോ സാറ്റലൈറ്റുകളും, 4 മുതല്‍ 30 kg വരെ വരുന്ന 17 നാനോ സാറ്റലൈറ്റുകളുമാണ്  സതിഷ് ധവാന്‍ സ്പേസ് സെന്റര്‍റില്‍ വച്ച് മേയ് മാസം വിക്ഷേപിക്കുക. വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ K. ശിവന്‍ പറഞ്ഞു. യു. എസ്. എ യുടെ SKYSAT Gen 2-1, ജര്‍മ്മനിയുടെ BIROS, ഇന്തോനേഷ്യയുടെ LAPAN A3, കാനഡയുടെ M3MSat COM DEV കൂടാതെ സത്യഭാമ യൂണിവേര്‍സിറ്റിയില്‍ നിന്നും, പൂനെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും നാനോ സാറ്റലൈറ്റുകളും ഉണ്ടാകും.

നാവിഗേഷന്‍ സാറ്റലൈറ്റിന്റെ (IRNSS) ഏഴാമത് ഉപഗ്രഹ വിക്ഷേപണവും, റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍( RLV-TD) പരീക്ഷണ വിക്ഷേപണവും ആണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ രണ്ടു മാസങ്ങള്‍ക്കുള്ളിലെ മറ്റു ദൗത്യങ്ങള്‍.