ഇന്ത്യയുടെ ആദ്യത്തെ മാരുതി 800 സ്വന്തമാക്കണമെന്ന ആഗ്രഹവുമായ് മെഗാ സ്റ്റാര്‍ മമ്മൂട്ടി

0

ഇന്ത്യയിലെ ആദ്യത്തെ മാരുതി 800,  ഉടമയുടെ വീടിനു പുറത്തുള്ള പുല്ലില്‍  തുരുമ്പ് പിടിച്ച നിലയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് അറിഞ്ഞാണ്, വാഹന ചരിത്രത്തില്‍ ഇടം പിടിച്ച ഈ അമൂല്യ നിധി സ്വന്തമാക്കാന്‍, ബി എം ഡബ്ല്യു, ജാഗ്വര്‍ തുടങ്ങി നിരവധി കാറുകള്‍ സ്വന്തമായുള്ള സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ആഗ്രഹം പ്രകടിപ്പിച്ചത്.

2010 ല്‍ ഉടമ ഹര്‍പലും, രണ്ട് വര്‍ഷത്തിനു ശേഷം ഭാര്യയും മരിച്ചപ്പോള്‍ മുതല്‍ മകളാണ് കാര്‍ നോക്കുന്നത്. കുട്ടികള്‍ ഓടിച്ചു കളിച്ചിരുന്ന മാരുതി ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. ഇത് പുതുക്കിയെടുത്തു സംരക്ഷിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. ഒരു പക്ഷെ അടുത്ത തലമുറകള്‍ക്ക് ഓര്‍മ്മിക്കാനായ് വേണ്ടിയെങ്കിലും ഈ ചരിത്ര വസ്തു സംരക്ഷിക്കപ്പെടേണ്ടതാണെന്നു അദ്ദേഹം പറഞ്ഞു. താരത്തിന്റെ ആദ്യ കാറായ മാരുതി 800 മറ്റു കാറുകള്‍ക്കൊപ്പം അദ്ദേഹം ഇപ്പോഴും കാത്തു സൂക്ഷിച്ചിട്ടുണ്ട്.

1983 ഡിസംബര്‍ 14 ന് ഡല്‍ഹിയില്‍ രാജീവ് ഗാന്ധിയും മറ്റു പ്രമുഖരും പങ്കെടുത്ത വിപുലമായ ചടങ്ങില്‍ മുന്‍ പ്രധാന മന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയുടെ കൈയ്യില്‍നിന്നും ആദ്യത്തെ മാരുതി 800 ന്റെ താക്കോല്‍, ആദ്യ ഉടമാവകാശം നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയ ഇന്ത്യന്‍ എയര്‍ലൈന്‍ ഉദ്യോഗസ്ഥനായ ഹര്‍പല്‍ സിംഗ് ഏറ്റുവാങ്ങുമ്പോള്‍ ഇന്ത്യന്‍ ജനത അതിശയത്തോടെ ആ വാര്‍ത്ത വീക്ഷിക്കുകയായിരുന്നു. പിന്നീട് നിരവധി പേരുടെ മനം കവരുകയായിരുന്നു വളരെ എളുപ്പം കൈകാര്യം ചെയ്യാനാകുന്നതും . പരിപാലിക്കാന്‍ കഴിയുന്നതുമായ മാരുതി 800.

 ജനങ്ങള്‍ മാരുതി സുസുകിയുടെ മറ്റു മോഡലുകളും, മറ്റു കമ്പനി കാറുകളും സ്വന്തമാക്കാന്‍ തുടങ്ങിയപ്പോള്‍ മാരുതി 800 ന്റെ വില്പന കുറയുകയും, രണ്ടായിരത്തി പതിമൂന്നോടെ നിര്‍മ്മാണം പൂര്‍ണ്ണമായി നിര്‍ത്തലാക്കേണ്ടി വരികയും ചെയ്തു. ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ അംബാസിഡറിന് ശേഷം ഏറ്റവും കൂടുതല്‍ നിര്‍മ്മിച്ചത് മാരുതി 800 ആണ്.

താരത്തെ കൂടാതെ ക്വിസ് മാസ്റ്റര്‍ ഡറിക് ഒ. ബ്രിയെനും, ഹെറിറ്റെജ് ട്രാന്‍സ്പോര്‍ട്ട് മ്യൂസിയവും ആദ്യ മാരുതി വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.