പുതിയ നിയമം, ഒരു ഗംഭീര ത്രില്ലര്‍

0

തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു സസ്പെന്‍സ് ത്രില്ലര്‍ അതാണ് പുതിയ നിയമം. ചെയ്യാനിരുന്ന പല ചിത്രങ്ങളും മാറ്റിവച്ച് എന്തുകൊണ്ട് നയന്‍താരയും മമ്മൂട്ടിയും പുതിയ നിയമം എന്ന ചിത്രം തിരഞ്ഞെടുത്തു .അതിനും മാത്രം എന്താണ് ഈ കഥയില്‍ ഉള്ളത് എന്നൊക്കെ ഒരു സംശയമുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ മനസ്സിലായി, ഇത് പുതിയ നിയമം ആണ്. ഒരു സ്ത്രീക്ക് മുന്നില്‍ ഉണ്ടാക്കുന്ന വെല്ലുവിളികള്‍ അനവധി ആണെന്ന് ഈ പുതിയ നിയമം അരക്കിട്ടുറപ്പിക്കുന്നു.

2016ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ചിത്രമാണ് എ.കെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം. സിനിമയില്‍ പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ത്ത ചിത്രങ്ങള്‍ അപൂര്‍വം ആണ്. ദൃശ്യം അത്തരം ഒരു ചരിത്രമായിരുന്നു. എന്നാല്‍ ആ നിരയിലേക്ക് എത്തുകയാണ് ഇപ്പോ പുതിയ നിയമവും. കുടുംബചിത്രം  ആണെങ്കിലു൦ അവസാന നിമിഷം വരെ ശ്വാസമടക്കിപ്പിടിച്ച് കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു ഉജ്ജ്വല സിനിമ.

ലളിതമായി തുടങ്ങി ആദ്യ പകുതി പിന്നിടുമ്പോള്‍ ചിത്രം പ്രേക്ഷകനെ ജിജ്ഞാസയുടെ അങ്ങേ തലംവരെ കൊണ്ടെത്തിക്കുന്നു. കമ്മ്യൂണിസ്റ്റ് സഹയാത്രികനും അഭിഭാഷകനുമായ ലൂയിസ്‌ പോത്തനും ഭാര്യ വാസുകി അയ്യരും മകളും അടങ്ങുന്ന കുടുംബം‌.സന്തോഷം നിറഞ്ഞ അവരുടെ ജീവിതത്തില്‍ എവിടെയോ വെച്ച് വസുകിക്ക് ഒരു മാറ്റം.ഈ ദുരൂഹതയില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. വാസുകിയുടെ ഈ ദുരൂഹതയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം തേടിയുള്ള അന്വേഷണമാണ് ഈ സിനിമ. മമ്മൂട്ടി –നയന്‍താര ജോടികളുടെ തകര്‍പ്പന്‍ പ്രകടനം തന്നെ ആണ് ചിത്രത്തിന്‍റെ ഹൈ ലൈറ്റ് . ഒരു മമ്മൂട്ടിച്ചിത്ര൦ എന്ന ലേബലില്‍ നിന്നും അല്പം വ്യതിചലിച്ചുകൊണ്ട് ഒരു നയന്‍താര ചിത്രം എന്ന് കൂടി പറഞ്ഞു  പോകുന്ന സിനിമ തന്നെ ആണ് പുതിയ നിയമം. വാസുകി അയ്യര്‍ എന്ന കഥാപാത്രത്തിനോട് നയന്‍താര അത്ര മാത്രം നീതി പുലര്‍ത്തിയിട്ടുണ്ട്. നയന്‍താരയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് വാസുകി അയ്യര്‍ എന്ന് പറയാം.നയന്‍താര ആദ്യമായി മലയാളത്തില്‍ ഡബ് ചെയ്തു എന്ന പ്രതേകതയും ചിത്രത്തിനുണ്ട് .ഷീലു ഏബ്രഹാം, രചന നാരായണന്‍‌കുട്ടി, എസ് എന്‍ സ്വാമി, സോഹന്‍ലാല്‍, ബേബി അനന്യ എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.  കനിമണി എന്ന രചന നാരായണന്‍കുട്ടി അവതരിപിച്ച കഥാപാത്രം രചനയുടെ സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രം ആകും എന്ന് തന്നെ കരുതാം.

 ഒരു സസ്പന്‍സോടെ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ഒരുപാട് സംശയങ്ങളുണ്ടാവും. പക്ഷെ അതിന്‍റെ ഓരോന്നിന്‍റെയും ചുരുളുകള്‍ അഴിക്കുന്നതാണ് രണ്ടാം പകുതി. അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലേക്കാണ് രണ്ടാം പകുതി പ്രേക്ഷകനെ കൊണ്ട്  പോകുന്നത്. എങ്കിലും ഇടക്ക് എവിടെയോ അവതരണത്തില്‍ ഒരു പോരായ്മ നിഴലിക്കുന്നുണ്ട്.പക്ഷെ ഏറ്റവും മികച്ച അവതരണത്തിലൂടെ കഥ പിന്നീട് ഒരു കിടിലന്‍ ത്രില്ലറായി മാറുന്നു. ഒടുവില്‍ ഗംഭീര ക്ലൈമാക്‌സോടെ പരിസമാപ്തി.

നവാഗതന്‍ റോബി വര്‍ഗീസിന്‍റെ ഛായാഗ്രഹണം ഗംഭീരമാണ്. ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിനു തോമസ് ആണ്. ടൈറ്റില്‍ ഗാനം അതിമനോഹരം.വിവേക് ഹര്‍ഷന്‍റെ എഡിറ്റിങും എടുത്തു പറയേണ്ടതാണ്. ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡിന് യോജിച്ചു നിന്നു.എങ്കിലും കുറച്ചു കൂടി പുതുമകള്‍ ആകാമായിരുന്നോ എന്ന് ഒന്ന് സംശയിക്കാം.

അഭിനയ മികവുകൊണ്ടും അവതരണശൈലി കൊണ്ടും വേറിട്ട്‌ നില്‍കുന്ന രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പുതിയ നിയമം ഒരു പ്രതികാരത്തിന്‍റെ കഥ ആണ്.സാധാരണക്കാരന് വേണ്ടി എഴുതപ്പെടുന്ന ഒരു പുതിയ നിയമം.വ്യത്യസ്തമായ പ്രമേയം തേടുന്ന മലയാളീ പ്രേക്ഷകനെ പുതിയ നിയമം ഒട്ടും നിരാശപ്പെടുത്തില്ല.