സമൂഹത്തില്‍ നന്‍മയുടെ ഉറവകള്‍ വറ്റിയിട്ടില്ല.

0


അത് അങ്ങനയാണ് അനാഥത്വത്തിന്‍റെ കയ്പു നീര്‍ ഒരിക്കല്‍ കുടിച്ചാല്‍ പിന്നെ മറ്റൊരാളെയും ആ ഒഴിവാക്കപ്പെടലുകളുടെ ലോകത്തേക്ക് തള്ളി വിടാന്‍ ആവില്ല. അതുകൊണ്ടാണല്ലോ അനാഥത്വത്തിന്‍റെ ലോകത്ത് ജനിച്ച അജിത കുമാരി ഉറ്റവര്‍ ഉപേക്ഷിച്ച ഭാസ്കരന് തുണയായത്. കതകുപോലും ഇല്ലാത്ത അജിതയുടെ കൂര്‍ക്കഞ്ചേരി ആലും വെട്ടുവഴി വാട്ടര്‍ ടാങ്കിനു സമീപത്തെ കുടിലില്‍ ഇപ്പോള്‍ ഭാസ്കരന്‍ അനാഥനല്ലാതെ കഴിയുന്നു. ഒപ്പം അജിതയും. ഇവര്‍ തമ്മില്‍ രക്ത ബന്ധമില്ല, അതിനും അപ്പുറത്തേയ്ക്ക് മനുഷ്യത്വത്തിന്‍റെ ഒരു വിവരിക്കാനാകാത്ത ഒരു ബന്ധത്തിന്‍റെ തണലിലാണ് ഇരുവരും ഇപ്പോള്‍.  
ബലൂണ്‍ വില്‍പ്പനക്കാരനായ ഭാസ്കരന്‍ ഭാര്യ മരിച്ചതോടെയാണ് ഒറ്റയ്ക്കാവുന്നത്. ഏക മകന്‍ നോക്കാതെയായപ്പോള്‍ തീര്‍ത്തും ഒറ്റയ്ക്കായി. ഈ സമയം പുറമ്പോക്കിലെ വീടുകളില്‍ മാറിമാറി താമസിക്കുകയായിരുന്നു അജിത. ഭാസ്കരനെ കുറിച്ച് അറിഞ്ഞതോടെ ഇദ്ദേഹത്തെ അടച്ചുറപ്പില്ലാത്ത വീട്ടിലേക്കാണെങ്കിലും അജിത കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇപ്പോള്‍ ഭാസ്കരന്‍റെ പ്രാഥമിക കാര്യങ്ങളില്‍ പോലും സഹായിക്കുന്നത് അജിതയാണ്.
ഇപ്പോള്‍ തീരെ വയ്യാതായപ്പോള്‍ ക്ലിനിക്കിലെ ശുചീകരണ ജോലി വേണ്ടെന്നു വച്ചു മുഴുവന്‍ സമയവും ഭാസ്കരനോടൊപ്പമാണ് അജിത . മഴ തുടങ്ങിയതോടെ ഈ കുടില്‍ ചോര്‍ന്നോലിച്ചു തുടങ്ങി. രാത്രിയാകുമ്പോള്‍ കതകിന്‍റെ ഭാഗത്ത് തുണിയിട്ട് മറച്ച പാത്രങ്ങള്‍ നിരത്തി വയ്ക്കും. ജിഷമാരുടെ ലോകത്ത് അ‍ടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്നതിന്‍റെ പേടി അജിതയ്ക്കുണ്ട്.

ക്ഷേമ പെന്‍ഷനൊന്നും ഭാസ്കരന് ഇല്ലാത്തതുകൊണ്ട് ഓരോ ദിവസവും മുന്നോട്ട് കൊണ്ട്പോകാന്‍ കഷ്ടപ്പെടുകയാണ് ഇവരിപ്പോള്‍ നഗരസഭയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇരുവര്‍ക്കും ഒന്നര സെന്‍റ് അനുവദിച്ചു കിട്ടിയിട്ടുണ്ട്. എന്നാല്‍ അന്നന്നത്തെ ചിലവിനു പോലും കഷ്ടപ്പെടുന്ന ഇവര്‍ക്ക് സ്വപ്നങ്ങളില്‍ പോലും ചിന്തിക്കാനാകാത്ത കാര്യമായി വീട് എന്ന സ്വപ്നം അവശേഷിക്കുന്നു.

ഭാസ്കരനെ ഒറ്റയ്ക്കാക്കി ജോലിപോകാന്‍ അജിതയ്ക്കും മടിയാണ്. തയ്ക്കാനറിയാം അജിതയ്ക്ക്. ഒരു തയ്യല്‍ മിഷ്യന്‍ അത് മാത്രമാണ് അജിതയുടെ ഇപ്പോഴത്തെ ലക്ഷ്യം. വീട്ടിലിരുന്നാലും അപ്പോള്‍ ഭാസ്കരന്‍റെ കാര്യങ്ങള്‍ നോക്കാനാവും എന്നാണ് അജിത പറയുന്നത്.